Saturday

പങ്ക്.

കാലത്തെ ഓഫീസ് അങ്കത്തിനുള്ള പുറപ്പാടില്‍ ഫോണിന്റെ കരച്ചില്‍.ആരാവും ?

"മാഡം , സാര്‍ ഇറുക്കാ" എന്ന് ചേട്ടന്റെ കുളിയുടെ സമയത്തു, കൃത്യമായി അന്വേഷിക്കുന്ന തമിഴനോ?
"റസാക്കിനു കാശു കൊടുത്തൊ ?" എന്നു സ്ഥിരം അന്വേഷിക്കുന്ന റോങ്ങ് നമ്പറോ ?
("ഭരണഘടനയില്‍ ഏതു വിഭാഗത്തിലാണു റസാക്കിനു ഞങ്ങള്‍ കാശ് കൊടുക്കാന്‍ പറഞ്ഞിട്ടുള്ളതു ?"എന്ന ചേട്ടന്റെ ചോദ്യം പോലും അയാളെ തളര്‍ത്തിയിരുന്നില്ല)
രണ്ടാം ക്ലാസുകാരന്റെ ആരാധികമാരായ ആതിരയോ,അതോ പവിത്രയോ?
"ചെച്ച്യേ , ചീര വേണൊ" എന്നു ഫോണില്‍ അന്വേഷിക്കുന്ന അയലത്തുകാരിയോ?

ഈ "ഐതു കസിന്‍സില്‍" ആരെങ്കിലും ആവുമൊ ഇതു?

എന്തായാലും ഇതു ആര്യപുത്രന്‍ കൈകാര്യം ചെയ്യുന്നതാവും ഉചിതം എന്നു ഭാവിച്ച് നില്‍ക്കുമ്പോള്‍
മുകളില്‍ നിന്നും ഉത്തരവ്. അതു കൈപ്പറ്റി നേരെ ഫോണിനടുത്തേക്ക്.

"ഹലോ"
"മോളെ"
(ആങ്ങളയാണ്. ഈ പ്രായത്തിലും മോളെ എന്നു വിളിക്കണമെങ്കിലേ)

"ആ , എന്താ ചേട്ടായി ?"
"എന്റെ വണ്ടി വര്‍ക്ക് ഷോപ്പിലാ. നാട്ടില്‍ പോകാന്‍, വണ്ടി ഒന്നു വേണം . വൈകുന്നേരം ഞാന്‍ വരാം"
"വണ്ടിക്കെന്തോ ചെറിയ പണി ഉണ്ടെന്നു പറയുന്ന കേട്ടു. അതു സാരമില്ല നിങ്ങള്‍ പോയി വന്നിട്ടാകാം"

ആങ്ങള നാട്ടില്‍ പോയാല്‍ , തിരികെ വരുമ്പോള്‍ അമ്മ കൊടുത്തു വിടുന്ന ഉപ്പേരി , പലഹാരങ്ങള്‍, ചക്ക, തേങ്ങ ,മാങ്ങ ,പഴം, ഓമക്കാ എന്നു വേണ്ട , വടക്കേപറമ്പു തന്നെ കാറില്‍ ഒഴുകി വരുന്നതു സ്വപ്നം കണ്ടു കൊണ്ടു ഞാന്‍ അങ്ങനെ നിന്നു.

വൈകുന്നെരം പറഞ്ഞപോലെ ആങ്ങള വന്നു.
"നിനക്കെന്തെങ്കിലും വേണോ ,നാട്ടീന്ന് ?"
"ഒന്നും വേണ്ട" എന്നു പറയാന്‍ വന്നെങ്കിലും , ഒന്നും മറക്കണ്ട എന്നേ അതു മനസ്സിലാക്കുകയുള്ളൂ എന്ന് അറിയാവുന്നതു കൊണ്ട് ഒരു "ഓ" ഇല്‍ കാര്യങ്ങള്‍ ഒതുക്കി.

നാട്ടില്‍ നിന്നും തിരിച്ചെത്തിയ ആങ്ങള മയില്‍വാഹനം സ്റ്റാന്റില്‍ പാര്‍ക് ചെയ്ത് വിട്ടിലേക്കും പോയി.

"ആ വണ്ടി വന്നോ എന്നാല്‍ കൈയ്യോടെ അതു നന്നാക്കാന്‍ കൊടുത്തേക്കാം ".വൈകുന്നേരം ഓഫീസില്‍ നിന്നെത്തിയ ചേട്ടന്‍
"അതില്‍ എന്തെങ്കിലും സാധനം ഉണ്ടോ എന്നു നോക്കൂ" വീടിന്റെ അകത്ത് രണ്ടുവയസ്സുകാരിക്കും രണ്ടാം ക്ലാസ്സുകാരനും ഇടയില്‍, ഹനുമാന്‍ ജമ്പ് കളിച്ചു കൊണ്ട് ഞാന്‍.

"ഇതാ നിന്റെ പങ്ക്." ഒരു പ്ലാസ്റ്റിക് ക്യാരി ബാഗില്‍, ചെറിയ എന്തോ ഒരു പോതി, ചേട്ടന്‍ മേശമേല്‍ വെച്ചു. എല്ലാം മൈക്രോ മിനി ആകുന്ന ഈ കാലത്തു, ഇതെല്ലാം കൂടി ,അമ്മ ഈ കുഞ്ഞിപൊതിയില്‍ ഒതുക്കിയോ ? ഞാന്‍ ഉദ്വേഗത്തൊടെ പൊതി തുറന്നു. നല്ല പഴുത്ത മൂന്നു പേരക്കകള്‍. "ആഹാ കൊള്ളാം." മൂന്നും പകുത്ത് കഴിച്ചതിനു ശേഷം ചേട്ടന്‍ വണ്ടിയുമായി പോയി.

വണ്ടി പണിക്കു കൊടുത്ത നാലാം ദിവസം വര്‍ക്ക് ഷോപ്പില്‍ നിന്നും വിളി വന്നു.
"മാഡം , സര്‍ ഉണ്ടോ അവിടെ? വണ്ടി റെഡിയായി . എപ്പോളാണ് വന്നെടുക്കുന്നത് എന്നറിയാന്‍ ആയിരുന്നു."
'ങെ. ഇവര്‍ ഇത്ര പെട്ടെന്ന് സേവന സന്നദ്ധരായോ?' പരിചയക്കാരായതു കൊണ്ടും, വണ്ടി പണിക്ക് കൊടുത്താല്‍ പിന്നെ ,പലതവണ അങ്ങോട്ട് വിളിച്ചാല്‍ മാത്രം ,പണിതീര്‍ക്കാന്‍ ശുഷ്കാന്തി കാണിക്കുന്നത് കൊണ്ടും എനിക്കു തെല്ല് ഒരു അത്ഭുതം തോന്നി.
വൈകുന്നേരം ചേട്ടന്‍ വന്നപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു.
"അവര്‍ എന്നേയും വിളിച്ചിരുന്നു. സമയമില്ലെങ്കില്‍ കൊണ്ടെ തരാം, എന്നു വരെ പറഞ്ഞു." ചേട്ടന്‍.
"സമയം വൈകിയതു കൊണ്ട് നാളെ ഞാന്‍ ചെന്ന് എടുത്തോളാം എന്ന് പറഞ്ഞു."

ഇടക്കിടെ അമ്മ വിളിച്ചു വെങ്കിലും, എന്തേ ഇത്തവണ തിരുവോണത്തോണി എത്താഞ്ഞതു എന്നു ഞാനോ ,ഒന്നും കൊടുത്തു വിടാന്‍ പറ്റിയില്ല എന്നു അമ്മയോ പറയുക ഉണ്ടായില്ല.

വൈകുന്നേരം ഓഫിസില്‍ നിന്നും നേരത്തെ വീട്ടില്‍ എത്തിയ ഞാന്‍, മക്കളുടെ വീരകൃത്യങ്ങളുടെ കണക്കുകള്‍ കേട്ടു നില്‍ക്കെ, നഗരസഭയുടെ മാലിന്യക്കൂമ്പാരം വഹിക്കുന്ന വണ്ടി കടന്നു പോയാലെന്നപോലെ ഒരു ഗന്ധം ശ്രദ്ധിച്ചു. കാലുള്ള എട്ടിന് കൃത്യം ബെല്‍ അടിച്ചു, "വേസ്റ്റ് "എന്നു നീട്ടി വിളിച്ചു ,കടന്നു പോകുന്ന കുടുംബശ്രീക്കാരെ ഒന്നു കൂ‍ടി മനസ്സില്‍ ധ്യാനിച്ചു." ഇന്നും അവര്‍ വന്നു പോയതാണല്ലോ?" എന്റെ ആത്മഗതം ഉറക്കെ ആയിപ്പോയി. ഞാന്‍ പുറത്തേക്കു നടന്നു. കൂടെ കുട്ടി പട്ടാളവും, ചേച്ചിയും.

നന്നാക്കിയ കാറും കൊണ്ട് ചേട്ടന്‍ എത്തിയിരിക്കുന്നു പുറത്ത്.
"ചേട്ടാ , ഇവിടെ എന്തൊ ഒരു മണം "
"ഉം." കാറില്‍ നിന്നിറങ്ങിയ ചേട്ടന്‍ പതിയെ വണ്ടിക്കു പുറകിലേക്കു നടന്നു. ഡിക്കി തുറന്നു.
അതിലേക്കു നോക്കിയ ഞാന്‍, അകത്തു ഭദ്രമായി ഇരിക്കുന്ന ,വീട്ടില്‍ നിന്നും കൊടുത്തയച്ച എന്റെ പങ്കു കണ്ടു ഞെട്ടി
ചേട്ടന്‍ ഓരോ കെട്ടായി പുറത്തെക്കെടുത്തു. ഉള്ളിലുള്ളവ ഏതവസ്ഥയിലാവും എന്നു ഊഹിക്കുമാറ്, ചാക്കിനുള്ളില്‍ നിന്നും ‘മിക്സെഡ് ഫ്രൂട്ട് ജ്യൂസ് ‘ പുറത്തേക്കൊഴുകിക്കൊണ്ടിരുന്നു.

മൂക്ക് എവിടെ എന്നു ചോദിച്ചാല്‍ , കൃത്യമായി നെറ്റി തൊട്ടു കാണിക്കുന്ന എന്റെ മോള്‍, ആദ്യം മൂക്കു പൊത്തി. ഗേറ്റിനരുകില്‍ കുഞ്ഞിനെ പേടിപ്പിക്കാന്‍ തക്കം പാര്‍ത്തു കിടന്നിരുന്ന ജിക്കി പട്ടി വാലും താഴ്തി ഓടിപ്പൊയി. അയലത്തെ പറമ്പില്‍ കെട്ടിയിരുന്ന് ആട് ,കിടന്നിടത്തു ഒന്നും അവശെഷിപ്പിക്കാതെ കുറ്റിയും പറിച്ച് ഓടി.

ഒരു കൈ കൊണ്ടു മൂക്ക് പൊത്തി, ഞാന്‍ പതിയെ കെട്ട് ഓരോന്നായി അഴിച്ചു. പഴുത്തു ചീഞ്ഞ ചക്കയും ഓമക്കയും മാങ്ങയും കടച്ചക്കയും ഒന്നും വേര്‍തിരിച്ചറിയാനാവാത്ത വിധം ദുര്‍ഗന്ധം പരത്തി അങ്ങനെ ചാക്കു കെട്ടുകളില്‍.വീട്ടില്‍ നിന്നും കൊടുത്തയച്ചപ്പോള്‍ ഐശ്വര്യ റോയിയെയും സുഷ്മിതസെന്നിനെയും തോല്‍പ്പിക്കുന്ന ഷേയ്പ്പോടെ ഇരുന്നവ, ഒരു തിരിച്ചറിയല്‍ പരേഡില്‍ പോലും തിരിച്ചറിയാനവാത്തവിധം, അങ്ങനെ.

കൊച്ചിയിലെ കൊതുകുകള്‍ക്കു പോലും പിന്നീട് കുറേ നാളത്തേക്ക് , ഞങ്ങളുടെ വിടിനു മുന്‍പിലൂടെ , മൂക്കുപൊത്തി പറക്കേണ്ടി വന്നു.വാല്‍ക്കഷണം:
കൊടുത്തു വിട്ട സാധനങ്ങള്‍ മക്കള്‍ കഴിച്ചു എന്നു കേള്‍ക്കാന്‍ ആയിരുന്നു അമ്മ വിളിച്ചതെന്നും, ഇതേ സാധനം അകത്തിരുന്നു ചീഞ്ഞു നാറി കസ്റ്റമേര്‍സ് കൈ വെയ്ക്കും എന്നായപ്പൊളാണ് , വര്‍ക് ഷോപ്പുകാരന്‍ ശുഷ്ക്കാന്തി കാണിച്ചതെന്നും ക്രമേണ ഞാന്‍ അറിഞ്ഞു.

Friday

വെണ്ണ

യശോദ ദേഷ്യം ഭാവിച്ചു.
പരാതിയുമായി ചുറ്റും കൂടി നില്‍ക്കുന്ന ഗോപസ്ത്രീകളെ വിശ്വസിപ്പിക്കാന്‍ വെണ്ടി എങ്കിലും, അങ്ങനെ ചെയ്യാതെ തരമില്ലല്ലോ.

"പറയൂ കണ്ണാ, നീയല്ലേ വെണ്ണ കട്ടത് ?"
"ഞാനോ?! ഞാന്‍ വെണ്ണ കട്ടതേ ഇല്ല, അമ്മേ."

വെണ്ണ കട്ടു. അമ്മ അതു കാണുകേം ചെയ്തു.
ഇനി ദേഷ്യം ഭാവിക്കാം.
അമ്മയെ സമ്മതിപ്പിക്കാന്‍ അതേ നിവര്‍ത്തിയുള്ളൂ.


"ഇങ്ങനെ എന്നോട് പറയാന്‍ അമ്മക്ക് എങ്ങനെ മനസ്സു വരണു ?
എനിക്കു എവിടെയാ സമയം, വെണ്ണ എടുക്കാന്‍? "

മുഖം കണ്ടാല്‍ അറിയാം, അമ്മ വിശ്വസിച്ചിട്ടില്ല.
എന്നാല്‍ പിന്നെ അടവു മാറ്റാം


"അമ്മേ, ഞാനിത്ര കൊച്ചു കുട്ടി.
മുകളില്‍ ഉറിയില്‍ തൂക്കിയ വെണ്ണ, ഈ കുഞ്ഞിക്കൈകള്‍ക്കു എത്തുമോ ?"

കൊഞ്ചിക്കുഴഞ്ഞു കണ്ണന്‍.ഏന്തി വലിഞ്ഞു ഉറിയിലെ വെണ്ണ കക്കുന്ന കണ്ണന്‍.
ഇല്ല, ഇവന്റെ ലീലകളില്‍ ഞാന്‍ ഇനി മയങ്ങില്ല.


"കണ്ണാ, വേണ്ടാ. എന്നെ പറ്റിക്കേണ്ട." ഭാവം മാറ്റാതെ അമ്മ.

അമ്മ വിടുന്ന മട്ടില്ല. ഇനി അമ്മയെ തഞ്ചപ്പെടുത്തുകയേ തരമുള്ളൂ.
അടുത്തെത്തി കണ്ണന്‍. കെട്ടിപ്പിടിച്ചു. അമ്മയുടെ കവിളില്‍ തലോടി.


"എന്റെ ചക്കര അമ്മയല്ലേ. ചുന്ദരി അമ്മയല്ലേ. എന്റെ പാവം അമ്മയല്ലേ"രണ്ടു കവിളിലും മുത്തവും കൊടുത്തു
"ഞാന്‍ എടുത്തില്ല അമ്മേ, വെണ്ണ "

"വേണ്ട കണ്ണാ‍ എന്നെ മയക്കണ്ട."

അമ്മ അലിയണ മട്ടില്ല.എന്നാല്‍ അതു അറിഞ്ഞിട്ടു തന്നെ കാര്യം.പരിഭവം ഭാവിച്ചു കണ്ണന്‍

"അതി രാവിലേ തന്നെ ഒരു വടിയും തന്ന് എന്നെ പറഞ്ഞു വിടും ,കാട്ടിലേക്കു. കാലികളെ മേയ്ക്കാന്‍.
നാളെ മുതല്‍ എന്നെ കൊണ്ടാവില്ല കേട്ടൊ ഈ ജോലി."

കയ്യിലിരുന്ന, വടി ദൂരേക്കെറിഞ്ഞു കണ്ണന്‍.

കണ്ണന്റെ ചുണ്ടിലെ വെണ്ണ അപ്പോളാണു യശോദ കണ്ടതു.


"അപ്പോള്‍ ഇതോ കണ്ണാ ?" കയ്യോടെ പിടികൂടി യശോദ.

ചുവടു മാറ്റി കണ്ണന്‍.മക്കളെ സ്നേഹിക്കുന്ന ഒരമ്മയ്കും, താങ്ങാന്‍ വയ്യാത്ത വാക്കുകള്‍ പറഞ്ഞു.

"അമ്മേ, ഇതു ഇത്തിരി വെണ്ണയുടെ കാര്യം അല്ല.
വഴക്കു പറയാന്‍ മാത്രം, ഒരു കാര്യം ഉണ്ടാക്കിയതാണു അമ്മ.
കാര്യം എന്താണു എന്നു എല്ലാര്‍ക്കും അറിയാം .
എനിക്കും അറിയാം.
ഞാന്‍..., ഞാന്‍... അമ്മയുടെ സ്വന്തം മകന്‍ അല്ലല്ലോ?"

ഇത്തിരി വെണ്ണയുടെ പേരില്‍, എന്‍െ കണ്ണന്‍ ... ഇത്രയും പറയുന്നുവൊ?
യശോദയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.


ഓടി വന്നു കണ്ണന്‍.ഇറുകെ പുണര്‍ന്നു അമ്മയെ.
കവിളില്‍ മുത്തമിട്ടു. മാറില്‍ തലചായ്ച്ചു. എന്നിട്ട് പറഞ്ഞു.

“അതെ. അമ്മേ. വെണ്ണ കട്ടതു ഞാന്‍ തന്നെ. അമ്മയുടെ കണ്ണന്‍ തന്നെ.
പാഴ് വാക്കുകള്‍ പറഞ്ഞത് ഈ സ്സ്നേഹം എല്ലാ‍ാരും അറിയാന്‍ മാത്രം.
എനിക്കറിയില്ലേ എന്റെ അമ്മയെ.“(ക്രിഷ്ന്ണാഷ്ടമിക്കായി എഴുതിയത്.
ഇതിലെ വരികള്‍, അനൂപ് ജലോഠ യുടെ ‘മെം നഹി മാഘന്‍ ഖയോ‘ എന്ന ക്രിഷ്ണ ഭജനിന്റെ തര്‍ജ്ജമ.എനിക്കേറെ പ്രിയപ്പെട്ട ഒന്നു.
ആ പാട്ടിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താനായില്ല. എങ്കിലും പോസ്റ്റ് ചെയ്യുന്നു.)

ഇടവേള

ഇന്നലെ രാത്രി കുട്ടിയെയും കെട്ടിപ്പിടിച്ചു കിടന്ന ഞാന്‍
ഇന്നു രാവിലെ ഉണര്‍ന്നപ്പോള്‍ ഞെട്ടി.

കയ്യില്‍, മോന് വേണ്ടി ചേട്ടന്‍ വാങ്ങിക്കൊണ്ടു വന്ന, ഗ്ലോബ്.

ഈശ്വരാ, ഭൂലോകം കൈക്കുള്ളില്‍ ഒതുക്കാന്‍ എന്റെ ഒരു ഉറക്കത്തിനു സാധിച്ചുവോ ?എന്റെ ഒരു കാര്യമേ .ഇത്തിരി അഹങ്കാരഭാവത്തില്‍ ഗ്ലോബ് ഒന്നു കൂടി ചേര്‍ത്തു പിടിച്ചു , ഒന്ന് പുഞ്ചിരിച്ച് തിരിഞ്ഞു കിടന്നു.

“എന്താടീ ? ഭൂലോകം കൈക്കുള്ളില്‍ ആയതിന്റെ സന്തോഷമാണോ ?” മനോരമ പത്രവും കയ്യില്‍ പിടിച്ചു കോണ്ടു ചേട്ടന്‍.

“ഉം...’ എന്റെ മനസ്സില്‍ ഉള്ളതു ഇത്ര പെട്ടെന്ന് മനോരമയിലും വന്നോ ? വിശ്വാസം വരാതെ ഞാന്‍.

“എന്നാല്‍ അതു ഭൂലോകമല്ല. നിന്റെ ബ്ലോഗാ!“

“അയ്യോ !“ അഹങ്കാരം ആര്‍ത്തനാദത്തിനു വഴിമാറി.
അതെപ്പോള്‍ സംഭവിച്ചു. എന്റെ ‘മുല്ലപ്പൂ’ എപ്പോള്‍ ഈ ഗതി ആയി.
കയ്യില്‍ ഇരുന്ന ഗ്ലോബ് കിടക്കയിലേക്കു മറിഞ്ഞു.

ചിരി അടക്കി ചേട്ടന്‍,
‘ഇന്നലെ രാത്രി ഉറക്കത്തില്‍ എന്റെ ബ്ലോഗേ... എന്റെ ബ്ലോഗേ.. എന്ന് നിലവിളിച്ചു.‘
‘ഇന്നു എന്റെ റ്റേണ്‍ അമ്മ തട്ടി എടുത്തോ‘ എന്ന് ആശ്ചര്യപ്പെട്ട് ഉണര്‍ന്ന മോന്‍, കേട്ടത് ഗ്ലോബ് എന്നായത് കൊണ്ട് അവന്‍ അതെടുത്ത് നിന്റെ കയ്യില്‍ പിടിപ്പിച്ചു.
എന്തായാലും, അതു കൈയ്യില്‍ കിട്ടിയ നീ, സ്വിച്ച് ഓഫാക്കിയതു പോലെ, നിലവിളി നിര്‍ത്തി സമാധാനത്തൊടെ ഗ്ലോബും കെട്ടിപ്പിടിച്ചു, കിടന്നുറങ്ങി.“

“അമ്മയെ ഞാനുറക്കി അച്ഛാ “എന്ന് പറഞ്ഞു മോനും.

Thursday

ഓമനപ്പേര്

കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം അവന്‍ വിളിച്ചു.
“ചേച്ചീ, ഇതു ഞാനാ ”
മറുപടി ഒന്നും കേള്‍ക്കാത്തതു കൊണ്ടാവും വീണ്ടും.
“ഇതു ഞാനാ.. ഞാന്‍”
പിന്നെ അറിഞ്ഞോ അറിയാതെയൊ ഇതും
“ചേച്ചി എന്നെ എന്താണു വിളിച്ചിരുന്നതെന്നു ഞാന്‍ മറന്നു”

ഇല്ലാത്ത അനിയന്റെ കുറവുനികത്തിയ അവനേയും,
അവനില്ലാത്ത ചേച്ചിയുടെ അധികാരം കൈപ്പറ്റിയ എന്നേയും,
കാലം എവിടെയോ ഉപേക്ഷിച്ചിരുന്നു.

ഓമനപ്പേരുകളെ ഉപേക്ഷിക്കാന്‍ ഞാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

Wednesday

ഓര്‍മ്മയുടെ ഏടില്‍ നിന്ന്... (ബൂലോക സംഗമം)

ഈ കഥ തുടങ്ങുന്നതു.... ബൂലോക ക്ലബ്ബില്‍ 'നമുക്കൊന്നു മീറ്റിയാലോ‘ എന്ന ഒരു പോസ്റ്റോടു കൂടിയാണ്.

അതു കണ്ടപ്പോഴേ എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ബ്ലോഗര്‍ ഒബിയോടു പറഞ്ഞു..
"ക്ലബ്ബിലെ പോസ്റ്റ്‌ കണ്ടോ , ഇവിടെ എന്തോ മീറ്റ്‌ എന്നൊക്കെ പറയുന്നല്ലോ..?"
ചിരിച്ചു കൊണ്ടു ഒബി "നോക്കാം".
പിന്നെ എന്റെ ഉദ്വേഗത്തിന്റെ കാരണം മനസ്സിലാക്കി ചിരിച്ചു. "മുല്ലപ്പൂ..,ചെമ്പരത്തി പ്പൂവായി പോകുമല്ലൊ,,?" .

ചിന്താവിഷ്ടയായ എന്നെ ഉപേക്ഷിച്ചു, സുഹൃത്ത് വീണ്ടും പണിത്തിരക്കിലേക്ക്..

ക്ലബ്ബില്‍, വീണ്ടും, പോസ്റ്റുകളും കമെന്റുകളും, വന്നു കൊണ്ടിരുന്നു..
പിന്നീടൊരു ദിവസം അതുല്യേച്ചിയുടെ ഫോണ്‍ നമ്പറുമായി ഒരു പോസ്റ്റ്‌ വന്നു.
അതില്‍ നമ്പര്‍ കണ്ടു ഞാന്‍.
"എടോ കാര്യങ്ങള്‍ ഒക്കെ കാണുന്നുണ്ടോ?"
"ഉം.. "
"നമുക്കൊന്നു വിളിച്ചാലോ ..?
"ഓകെ" അങ്ങനെ ആദ്യമായി ഫോണില്‍ വല്യേടത്തിയുമായി,"എല്ലാവരും ഒത്തുചേരണം, നമുക്ക്‌ ഇതൊരാഘോഷമാക്കണം" എന്നൊക്കെ സംസാരിച്ചു.

പിന്നീടു കാര്യങ്ങള്‍ ശരവേഗത്തിലായിരുന്നു.
വിശ്വേട്ടന്റെ നമ്പറുമായി അടുത്ത പോസ്റ്റു വന്നു .

"വിശ്വേട്ടാ... ഞാന്‍ മുല്ലപ്പൂ എന്ന ബ്ലൊഗര്‍.. പിന്നെ സന്ദര്‍ശനം എന്ന ബ്ലൊഗറും അടുത്തുണ്ടു"
" നിങ്ങള്‍ രണ്ടാളും ഒരേ ഓഫീസില്‍ ആണോ..?"
"അതെ... ഞങ്ങള്‍ രണ്ടാള്‍ മാത്രമല്ല ഇനിയുമുണ്ട് രണ്ടുപേരും കൂടി ഇവിടെ. ദുര്‍ഗ്ഗയും ചാത്തുണ്ണിയും"
"എന്നാല്‍ അവര്‍ക്കും കൊടുക്കൂ. നമ്മുടെ ബ്ലോഗുമേളയെക്കുറിച്ചു ഒന്നു പറയട്ടെ."
"ഒരു കാര്യം കൂടി ഉണ്ട്‌. ഇപ്പൊള്‍ പറഞ്ഞ മറ്റു രണ്ടാള്‍ക്കും അറിയില്ല ഞാന്‍ ബ്ലോഗുന്നുണ്ട്‌ എന്ന്"
"ഒ!!. ഒരേ ഓഫീസിലായിട്ടും "
"ഉം.. വെറുതെ ഒരു രസം"
"ഓക്കെ .. പറയില്ല ഫോണ്‍ കൊടുക്ക്‌.."

ഫോണ്‍ തിരികെ കൊടുത്തു ഞാന്‍ സീറ്റില്‍ വന്നു ഇരുന്നു..
ചാത്തുണ്ണിയെ വിളിക്കുന്നതും ഫോണ്‍ കൊടുക്കുന്നതും..."ഉം ഞങ്ങള്‍ മൂന്നു പേരും ഇവിടെ നിന്നും ഉണ്ടാവും" എന്നു ചാത്തുണ്ണി പറയുന്നതും കേട്ടു.

മേളക്കുള്ള ഒരുക്കങ്ങള്‍...,ലിസ്റ്റിടല്‍.., വരുന്നവരുടെ ഹാജര്‍ എടുക്കല്‍..., വരാന്‍ പറ്റാത്തവരുടെ കണ്ണീരൊഴുക്കല്‍..., വേറെ ചിലര്‍ (എന്നെപ്പോലെ) പേടിയാവണു എന്നു പറഞ്ഞു കരഞ്ഞവര്‍ അങ്ങനെ അങ്ങനെ..

ജൂലായ്‌ എഴാം തീയതി ഓഫീസിന്റെ ക്യാന്റീനില്‍ വെച്ചു ദുര്‍ഗ്ഗയെ കണ്ടു.
ദുര്‍ഗ്ഗയോടു ഞാന്‍ "നാളെ ബ്ലോഗ്‌ മീറ്റുണ്ട്‌ എന്നു കേട്ടല്ലോ? എനിക്കും വരാമോ ?"
"ഉം... ഒരു ബ്ലോഗ്‌ ഇന്നു ഉണ്ടാക്കിയാ മതി"
"ഓ ഇനി അതൊക്കെ വല്യ പാടല്ലെ.."ചിരിയോടെ ഞാന്‍.

ശനിയാഴ്ച കണ്ണാടിയുടെ മുന്നില്‍ കുറ്റിയടിച്ചു നില്ക്കുന്ന എന്നെ നോക്കി ചേട്ടന്‍
"മിനുക്കിയതൊക്കെ മതി. നിന്റെ കല്യാണത്തിനു പോലും ഈ മിനുക്കം കണ്ടില്ല്ലല്ലോ."
"ഇതു സംഗതി വേറെ ആണു ചേട്ടാ.. . ഇന്ന്, കണ്ടിട്ടില്ലാത്ത ആള്‍ക്കാരെ കാണാന്‍ പോകുവല്ലെ ?"
"ഒഹ്‌ ബ്ലോഗ്‌ സംഗമം... അതിനു മുഖം മിനുക്കുകയല്ല. പകരം ഹെല്‍മെറ്റു വെയ്ക്കുകയാ വേണ്ടേ. "
മുഖത്തെ ചമ്മിയ ചിരി മറച്ചു ഞാന്‍...

ജോസ്‌ ജംഗ്‌ഷനില്‍ ഇറങ്ങി ബി. റ്റി. എച്ച്‌. ലേക്കു നടക്കുമ്പോള്‍ പുറകില്‍ നിന്നും പരിചയമുള്ള ശബ്ദം.

"എങ്ങോട്ടാടോ കാലത്തേ?" ഒബിയെയും പുറകില്‍ ഇരുത്തി ചാത്തുണ്ണി ബൈക്കില്‍.
'പിടിക്കപ്പെട്ടല്ലോ?' ഭാവത്തില്‍ ഒബി.
"ഞാന്‍... ഈ കട വരെ. നിങ്ങളോ?"
"ഞങ്ങള്‍ ബ്ലോഗു മീറ്റിനു"
"ഒ... ഇന്നാണോ അത്‌"
"ഉം..."

എന്റെ അഭിനയസിദ്ധിയില്‍ വിശ്വാസം വരാതെ അന്തം വിട്ടു നോക്കുന്ന ഒബിയെയും കൊണ്ടു ചാത്തുണ്ണിയുടെ ബൈക്ക്‌ പോയി.

അപ്പോളാണ്‌ വേറെ ഒരു സുഹൃത്തു ഫോണില്‍.
"എവിടെ ആണു ? മീറ്റിനു എത്തില്ലെ?"
ഒരു നുണ പറഞ്ഞ ഹാങ്ങ്‌ ഓവറില്‍ ഞാന്‍ "വീട്ടിലാണ്‌. ഞാനെങ്ങും ഇല്ല മീറ്റിന്‌"
(എം.ജി റോഡിന്റെ നടുവില്‍ നിന്നു "വീട്ടിലാണു" എന്നു ഫോണില്‍ പറയുന്ന എന്നെ തുറിച്ചു നോക്കി ഒരു അപ്പാപ്പന്‍)

"ഞാന്‍ എന്തായാലും ഒരു മണി ആകുമ്പൊള്‍ എത്തും"
"ഉം..."(ഈ പറഞ്ഞു സുഹൃത്തും പതിനൊന്നു മണിക്കെ എത്തി എന്നതു വേറെ കാര്യം. ;) )

പതിയെ ബി. റ്റി. എച്ച്‌. ലേക്കു നടന്നു.
അവിടെ ആരൊക്കെ ഉണ്ടാകും?
ചേട്ടന്റെ ഹെല്‍മെറ്റ്‌ ഉപദേശം സ്വീകരിക്കാമായിരുന്നു..
എന്നൊക്കെ മനസ്സില്‍ ചിന്തിച്ചു ബി. റ്റി. എച്ച്‌. ഇല്‍ എത്തി. വഴി ഒക്കെ ചോദിച്ചു അകത്തേക്കു നടന്നു.

എന്നെ കണ്ടു അദ്ഭുതം മാറാതെ ചാത്തുണ്ണിയും, ദുര്‍ഗ്ഗയും...
ചിരിയോടെ ഒബി പുറകില്‍.
ഒബി ഒരോരുത്തരെ ആയി പരിചയപ്പെടുത്തി,
ബാംഗളൂര്‍ ശ്രീജിത്ത്‌, പണിക്കന്‍ , യാത്രികന്‍ ( ബിന്ദു ഓപ്പോളെ.. ഇത്ര പിന്‌ഗാമികളൊ..!!!),
അധികം സംസാരിക്കാതെ സു , ആ കുറവു നികത്തി സു ചേട്ടന്‍,
കൃഷി കാര്യങ്ങളും മറ്റും സംസാരിച്ചു ചന്ദ്രേട്ടന്‍..

അകത്തേക്കു കടന്നിരുന്നപ്പൊള്‍ ചായയും വടയും വന്നു. അതു കഴിച്ചിട്ടാകം ഇനിയുള്ള പരിചയപ്പെടല്‍ എന്നു കരുതി ദുര്‍ഗ്ഗയുടെ അടുത്തു കൂടി.

ഞാന്‍ അധികം മിണ്ടില്ലാട്ടൊ എന്ന ഭാവത്തില്‍ തുളസി,
നില്‍ക്കാന്‍ ടൈം ഇല്ലാതെ നിക്ക്‌,
ചിരിയാണു ഞങ്ങടെ മുഖമുദ്ര എന്നു ബോധിപ്പിച്ചു സൂഫിയും കിരണും,
പാട്ടുപാടി ആരാധനാ വലയം സൃഷ്ടിച്ച വില്ലൂസ്‌, ബാക്ക്ഗ്രൌണ്ടില്‍ ഇക്കാസ്‌,
ക്യാമറയും കമന്ററിയുമായി കുമാര്‍,
എല്ലാരുടെയും കണ്ണിലുണ്ണിയായി അരുണ്‍ വിഷ്ണു,
ഞാനെന്ന അഹങ്കാരം ഇല്ലാതെ ഞാന്‍,
യാത്രയില്‍ വൈകി എത്തിയ സഹയാത്രികന്‍,
ബ്ലോഗ്‌ പേരില്‍ നിന്നു വ്യത്യസ്തനായി മുരളി മേനോന്‍...

എല്ലാത്തിനും അമരക്കാരായി വിശ്വേട്ടനും, അതുല്യേച്ചിയും...
ഞങ്ങളില്ലാതെ നിങ്ങള്‍ക്കെന്തു ആഘോഷം എന്നു ഓര്‍മ്മപ്പെടുത്തി അപ്പുവും, എല്ലാത്തിനും താങ്ങും തണലുമായി സംഗീതചേച്ചിയും..
കുഞ്ഞിക്കൂട്ടായി ആച്ചിയും...

എല്ലരേം പരിചയപ്പെട്ടും, "മധുരം മലയാളത്തില്‍" ഒപ്പു വെച്ചും അതിനു പിന്നില്‍ പേരു എഴുതാന്‍ ദുര്‍ഗ്ഗയെ സഹായിച്ചും ഇരിക്കുമ്പോള്‍ "ഊണു കാലമായി " എന്നു ആരോ പറഞ്ഞതും,കോണ്‍ഫെറെന്‍സ്‌ റൂം കാലി...

ഞാനും ഒരില സ്വന്തമാക്കി ഊണു കഴിച്ചു.
തിരിച്ചെത്തിയപ്പോളേക്കും അടുത്ത ആഘോഷവുമായി അതുല്യേച്ചി മുന്നില്‍..

"പ്രിയ മാലോകരെ ബൂലോകരെ.. നമുക്കു ക്വിസ്സ്‌ പ്രോഗ്രാം ആരംഭിക്കാം.."

ക്വിസ്സ്‌ ചോദ്യങ്ങളുടെ ഉത്തരമായി...
'അഞ്ജലി'യെ കണ്ടു പിടിച്ച കെവിനും,
വരമൊഴിക്കു ജന്മം നല്‍കിയ സിബുവും,
സെര്‍വറുകള്‍ ഓടിക്കുന്ന ശനിയനും, അനിലേട്ടനും, എവുരാനും അരങ്ങത്തു വന്നു..

പിന്നീടെപ്പോഴോ ചോദ്യങ്ങള്‍ "അക്ഷരങ്ങളിലും" , "തോന്ന്യാക്ഷരങ്ങളിലും" കുടുങ്ങി കിടന്നപ്പോള്‍, "ഇതു ബൂലോഗ ക്വിസ്സ്‌ അല്ല, കുടുംബ ക്വിസ്സ്‌ ആണു" എന്നു പറഞ്ഞു കുമാര്‍ നയിച്ച ഒരുപക്ഷം ബഹളം വെയ്ക്കുകയും, ഇറങ്ങിപ്പോക്കു ഭീഷണി മുഴക്കുകയും ചെയ്തു.
അങ്ങനെ ചുളുവില്‍ ജയിക്കാമെല്ലോ എന്ന ഞങ്ങടെ മനക്കോട്ടയെ തകര്‍ത്തു അവര്‍ വീണ്ടും അവിടെ തുടര്‍ന്നു.

ഇത്രയും നാള്‍ കണ്‍കെട്ടു വിദ്യ കാണിച്ചു പറ്റിച്ചവരെ, ശരിക്കൊന്നു പറ്റിക്കാനായി ഒരു കണ്‍കെട്ടു നടത്തുകയും അതില്‍ ആരും വിജയം 'കാണാതെ' പോകുകയും ചെയ്തു.

ചുരുക്കിപറഞ്ഞാല്‍ (ഇത്രേം പറഞ്ഞിട്ടോ ??) ഉച്ചവരെ ഒന്നും മിണ്ടാതിരുന്ന സു ഒറ്റക്കു നേടിയ ഒരു അശ്വമേധം ആയിരുന്നു ഞങ്ങളുടെ ജയം.

ആഘോഷം തീരുന്നില്ല തുടങ്ങിയതല്ലേ ഉള്ളൂ, എന്നു ചോദിച്ചുകൊണ്ടു ഉമേച്ചിയേയും അവസാനം എത്തി.

എല്ലാവരും കയ്യൊപ്പിട്ട ഓര്‍മക്കുറിപ്പും, ബിരിയാണിക്കുട്ടി അയച്ചുതന്ന കീചെയിനും കയ്യില്‍ വാങ്ങി
ഇത്ര പെട്ടെന്നു തീര്‍ന്നൊ എന്ന മനോവിഷമത്തില്‍ അങ്ങനെ നിന്നു.

(പ്രത്യേകം പറയട്ടെ, ബിരിയാണിക്കുട്ടീ ആ ഐഡിയായും ,പിന്നെ എല്ലാ റ്റാഗിലും എഴുതി അതിവിടെ എത്തിക്കാനുള്ള ആ മനസ്സും..)


മനസ്സില്‍ അദ്ഭുതവും, ആഹ്ലാദവും , ഇത്തിരി വിഷമവും..
കയ്യില്‍ ഓര്‍മ്മക്കുറിപ്പും, കീ ചെയിനുമായി...
എല്ലാവരോടും യത്ര പറഞ്ഞു ഞാന്‍ പതിയെ പുറത്തേക്കു..

(സമര്‍പ്പണം: ക്ലബ്ബില്‍ വന്ന പോസ്റ്റിനേ യഥാര്‍ത്ഥ്യമാക്കിയ അതുല്യേച്ചിക്കും വിശ്വേട്ടനും , അതിനെ വിജയമാക്കിയ എല്ലാ ബ്ലൊഗ്‌ സുഹൃത്തുക്കള്‍ക്കും)

കുറിപ്പ്‌:
"ഇതു എന്തിനാണു ഇത്ര വൈകി പോസ്റ്റുന്നത്‌.. ഞങ്ങള്‍ക്കെല്ലാം അറിയാവുന്നതല്ലെ"
"അതു ഇവിടെ എത്തിയവര്‍ക്കു.. പക്ഷെ ഇവിടെ വരാന്‍ പറ്റാതെ ഭൂമിയുടെ മറ്റേതോ കോണില്‍ നമ്മളെ ഓര്‍ത്തും ഫൊണില്‍ വിളിച്ചും,കണ്ണിലെണ്ണയൊഴിച്ച് ഉറക്കം കളഞ്ഞ്, എണ്ണൂറ്റിച്ചില്ല്വാനം കമന്റിട്ട് കേരള മീറ്റ് ഒരു ആഘോഷമായി കൊണ്ടാടി ഇരുന്നവര്‍ക്കു വേണ്ടി ഞാന്‍ ഇത്‌ എഴുതുയേ മതിയാവൂ.."

Tuesday

ആഘോഷം

"ആഘോഷമോ? എന്തു ആഘോഷം?"
"കളഞ്ഞു പോയ പൊന്ന് തിരികെ കിട്ടി"
"പൊന്നോ..? എത്ര പവന്‍..?"
"നൂറു പവന്‍.. പത്തരമാറ്റ്‌.."
"എന്റമ്മെ!!!"
"തനിത്തങ്കം.."
"ഓഹ്‌!!.. എന്താ ഭര്‍ത്താവിന്റെയോ കുഞ്ഞുങ്ങളുടെയൊ പിറന്നാള്‍ ആണൊ...?"
"ഇതു രണ്ടും അല്ല. അതു കളഞ്ഞു പോയാല്‍ തിരികെ കിട്ടില്ല. കാരണം അത്‌ എന്റെ ജീവന്‍ ആണ്‌..."
"അപ്പൊള്‍ പിന്നെ എന്താണീ നൂറുപവന്‍, പത്തര മാറ്റു, തനിത്തങ്കം..."
"സൌഹൃദം"

അറിയാതെ... ചുണ്ടില്‍ വിരിഞ്ഞ ചിരിയുടെ ഉത്ഭവം... മനസ്സില്‍ നിന്നുമാണ്‌..
മഴ പെയ്തൊഴിഞ്ഞ മാനം പോലെ, മനസ്സും ശാന്തം...

'പടി കടന്നു, എന്നോ അകലേക്കു പോയ ഒരു സൌഹൃദം തിരികെ എത്തിയതിലുള്ള ആഘോഷത്തിലായിരുന്നു ഞാനും അവളും...'

Thursday

നിഷിദ്ധം

"നിഷിദ്ധം"

"എന്താദ്‌?"

"ചെയ്യാന്‍ പാടില്ലാത്തത്‌.., അരുത്‌.. എന്നര്‍ത്ഥം"

"എന്താണു അരുതാത്തത്‌ ... ?"

"നിന്റെ ഈ എഴുത്തു..."

"അതെന്താ...?"

"നിന്റെ മനസ്സില്‍ ഉള്ളതു എല്ലാവരും അറിയും.."

"അതുകൊണ്ടു...?"

"അതെനിക്കിഷ്ടമല്ല"

"നിന്റെ ഇഷ്ടത്തിനു വേണോ ഞാനെപ്പോഴും പ്രവര്‍ത്തിക്കാന്‍...!!!" ദേഷ്യം കൊണ്ടു ശബ്ദം അല്‍പ്പം ഉയര്‍ന്നുവോ...

പിന്നീടൊന്നും കേട്ടതേ ഇല്ല... 'അകത്തുള്ള അവള്‍' പിണങ്ങിപ്പൊയെന്നു തോന്നുന്നു...

(സമര്‍പ്പണം: "ഞാന്‍ ഒരു പോസ്റ്റ്‌ എഴുതി വെച്ചിട്ടുണ്ടു.. ഇടണോ വെണ്ടയൊ എന്ന സംശയത്തിലാ.." എന്നു ചിന്തിക്കുന്ന എല്ലാ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും....)

Tuesday

അഹങ്കാരം

അതെ, എന്റെ അഹങ്കാരം ഇവിടെ അവസാനിക്കുകയാണ്‌.

അവളുടെ ദിനങ്ങള്‍ എന്നില്‍ തുടങ്ങിയിരുന്നു എന്ന അഹങ്കാരം...
അവളുടെ ചിന്തകളെ ഞാന്‍ നിയന്ത്രിച്ചിരുന്നു എന്ന അഹങ്കാരം...
അവളുടെ ശ്വസോച്ഛ്വാസം എന്നിലൂടെ ആയിരുന്നു എന്ന അഹങ്കാരം...
അവളുടെ ഹൃദയമിടിപ്പുകള്‍ ഞാനറിഞ്ഞിരുന്നു എന്ന അഹങ്കാരം...


അതെ, വെള്ളത്തുണിയില്‍ പുതച്ചു കിടത്തിയിരിക്കുന്ന അവളുടെ മുഖത്തെ പുഞ്ചിരിയില്‍...

എന്റെ അഹങ്കാരം ഇവിടെ അവസാനിക്കുകയാണ്‌ ...

Friday

രാജിക്കത്ത്‌

ഇന്നു ഒരാള്‍ കൂടി പടിയിറങ്ങുന്നു......

ഒരു ഉച്ചസമയം... സീറ്റിനു പുറകില്‍..

"എടൊ.. "
"ഓ.. താനോ .. എന്താടൊ..?"
"ഞാന്‍.. തന്നോടു... ഒരു കാര്യം പറയാന്‍..." സംസാരത്തില്‍ പതിവല്ലാത്ത ഒരു ശാന്തത..
"എന്താടൊ..?"
"ഞാന്‍ resign ചെയ്യുകയാണു.. വേറെ ഒരു offer..."
"ഉം...."

.......................................................................................

"നിങ്ങളുടെ ഇന്‍ഡസ്ട്രിയില്‍ ഇതു സര്‍വ്വ സാധാരണം.. അല്ലെ?.."
"അതെ ..." എന്നു സമ്മതിക്കുമ്പോളും അതിനപ്പുറം പോകുന്ന ചിന്ത..

ചില സുഹൃത്തുക്കള്‍ ...

പറയുന്നതും, പറയാത്തതും എല്ലാം മന്‍സ്സിലാക്കുന്നവര്‍...
മനസ്സു വായിച്ചെടുക്കുന്നവര്‍..അറിയാതെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുന്നവര്‍...
പറഞ്ഞു കൊണ്ടു തന്നെ സ്നേഹപ്പാരകള്‍ പണിയുന്നവര്‍..
അബദ്ധങ്ങളില്‍ കൂടെ ചിരിക്കുകയും, അബദ്ധങ്ങളില്‍ നിന്നു രക്ഷപെടുത്തുകയും ചെയ്യുന്നവര്‍...
പ്രൊഫെഷനെയും സൌഹൃദത്തിനേയും കൂട്ടിക്കുഴക്കാത്തവര്‍..
പിന്നീടൊരുനാള്‍, നേരിയ നൊമ്പരം ബാക്കി നിര്‍ത്തി ...

....................................................................................
"അപ്പോള്‍, എവിടെ ആണെടൊ നമുക്കു treat നു പൊകേണ്ടതു.."
അതെ..., ഇതും നമുക്കു ഒരു ആഘോഷമാക്കാം...

Thursday

പിറന്നാള്‍

"അമ്മേ, സ്റ്റ്രോബെറി ഫ്ലേവര്‍ കേക്കു മതി ട്ടോ"..
"ഡൊനാള്‍ഡിനെ വരക്കാം ല്ലേ കേക്കിന്റെ പുറത്തു..."
"ഞാന്‍ ഏതു ഉടുപ്പാ അമ്മേ ഇടണ്ടേ?"
"രോഹിത്തിനേം ഉണ്ണീയേം കിരണേയും വിളിക്കാം , കേക്കു മുറിക്കുമ്പോള്‍.."
"ഇത്തവണ കിട്ടണ സമ്മാനക്കളിപ്പാട്ടങ്ങള്‍ ഒക്കെ ഞാന്‍ സൂക്ഷിച്ചു ഊപയോഗിച്ചോളാം കെട്ടോ അമ്മേ"..
"എനിക്കു ഫോര്‍ട്ടി ഫൈവ്‌ മിട്ടായി വേണം ട്ടൊ ക്ലാസ്സില്‍ കൊടുക്കാന്‍"
........................................................................

"നിയ്ക്കും വേണം ഒരു കുഞ്ഞാവയെ"..
"ആതിരക്കും,വറുഗീസിനും, സംയുക്തക്കും എല്ലാം ഉണ്ട്‌.."

സ്കൂളില്‍ നിന്നെത്തിയ എല്‍.കെ.ജി. ക്കാരന്റെ പുതിയ ആവശ്യം കേട്ടു ഞാന്‍ ചിരിച്ചു..

"സ്കൂളിലെ സ്റ്റോറില്‍ നിന്നു വാങ്ങിയാലോ മോനെ..?" ചിരിച്ചു കൊണ്ടു ചേട്ടന്‍..

അവന്‍ അതു ശ്രദ്ധിക്കാതെ തുടര്‍ന്നു..
"എല്ലര്‍ക്കും കളിക്കാന്‍ വീട്ടില്‍ കൂട്ടുണ്ടു.. എനിക്കും വേണം"

മോനും ഉണ്ടല്ലോ കളിക്കാന്‍ കൂട്ടു... രോഹിതും, കിരണും, ഉണ്ണിയും ഒക്കെ..

"അതു പോര.. "നിയ്ക്കും വേണം ഒരു ക്ഞ്ഞാവയെ"..

.......................................................................................

ഒരു കുഞ്ഞാവ അവനായിട്ടു ഉണ്ടാകുന്നു എന്നറിഞ്ഞപ്പോള്‍...
അതു അനിയത്തിക്കുട്ടി ആണു എന്നു അവന്‍ ഉറപ്പിച്ചപ്പോള്‍..
'സുന്ദരി' എന്നു അവന്‍ പേരു നിശ്ചയിച്ചപ്പൊള്‍..'
എന്റെ ഉദരത്തിലെ വളരച്ചക്കൊപ്പം അവന്റെ മനസ്സിലും രൂപവും ഭാവവും വെച്ചപ്പൊള്‍...

കയ്യില്‍ വെച്ചു കൊടുത്ത വാവയെ "എന്റെ മൊളുട്ടിക്കുട്ടപ്പാ ന്നു വിളിചപ്പോള്‍..
"എല്ലാവരും കേള്‍ക്കെ 'സുന്ദരീ' ന്നു അവളുടെ ചെവിയില്‍, പേരു ചോല്ലി വിളിച്ചപ്പോള്‍..
അവളുടെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍...

അറിയുന്നു ഞാന്‍ അവന്റെ കുഞ്ഞു വലിയ ആഗ്രഹതിനു, ഇത്ര വ്യാപ്തി ഉണ്ടായിരുന്നു...

..............................................................................

"അമ്മേ, എന്താ ഓര്‍ക്കണെ.. വേഗം റെഡി ആകൂ...
ഞാനും വാവയും റെഡി.. അമ്പലത്തില്‍ പോവാന്‍.."
"ഞാനും.. " ചിരിച്ചു കൊണ്ടു ചേട്ടനും ..

Friday

മഴ

ഇന്നലെ തുടങ്ങിയ മഴയാണ്‌...
ഇനിയും തോര്‍ന്നിട്ടില്ല...
ഇനി എത്ര നേരം പെയ്യും.. അറിയില്ല...

വേദനയെ ഒഴുക്കിക്കളയാനുള്ള കഴിവു ഈ മഴക്കുണ്ടെങ്കില്‍, നില്‍ക്കാതെ പെയ്യട്ടെ ഈ മഴ...

"അകത്തേക്കു കയറൂ കുട്ടീ. എത്ര നേരമായ്‌ നീ ഈ മഴയില്‍"

"വേണ്ട ഞാനിവിടെ നില്‍ക്കട്ടെ. എന്റെ കണ്ണുനീര്‍ ആരും കാണാതിരിക്കട്ടെ"

Wednesday

സമ്മാനം

ഒരു നീണ്ട യാത്രക്കിടെ ആണ്‌ ഞാന്‍ അവരെ പരിചയപ്പെട്ടതു. നാല്‍പ്പതിനു മേല്‍ പ്രായം. നിസ്സംഗത നിഴലിച്ച മുഖം.


വെറുതെ സംസാരിച്ചു തുടങ്ങിയ ഞാന്‍ എപ്പോളോ കേള്‍വിക്കാരിയായി മാറി..അവര്‍ സംസാരിച്ചു കൊണ്ടേ ഇരുന്നു...


ആറുസഹോദരങ്ങള്‍ക്കും ശേഷം , എറ്റവും ഇളയവള്‍ ആയി പിറന്നതു...
രണ്ടു വയസാകും മുന്‍പു വിധി അമ്മയെ കൊണ്ടു പോയതു..
കല്യാണപ്രായമെത്തിയപ്പൊള്‍, ഇഷടപ്പെട്ടു വന്ന ചെക്കനെ, വീട്ടുകാര്‍ ചേച്ചിക്കായി കല്യാണം ഉറപ്പിച്ചതു...
കുടുംബസ്വത്തു ഭാഗം വെച്ചപ്പൊള്‍, അച്ഛന്‍ സ്വത്തിന്റെ ഭാഗവും , തന്നെയും , നോക്കാന്‍ ആങ്ങളയെ ഏല്‍പ്പിച്ചതു...


മൂന്നു വയസ്സായ മകളെ കയ്യില്‍ എല്‍പ്പിചു, ഭര്‍ത്താവു ലോകത്തോടു വിട പറഞ്ഞതു...
ഒരമ്മയും മകളും.. തനിയെ ഉള്ള താമസം..,
അയല്‍ വക്കക്കാരുടെ കയ്യിലിരിപ്പു കൊണ്ടു, ഭര്‍ത്താവു വെച്ചു കൊടുത്ത ആ വീടു ഉപേക്ഷിക്കേണ്ടി വന്നതു...


സഹായിക്കേണ്ടി വന്നെങ്കിലോ എന്നോര്‍ത്തു, ബന്ധുക്കള്‍ ഒരോന്നായി കൈയ്യൊഴിഞ്ഞതു...
പതിനെട്ടു വയസ്സായപ്പോള്‍ തന്നെ, മകളെ ഒരുവനെ എല്‍പ്പിച്ചതു...
കല്യാണ ചെലവിന്റെ കടം തീരും മുന്‍പെ മകളുടെ പ്രസവത്തിനു കടം വാങ്ങേണ്ടി വന്നതു...


കടം ഇരട്ടി ആയപ്പോളും പേരക്കുഞ്ഞിന്റെ , മുഖം കണ്ടു ആശ്വസിച്ചതു...
തനിക്കൊരു കൂട്ടാകുമല്ലോ എന്നു കരുതി, മകളൊടും ഭര്‍ത്താവിനോടും തന്റെ കൂടെ താമസിക്കാന്‍ പറഞ്ഞതു...
കടം വീട്ടാന്‍ കൂടുതല്‍ സമയം ജോലി ചെയ്തതു...
ഭര്‍ത്താവുണ്ടാക്കുന്ന കാശു സൂക്ഷിച്ചു വെക്കുകയും, അമ്മ ഉണ്ടാക്കുന്നതു മുഴുവന്‍ മകള്‍ ചെലവാക്കുകയും ചെയ്തതു...


വീട്ടിലെ ചിലവു നോക്കണമെങ്കില്‍ ദിവസം നൂറു രൂപ ഏല്‍പ്പിക്കണം എന്നു മകള്‍ പറഞ്ഞതു...
രണ്ടാമതൊരു പേരക്കുഞ്ഞിനെക്കൂടി സമ്മാനിക്കാന്‍ മകള്‍ തയ്യാറെടുത്തതു...


ഒരിക്കലും തീരാത്ത കടത്തിന്റെ കണക്കുമായി ആള്‍ക്കാര്‍ വീടിനുമുന്‍പില്‍ കാവല്‍ നിന്നതു...


അവസാനം വീടു വിട്ടിറങ്ങിയപ്പോള്‍, തിരിച്ചു വിളിക്കാന്‍ നില്‍ക്കാതെ മകള്‍ അകത്തേക്കു കയറിപ്പോയതു...
അങ്ങനെ ... അങ്ങനെ...


അവര്‍ സംസാരം നിര്‍ത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു ." എന്നിട്ടിപ്പോ ചേച്ചി എന്തു ചെയ്യണു..?"

"ഞാന്‍ ഹോം നേഴ്സായി ജോലിചെയ്യുന്നു.. എര്‍ണാകുളത്തു.."

"ഇപ്പോള്‍ എങ്ങോട്ടേക്കു പൊകുന്നു ?".

ഇത്തിരി നേരം അവര്‍ ഒന്നും പറഞ്ഞില്ല..
പിന്നെ കയ്യില്‍ ഇരുന്ന പൊതി സാവധാനം അഴിച്ചു .

" കുഞ്ഞിനെ കാണാന്‍..
മൂന്നു മാസമായി മകള്‍ക്ക്‌ രണ്ടാമത്തെ കുഞ്ഞുണ്ടായിട്ടു...ഇതു വാങ്ങാന്‍ ഇപ്പോളേ കാശു ഒത്തു വന്നോള്ളു.."

കയ്യില്‍ തുറന്ന പൊതിയിലേക്കു ഞാന്‍ നോക്കി.

വര്‍ണ്ണാക്കടലാസില്‍, വെള്ളക്കല്ലു പതിച്ച രണ്ടു കുഞ്ഞിക്കമ്മലുകല്‍.

Friday

ഒന്നാം ക്ലാസ്സ്‌

ബെഞ്ചില്‍ അടുത്തു വന്നിരിക്കുന്ന കുറുമ്പി പെണ്ണിനെ അപ്പു ഒന്നു കൂടി നോക്കി.

പിന്നെ പതിയെ ചോദിച്ചു, "എന്താ പേര്‌?"

കുസൃതിക്കണ്ണുകളൊടെ അവള്‍ പറഞ്ഞു "പേരയ്ക്ക.."

"ങെ പേരക്കായോ??"..

"ഉം.." കണ്ണടച്ചു തലയാട്ടി അവള്‍ അപ്പൂനെ നോക്കി.

"അപ്പോള്‍ നാട്‌ നാരങ്ങയാവും അല്ലേ?" അപ്പു ചോദിച്ചു..

പിന്നെ അവര്‍ ഒന്നിച്ചു പൊട്ടി ചിരിച്ചു..

Wednesday

അന്വേഷണം

ഒരു കുറവും തനിക്കില്ലല്ലൊ.. പിന്നെ എന്തിനു എല്ലാവരും അതന്വേഷിക്കണം.

പലപ്പോഴും ഒഴിഞ്ഞു മാറി . ചോദ്യങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ ശ്രമിച്ചു.

എത്ര കാലം!!ഇല്ല ഇനി അറിഞ്ഞേ തീരൂ!!

അവസാനം അവള്‍ തീരുമാനിച്ചുറപ്പിചു.. കണ്ടു പിടിക്കുക തന്നെ.

ആരോടു ചോദിക്കണം.. ആരെ വിശ്വസിക്കണം

തടാകത്തിലെ ജലാശയം അവള്‍ക്കു കാണിച്ചു കൊടുത്തു അച്ഛന്റെ മുഖം..

മലനിരകളില്‍ പ്രതിധ്വനിച്ചതു.. അമ്മയുടെ ശബ്ദം.

അതൊന്നും അവള്‍ക്കു മനസ്സിലായില്ല.. അവളൊരിക്കലും കണ്ടിട്ടില്ലാത്ത അച്ഛ്നെയും അമ്മയെയും എങ്ങനെ തിരിച്ചറിയാന്‍.

Thursday

എന്റെ ഹോസ്റ്റെല്‍ ജീവിതം

സ്കൂള്‍ ജീവിതത്തില്‍ നിന്നും കോളേജ്‌ ജീവിതത്തിലേക്കു കടന്നപ്പോള്‍ ,അച്ഛനമ്മമാര്‍ വിചാരിച്ചു ഈയുള്ളവളെ ഒന്നു "സ്വയം പര്യാപ്ത" ആക്കണമെന്നു. അതിന്റെ പരിണത ഫലമായി ഞാന്‍ ഹോസ്റ്റലില്‍ എത്തിപ്പെട്ടു.

എന്റെ പ്രീഡിഗ്രി പഠനം കോട്ടയത്തെ ഒരു "പെണ്ണുങ്ങളുടെ മാത്രം" കോളേജില്‍ ആയിരുന്നു...

മരുന്നിനു പോലും ഒരു ആണ്‍തരിയെ എടുക്കാന്‍ ഇല്ലല്ലൊ എന്നു പെണ്‍കിളികള്‍ ആകുലപ്പെടുകയും ,മാതാപിതാക്കല്‍ ആശ്വസിക്കുകയും, ചെയ്ത കോളേജില്‍ ആകെയുള്ള ആശ്വാസം തൊട്ടപ്പുറത്തെ mixed കോളേജില്‍ നിന്നും എത്തി നോക്കുന്ന പൂവാലന്‍ ചെക്കന്‍ മാര്‍ ആയിരുന്നു..

ആദ്യ വര്‍ഷം വലിയ ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെ അല്ലറ ചില്ലറ തല്ലുകൊള്ളിത്തരവുമായി, അങ്ങനെ കടന്നു പൊയി..

dormitory പൊലെ ഒരു മുറി. ആതില്‍ ഒന്‍പതു പേര്‍. എല്ലാവരും തന്നെ അനുസരണാശീലം ഒരു ദുശ്ശീലം ആയിക്കാണുന്നവര്‍..

പഠനം അല്‍പം കുറഞ്ഞാലും,ബാക്കി എല്ലാ മേഖലകളും പരിപോഷിപ്പിച്ചു മുന്നേറിക്കൊണ്ടിരുന്ന ഞങ്ങളെ, ഒന്നു കശക്കി വെറെ പല മുറികളില്‍ ആക്കിയാലോ എന്നു മേട്രന്‍ സിസ്റ്ററമ്മ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. പിന്നെ ഇരുന്നും ,നിന്നും ,വ്രതമെടുതും ആലോചിച്ചു.

"ഇതിലൊരെണ്ണം അവിടെ എത്തിയാല്‍ .. അവിടെ ഉള്ളതുങ്ങള്‍ എല്ലാം ഇമ്മാതിരി ആയിപ്പൊകും" എന്ന തിരുവുള്ളപ്പാടുണ്ടാകുകയും അങ്ങനെ ,ആ ഉദ്യമം ഉപേക്ഷിക്കുകയും ചെയ്തു.

അങ്ങനെ.. എന്നത്തെയുമ്പോലെ അന്നും രാത്രി പത്തുമണി ആയപ്പോള്‍ , എല്ലാവരും കിടക്കാന്‍ സമയമായെന്നു ഓര്‍മ്മപ്പെടുത്തി സിസ്റ്ററമ്മ വന്നു.. സിസ്റ്ററമ്മയുടെ നോട്ടത്തില്‍ മുറികളിലെ ബള്‍ബുകള്‍ താനേ അണഞ്ഞു.. ലൈറ്റ്‌ അണയാത്തമുറിയുടെ വെളിയില്‍ വന്നുനിന്നു ,അകത്തേക്കു കിളിവാതിലില്‍ക്കൂടി എത്തി നോക്കി.(മുറികളുടെ വാതിലിന്റെ മുകളിലത്തെ ഭാഗം കിളിവാതില്‍ മാതൃക ആണു. )

"നിനക്കൊന്നും കിടക്കാറായില്ലേടി .. കണ്ടവന്റെ കുറ്റം പറയാതെ ഇവള്‍ക്കൊന്നും ഉറക്കോമില്ലേ" എന്നൊക്കെ വഴക്കും പറഞ്ഞു, തിരുക്കരങ്ങളാല്‍ കതകില്‍ തട്ടി ലൈറ്റ്‌ ഓഫ്‌ ആക്കിച്ചു സിസ്റ്ററമ്മ പൊയി.

അങ്ങനെ എല്ലാവരും ഉറങ്ങി കുറേനേരം കഴിഞ്ഞപ്പൊള്‍..


"അയ്യോാ" .. ഉറക്കെ ഉള്ള നിലവിളി കേട്ടാണു സിസ്റ്ററമ്മ ഉണര്‍ന്നതു..

മുറിയില്‍ നിന്നും ചാടിയിറങ്ങി സിസ്റ്റര്‍ ഉറക്കെ ചോദിച്ചു..
"ആരാ അതു.. എന്താ അവിടെ? എന്തുപറ്റി..?"

പിന്നെ തലങ്ങും വിലങ്ങും ഇടനാഴിയില്‍കൂടി ഒരു ഓട്ടപ്രദക്ഷണവും..

"എവിടുന്നാ ശബ്ദം ? ആരാ കരഞ്ഞെ?" സിസ്റ്റര്‍ വീണ്ടും ചോദിച്ചു..

ഒരൊ മുറികളിലായി ലൈറ്റ്‌ തെളിഞ്ഞു.. ഒരൊരുത്തരായി ഓരോ മുറിയില്‍ നിന്നു വേളിയിലെക്കു വന്നു..

സിസ്റ്റര്‍ ഇടനാഴിയില്‍ക്കൂടി ഒരു ഓട്ടപ്രദക്ഷണവും വീണ്ടും നടത്തി..

ഞങ്ങളുടെ മുറിയില്‍ ഒഴികെ എല്ലാ മുറിയിലും ലൈറ്റ്‌ തെളിഞ്ഞു . അവിടെ ഒന്നും നോക്കിട്ടു ഒരു കുഴപ്പോമില്ല..

അപ്പോള്‍ പിന്നെ..

സിസ്റ്റര്‍ ഞങ്ങളുടെ മുറിയുടെ അടുത്തേക്കു വന്നു..കിളിവാതിലിലൂടെ നൊക്കി..
ഇടനാഴിയില്‍ നിന്നും ഉള്ള അരണ്ട വെളിച്ചത്തില്‍ സിസ്റ്റര്‍ അതു കണ്ടു..ഫാനില്‍ തൂങ്ങി നില്‍ക്കുന്ന ഒരു രൂപം..

"അയ്യൊ ഗ്രേസിയെ " എന്നു സിസ്റ്റര്‍ പറയാന്‍ ശ്രമിക്കുന്നതും പിന്നെ ഭിത്തിയിലേക്കു ചാരി പതിയെ നിലത്തേക്കിരുന്നതും നോക്കി ബാക്കി ഉള്ളവര്‍ ഓടിക്കൂടി..............................

ഫ്ലാഷ്‌ ബാക്ക്‌:

എന്നത്തേയും പൊലെ, അന്നും രാവേറെ ചെല്ലുന്നതുവരെ വര്‍ത്തമാനം പറഞ്ഞു ഇരുന്നു .അങ്ങനെ മെഴുകുതിരികള്‍ തീരുകയും ,പഠനം തീരാതിരിക്കുകയും ചെയ്തു.മുന്‍പില്‍ തുറന്നു വെച്ച ഊര്‍ജതന്ത്ര റെക്കോര്‍ഡില്‍ എഴുതാന്‍ ഉള്ള ഊര്‍ജ്ജം മുഴുവന്‍ ചോര്‍ന്നു പോയതിനാല്‍ , ഇനി എഴുതിയാല്‍ അതു തന്ത്രം മാത്രം ആകും എന്ന തിരിച്ചറിവു കൊണ്ടു, ഞാന്‍ ഉറങ്ങാന്‍ തീരുമാനിച്ചു..

കിടക്കുമ്പൊള്‍ ഹാംഗറില്‍ നൈറ്റി ഇട്ടു ,അതു ഫാന്‍ ഫിറ്റ്‌ ചെയ്തിരുന്ന മുറിക്കു കുറുകനെ ഉള്ള കമ്പിയില്‍ ഇടുന്ന ഗ്രേസിയൊടു എന്നത്തേയും പൊലെ പറഞ്ഞു
"നിന്നെ ഒരു ദിവസം സിസ്റ്ററമ്മ ഇതു പൊലെ തൂക്കും" (മുറിയില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ ഇടരുത്‌ എന്നു പഴയ നിയമം 1:2:3)

എന്റെ കട്ടില്‍ ജനാലക്ക്‌ അടുത്തായിരുന്നു. ഇടക്കിടെ മറ്റേ കെട്ടിടത്തില്‍ പ്രത്യക്ഷപ്പെടാറുള്ള കള്ളനെയും മനസ്സില്‍ ധ്യാനിച്ച്‌, ജനാല തുറന്നിട്ടു, എന്റെ ആഭരണങ്ങള്‍,( ഒരു പെണ്‍കുട്ടിക്കു അത്യാവശ്യം വേണ്ടതു എന്നു അച്ഛനമ്മമാര്‍ക്കു തോന്നുന്ന മാല ,കമ്മല്‍, വള. ) ഒക്കെ യഥാസ്താനത്തു ഉണ്ടു എന്നു ഉറപ്പു വരുതി ഞാന്‍ കിടന്നു.

"നീ രാവിലെ എന്നേയും കൂടി ഒന്നു വിളിക്കണെ" കിടക്കാന്‍ നേരം അയലത്തെ കട്ടിലുകാരിയോടു പറഞ്ഞു.

രാത്രിയില്‍ എപ്പോളോ ഉണര്‍ന്ന അവള്‍ കിടന്നു കൊണ്ടു,തൊട്ടടുത്ത കട്ടിലില്‍ നിന്നും എന്നെ വിളിച്ചു. പക്ഷെ വിളിക്കാന്‍ ഉയര്‍ത്തിയ കൈ വന്നു വീണതു എന്റെ കഴുത്തില്‍ . കള്ളനെ ധ്യാനിച്ചു ഉറങ്ങിയ ഞാന്‍, സര്‍വ ശക്തിയും എടുത്തു ഉച്ചത്തില്‍ അയ്യോ എന്നു വിളിച്ചതും , ഞങ്ങള്‍ രണ്ടും ചാടി എണീറ്റതും ഒപ്പം കഴിഞ്ഞു.. പരിസര ബോധം വന്ന ഞാന്‍ പെട്ടെന്നു പുതപ്പിനടിയില്‍ ഒളിച്ചു. അതേപോലെ കൂട്ടുകാരിയും.

എന്റെ നിലവിളി കേട്ടുണര്‍ന്ന ഞങ്ങടെ മുറിയില്‍ ഉള്ളവര്‍ ,ഞങ്ങള്‍ രണ്ടു പേരും പെട്ടെന്നു കിടക്കുന്നതാണു കണ്ടതു.
"പിന്നേയും എന്തോ ഒപ്പിച്ചു" എന്ന് ആരോ പറഞ്ഞതു കേട്ടതും, വീണ്ടും എല്ലാവരും അവനവന്റെ കട്ടിലുകളില്‍ ഫ്ലാറ്റ്‌.....പിന്നെ സിസ്റ്ററമ്മ പ്രത്യക്ഷപ്പെട്ടതും ,തളര്‍ന്നിരുന്നതും ബാക്കി വെളിയില്‍ക്കൂടിയവര്‍ വാതിലില്‍ മുട്ടി കതകു തുറപ്പിചതും, പുറകെ സിസ്റ്ററിന്റെ ചമ്മലും, അതു മറയ്കാനുള്ള ശകാരവും എല്ലാം രസകരമായ ഒരു ഓര്‍മ..

(സമര്‍പ്പണം: ഈ കാര്യം പറഞ്ഞു പിന്നെ ഒരു വര്‍ഷത്തേക്കു എന്നെ target ആക്കിയ എല്ല സഹമുറിയത്തിമാര്‍ക്കും)

Monday

ഹിന്ദി

"ഇന്നു എന്താ പഠിപ്പിച്ചേ? .. "

ഉടുപ്പൂരിയിടാന്‍ സഹായിക്കുന്നതിനിടെ ഞാന്‍ മോനോടു ചോദിച്ചു..

"അമ്മേ ഇന്നു ഞങ്ങളെ ഹിന്ദി പാട്ടു പഠിപ്പിച്ചു.. "

എന്റെ പ്രതികരണത്തിനു കാത്തു നില്‍ക്കാതെ അവന്‍ പാടി..

"ഏക്‌ റ്റമാട്ടര്‍ ലാല്‍ ലാല്‍
‍ജൈസെ മേരെ സുന്ദര്‍ ലാല്‍
‍മെം ഭി ഖാവോ
തും ഭി ഖാവോ
ഹോജായെ സബ്‌ ലാല്‍ ലാല്‍"

പാട്ടില്‍ അങ്ങനെ ലയിച്ചു ഞാന്‍ ചോദിച്ചു "എന്താ മോനെ അതിന്റെ അര്‍ഥം.. ?"

"ഒരു റ്റൊമറ്റൊ, നല്ല ചുവപ്പ്‌,
ബേബി കഴിക്കൂ
തുമ്പി കഴിക്കൂ
എല്ലാരും നല്ല ചുവപ്പു ആകും.."

അര്‍ഥം കേട്ടു കണ്ണു മിഴിച്ചു നില്‍ക്കുന്ന എന്നെ ശ്രദ്ധിക്കാതെ അവന്‍ കളിക്കാനോടി..

Friday

നായര്‌ പിടിച്ച പുലിവാല്‌..

രാവിലെ കുളിച്ചു സുമുഖനും സുന്ദരനും ( ഒരു 2 ഡിഗ്രി കൂടി ഇരിക്കട്ടെ...) ചേട്ടന്‍
"എടീ.. എടിയേയ്‌.. ഞാന്‍ ഒന്നു മെഡിക്കല്‍ ചെക്കപ്പ്‌ ചെയ്തിട്ടു വരാം.."

"ഇതെന്താ ഇപ്പൊ ഇങ്ങനെ തൊന്നാന്‍.. ഇനി വല്ല ആരോഗ്യ പ്രശ്നവും ഉണ്ടോ.."
ആദ്യ ഭാഗം ഉറക്കെയും ,രണ്ടാം ഭാഗം പതുക്കെയും പറഞ്ഞ്‌.. ആകെ ഒരു സംശയത്തില്‍ ഞാന്‍ ചേട്ടനെ നോക്കി.

ചേട്ടന്‍ ഒരു ചെറു ചിരി പാസ്സ്‌ ആക്കി..
"അതേയ്‌.. ഞങ്ങടെ കമ്പനിയുടെ വക മെഡിക്കല്‍ ചെക്കപ്പ്‌ ഫ്രീ.. അതാ"

ഓ.. (ഒരു പരസ്യത്തിലെ പൊലെ, ആശ്വസത്തോടെ ശ്വാസവും വിട്ട്‌ ഞാന്‍)

.......

ചെക്കപ്പ്‌ കഴിഞ്ഞെത്തിയ ചേട്ടന്‍
"അതേയ്‌.. എല്ലാം ഓക്കെ.. പക്ഷെ.. ഹൃദയത്തിനു ഇത്തിരി ഇടിപ്പു കൂടിപ്പോയോ എന്ന്‌ ഒരു സംശയം.."

"ലേഡി ഡോക്ടര്‍ ആയിരിക്കും ടെസ്റ്റ്‌ നടത്തിയെ" സത്യാവസ്ഥ ബോധിപ്പിച്ചു ഞാന്‍

"അതല്ല.. ഒരു ടെസ്റ്റ്‌ border line high ആണു എന്ന്‌ ..അതുകൊണ്ടു വേറെ ഒരു ടെസ്റ്റ്‌ ഉം കൂടി നടത്തണം.."

"ഒ.." ( ഇന്ത്യ പാക്ക്‌ ബോര്‍ഡെര്‍നെക്കുറിച്ചു മാത്രം അല്‍പ്പസൊല്‍പം വിവരം ഉള്ള ഞാന്‍, ഒന്നും മനസ്സിലാകാതെ ചേട്ടനെ നോക്കി)
"പുതിയ ടെസ്റ്റ്‌ എന്താണ്‌"

"എന്തോ ഒരു CT angiogram.. അതു അത്ര പാട്‌ ഒന്നും ഇല്ല.. വെറുതെ അങ്ങു ചെല്ലുക ഒരു സ്കാനിംഗ്‌ പൊലെ ഒരു സംഗതി.. അതു ചെയ്യുക, പോരുക അത്ര തന്നെ. നീയും പോരെ.. "

അടുത്ത ദിവസം രാവിലെ ചേട്ടനെ അനുഗമിച്ചു ഞാനും ആശുപത്രിയിലേക്ക്‌..

അവിടുത്തെ ചിട്ടവട്ടങ്ങള്‍ ഒക്കെ പൂര്‍ത്തിയാക്കി.. 'ചലോ സ്കാനിംഗ്‌ റൂം' എന്ന സിസ്റ്ററമ്മയുടെ ഓര്‍ഡറില്‍ ഞങ്ങള്‍ 2 പേരും സ്കാനിംഗ്‌ റൂമിലേക്കു..

മുറിക്കു മുന്‍പില്‍ ഇരിക്കുമ്പോള്‍, ഇതൊന്നും വല്യ കാര്യമേ അല്ല എന്ന ഭാവം ചേട്ടന്‌..

അപ്പോള്‍ ഐശ്വര്യം തുളുമ്പുന്ന മുഖവുമായി, അന്‍പതുകള്‍ പിന്നിട്ട, ഒരു അമ്മ ടെസ്റ്റിംഗ്‌ റൂമില്‍ നിന്നും ഇറങ്ങി ചേട്ടന്റെ അടുത്തു ഇരുന്നു.

എന്നിട്ടു വിഷമം നിറഞ്ഞ ഒരു ചിരിയോടെ..

"നിങ്ങളും ടെസ്റ്റിങ്ങിനു വന്നതാണോ ? ഞാന്‍ ഇവിടെ ഡോക്ടര്‍ നെ ഒന്നു കാണാന്‍ വന്നതാ... ഡോക്ടര്‍ പറഞ്ഞു ഈ ടെസ്റ്റ്‌ ചെയ്യണം ന്നു, പക്ഷെ എന്നെക്കൊണ്ടു പറ്റില്ല, 20 സെക്കന്റ്‌ ശ്വാസം പിടിച്ചിരിക്കാന്‍.."

'അയ്യൊ, ടെസ്റ്റിന്‌ ഉള്ള കാശ്‌ അടച്ചപ്പോളേ ശ്വാസം പോയതാ, ഇനി ഇപ്പോ..' ഞാന്‍ ചേട്ടനെ നോക്കി.

എന്തായാലും നനഞ്ഞിറങ്ങി ഇനി 'മുങ്ങിത്തന്നെ' കുളിച്ചു കളയാം എന്ന ഭാവത്തില്‍ ചേട്ടന്‍

"ഒ വെറും 20 സെക്കന്റ്‌ ? അത്രെ ഉള്ളൂ .. അതൊക്കെ വളരേ ഈസി അല്ലേ?"

പിന്നെ എന്നെ നോക്കി ചേട്ടന്‍

"ഈ പരീക്ഷണം നിന്നെപ്പോലെ ഉള്ളര്‍വര്‍ക്കാ... കാര്യം സാധിക്കാന്‍ നീ 20 നു 200 സെക്കന്റും ശ്വാസം പിടിച്ചു , എന്റെ പിറകെ നടന്നു ചിലക്കാറില്ലെ.."

ഇളിഭ്യചിരിയോടെ ഞാന്‍ ആ സ്ത്രീയെ നൊക്കി പറഞ്ഞ്‌..

"അതിനു ഇത്ര പാടുണ്ടോ അമ്മേ ? നമ്മള്‍ ഈ കുളത്തിലും ആറ്റിലും ഒക്കെ കുളിക്കുമ്പോള്‍ ശ്വാസം പിടിച്ചു മുങ്ങിക്കിടന്നു എണ്ണാറില്ലെ.. അതു പൊലെ ചെയ്താല്‍ പോരെ.."

അമ്മച്ചിയുടെ മുഖത്തു പ്രതീക്ഷതിളക്കം..പിന്നെ. പഴയകാല സ്മരണകള്‍ അയവിറക്കി ..

"ആറ്റിലൊക്കെ പുഷ്പം പോലെ 150 വരെ ഒക്കെ പോകുമായിരുന്നു..അടുത്ത തവണ വിളിക്കുമ്പൊള്‍ നോക്കാം..."

വീണ്ടും അമ്മച്ചിയെ അകത്തേക്കു വിളിച്ചു..
തിരികെ വന്നപ്പോളും പരീക്ഷയില്‍ പരാജയപ്പെട്ട നിരാശ..

"ഓ പറ്റണില്ല... ഇടക്കു പിടിവിട്ട പോലെ ശ്വാസം അങ്ങു പോകും.. പിന്നെ വേറെ ഒരു കാര്യം, സ്കാന്‍ ചെയ്യുമ്പൊള്‍ എങ്ങാനും ശ്വാസം വിട്ടു പോയാല്‍..കെട്ടിവെച്ച കാശും പോകും.." രഹസ്യം വെളിപ്പെടുത്തി അമ്മച്ചി..

(അപ്പോള്‍ അതാണു അമ്മച്ചിയെ ചിന്താവിഷ്ട ആക്കുന്നത്‌. ചേട്ടന്‍ എന്നെ നോക്കി)

കുറച്ചു കഴിഞ്ഞു വീണ്ടും അകത്തേക്കു പോയ അമ്മച്ചി ചിരിച്ചു കൊണ്ടു പുറത്തേക്ക്‌..

" എനിക്കു പറ്റാത്തതു കൊണ്ട്‌, ഡോക്ടര്‍ പറഞ്ഞു ചെയ്യേണ്ട എന്ന്‌.."

പിന്നെ കാശു രക്ഷപെട്ടു കിട്ടിയല്ലൊ എന്ന ആശ്വാസത്തില്‍ നടന്നു പൊയി..

ഞാന്‍ ചേട്ടനെ നൊക്കി..'പറ്റിക്കുമോ?', മനസ്സില്‍ ചോദിച്ചു.

അതു മനസ്സിലാക്കിയിട്ടെന്നവണ്ണം ചേട്ടന്‍ പെട്ടെന്നു ശ്വാസം പിടിച്ചു "ഒന്നെ രണ്ടെ മൂന്നേ.." എണ്ണിത്തുടങ്ങി..

അതു വഴി പോയ സിസ്റ്ററമ്മ ,ഇതെന്താ സാക്ഷരതാ ക്ലാസ്സൊ എന്ന മട്ടില്‍ ഞങ്ങളെ ഒന്നു ഇരുത്തി നൊക്കി..

ചേട്ടന്‍ നിര്‍ബാധം എണ്ണി തകര്‍ക്കുകയാണു..

എന്നിട്ട്‌ എന്നോട്‌.. "എനിക്കു 60 വരെ ഒക്കെ കൂള്‍ ആയി പറ്റും.."

ചേട്ടന്റെ പേരു വിളിച്ചു . അകത്തേക്കു പോയപ്പൊള്‍ എന്നെ ഓര്‍മ്മിപ്പിചു.." വെറും 20 സെക്കന്റ്‌ കൊണ്ടു ടെസ്റ്റ്‌ കഴിയും, 5 മിനിട്ടു കൊണ്ടു ഞാന്‍ വരാം."

അകത്തേക്കു പോയ ചേട്ടനെ കാത്തു ഞാന്‍ ഇരുന്നു..

കുറെ സമയം കഴിഞ്ഞു പതിയെ പുറത്തേക്കു വന്ന ചേട്ടന്‌ പരീക്ഷയില്‍ തോറ്റ ഭാവം

"എന്തു പറ്റി.. ഉദ്വേഗത്തോടെ ഞാന്‍..."ഇവിടെ ഇരുന്നു വാണം വിട്ടപോലെ എണ്ണിയ ആള്‍ക്കു അവിടെ പോയപ്പൊള്‍ പറ്റിയില്ലെ?"

"അതല്ല.. പരീക്ഷക്കു യോഗ്യതകള്‍ വേറേം ഉണ്ടു..heart beat rate 60 ആണെങ്കിലേ ടെസ്റ്റിംഗ്‌ പറ്റുവൊള്ളൂ.."

"ഓ.. ചേട്ടന്റെ rate എങ്ങനെ.."

"എയ്‌.. ചെന്നപ്പോള്‍ വെറും 80 .." "പിന്നെ 90 .. 100.. 110 അങ്ങനെ ഞാന്‍ എണ്ണിയതിനേക്കാള്‍ സ്പീഡില്‍"

'എ.. എനിക്കു വേണ്ടി ഇടിക്കാത്ത ഹൃദയം ഇപ്പോള്‍ എന്താ ഇങ്ങനെ മത്സരിച്ചിടിക്കാന്‍ .. ഇനി വല്ല സുന്ദരി ഡോക്ടര്‍ മാരും അകത്തുണ്ടൊ?'

മനോഗതം വെളിപ്പെടുത്താതെ ഞാന്‍ പതിയെ വാതില്‍ പഴുതിലൂടെ അകത്തേക്കു ഒളിഞ്ഞു നോക്കി..

അകത്തു, പണ്ടേതോ സിനിമയില്‍ ഇന്ദ്രന്‍സ്‌ പെണ്‍ വേഷം കെട്ടിയതിനെ ഓര്‍മ്മിപ്പിക്കുന്ന ,ഒരു നേഴ്‌സമ്മ..

ഞാന്‍ വീണ്ടും ചേട്ടന്റെ അടുത്തേക്ക്‌...

'നീ ആറ്റില്‍ കുളിക്കാന്‍ അമ്മച്ചിയെ പറഞ്ഞു വിട്ടപോലെ, എനിക്കും എന്തെങ്കിലും വേലത്തരങ്ങല്‍ പറഞ്ഞു തരാനാണെങ്കില്‍ അതു നടപ്പില്ല' എന്നു ഭാവം മുഖത്തു പ്രകടമാക്കി ചേട്ടന്‍ എഴുന്നേറ്റു.

പിന്നെ പറഞ്ഞു"ഇന്നു ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയി മരുന്നു കഴിച്ചു heart beat കുറച്ച്‌ വൈകുന്നേരം നോക്കാം ന്നു പറഞ്ഞു.."

അങ്ങനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയി..

മരുന്നു കഴിചു വൈകുന്നേരം നോക്കിയപ്പോളും പരീക്ഷണത്തിനു പോയിട്ടു , ആ മുറിയുടെ അടുത്തു പോലും പോകാന്‍ ഹൃദയം സമ്മതിക്കുന്നില്ല.

അങ്ങനെ പരീക്ഷണം അടുത്ത ദിവസത്തേക്കും, പിന്നീടു അതിനടുത്ത ദിവസത്തേക്കും മാറ്റി വെയ്ക്കപ്പെട്ടു.

അങ്ങനെ മൂന്നു ദിവസം കഴിഞ്ഞു..

മൂന്നാം ദിവസം , ഡോക്ടര്‍ വന്നു പറഞ്ഞു.. ഇനി വീട്ടില്‍പോയി ഒരു ആഴ്ച കഴിഞ്ഞു വന്നു നോക്കിയാല്‍ മതി(ഈ ടെസ്റ്റ്‌ ആരോഗ്യം ഉള്ളവര്‍ക്കു പറഞ്ഞിട്ടുള്ളതല്ല, വേഗം സ്ഥലം കാലിയാക്കു മോനേ ദിനേശാ എന്നു )

അങ്ങനെ വെറും ഒരു ടെസ്റ്റിനു വേണ്ടി, 3 ദിവസം ഹോസ്പിറ്റലില്‍ കിടന്നു, ഹൃദയത്തിന്റെ വേവലാതി മാറി,ഹൃദയമിടിപ്പിന്റെ വേവലാതി കൂടി, ഒരു പ്രശ്നവും ഇല്ലാതിരുന്ന ചേട്ടന്‍ ഇപ്പൊള്‍ എന്റെ ഹൃദയമേ (പിന്നെ എന്റെ കാശേ..) എന്നു വേവലാതിപ്പെടുമ്പോള്‍

‍ഞാന്‍ അറിയാതെ പറഞ്ഞു പോയി

നായരു പിടിച്ച പുലിവാലേ..

അങ്ങാടി മരുന്ന്‌

ഇതു ആരംഭിക്കുന്നത്‌ പതിവ്‌ പോലെ വീടിന്റെ ഉമ്മറത്തുനിന്നു തന്നെ..

ഒരു ജ്യോല്‍സ്യനെക്കാണാന്‍ പോയ അച്ഛന്‍ വന്ന പാടെ കുറിപ്പടി മേശമേല്‍ വെച്ചു..
എന്നിട്ടു ആരൊടെന്നില്ലതെ, (എല്ലാവരോടുമായി പറഞ്ഞു..)

"കുറച്ചു പൂജാസാധനങ്ങള്‍ വാങ്ങണം. ലിസ്റ്റ്‌ ഒക്കെ തന്നിട്ടുണ്ട്‌ . ആരാ ഇപ്പോള്‍ പുറത്തേക്ക്‌ പോകുന്നത്‌"'

ഇന്നു എനിക്കാവല്ലെ നറുക്കു വീഴുന്നത്‌' എന്ന്‌ പ്രാര്‍ത്ഥിച്ചു അകത്തേക്കു മുങ്ങുന്ന മക്കളുടെ സ്വഭാവം ശരിക്കു മനസ്സിലാക്കിയ അച്ഛന്‍ ഒരു ലേലം വിളിക്കു തുനിയാതെ മൂത്തയാളെ വിളിച്ചു പറഞ്ഞു

"നീ പോയി വരുമ്പോള്‍ ഈ സാധനങ്ങല്‍ ഒക്കെ ഒന്നു വാങ്ങി വരണം".
('മൂത്ത മകന്‍ ആയാലുള്ള ഒരൊരൊ ബുദ്ധിമുട്ടുകളെ' എന്നു മനസ്സില്‍ ചിന്തിച്ചു വല്യേട്ടനും, അതു തന്നെ മനസ്സില്‍ 'ചിരിച്ചു' ബാക്കി മൂന്നാളും അകത്തേക്കു പൊയി..)

വൈകുന്നേരം വന്ന വല്യേട്ടന്‍ പൂജാസാധനങ്ങളുടെ പൊതി മേശമേല്‍ വെച്ചു, കുറിപ്പടി അച്ഛനെ ഏല്‍പ്പിച്ചു പറഞ്ഞു..

"എല്ലാ സാധനവും കിട്ടി പക്ഷേ, ലിസ്റ്റ്‌ ലെ ഒരു ഐറ്റം കിട്ടിയ്‌ല്ല".

ആഛന്‍: ഒഹ്‌, (ലിസ്റ്റ്‌ ഇല്‍ നൊക്കി), നീ ആ സുകുന്റെ കടയില്‍ ചോദിച്ചോ?
ഈ കടയില്‍ എല്ലാത്തിനും അല്‍പം വിലക്കൂടുതല്‍ ആണെകിലും , "അമ്മാവാ" എന്നുള്ള ഒറ്റ വിളിയില്‍ അയാള്‍ അച്ഛനെ ഒന്നാം നമ്പര്‍ കസ്റ്റമര്‍ ആക്കി..)

വല്യെട്ടന്‍: "സുകു, ഉണ്ണി എല്ലരുടെയും കടയില്‍ ചോദിച്ചു അവിടെ ഒന്നും ഇല്ല..ഇനി വല്ല അങ്ങാടി കടയിലും ചോദിച്ചാല്‍ കിട്ടുമായിരിക്കുമ്ന്ന്‌ അവരു പറഞ്ഞു.."

അപ്പോള്‍ അതു വഴി വന്ന തങ്കപ്പന്‍ ചേട്ടനോട്‌
(തങ്കപ്പന്‍ ചേട്ടന്‍, അച്ഛന്റെ കൃഷി ഉദ്യമത്തെ സഹായിച്ചും, സ്വന്തം കീശയില്‍ നാണ്യം വിളയിച്ചും കഴിയുന്ന ഒരു പാവം സാധു)

അഛന്‍ : " എടാ, ഇതു എവിടെ കിട്ടും ?

ലിസ്റ്റ്‌ വാങ്ങി , പണിപ്പെട്ടു വായിച്ചു തങ്കപ്പന്‍ ചേട്ടന്‍..

"ഇത്‌.. ഉം..ഇത്‌ പണ്ട്‌ നമ്മുടെ കിഴക്കേ പറമ്പില്‍ ഒക്കെ ഇഷ്ടം പോലെ ഉണ്ടായിരുന്നല്ലോ? ഇപ്പോളുണ്ടോന്നു ഞാന്‍ നോക്കട്ടെ", എന്നു പറഞ്ഞു പതിയെ തടി തപ്പി.

അച്ഛന്‍ ഇളയ ആളെ വിളിച്ചു
(മൂത്ത ആള്‍ ഉത്തരവാദിത്തം കൊണ്ടും, ഇളയ ആള്‍ പ്രത്യേകിച്ചു പണി ഒന്നും ഇല്ലാത്തതു കൊണ്ടും എപ്പോളും അച്ഛന്റെ ടാര്‍ജെറ്റ്‌ ആകാറുണ്ട്‌)

അഛന്‍: " മോനെ നീയാ അങ്ങാടിക്കടയില്‍ ഒന്നു ചോദിക്കു.."

പുറത്തേക്കു പോയി അവന്‍ തിരികെ വന്നപ്പൊള്‍..

"അച്ഛാ അതു കിട്ടിയില്ല ട്ടൊ. അയാളു പറഞ്ഞു ഇപ്പൊള്‍ തീര്‍ന്നതെ ഉള്ളൂ എന്നു".

അഛന്‍: "എന്നാല്‍ നിനക്കു ആ വേലായുധന്‍ വൈദ്യരുടെ അടുത്തു ചോദിക്കാമായിരുന്നില്ലെ.."

"അവിടെയും ചോദിച്ചു. അയാള്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച കുഴമ്പുണ്ടാക്കിയപ്പൊള്‍ മുഴുവന്‍ എടുത്തു. പിന്നെ കിട്ടുവാണേല്‍ കൊണ്ടെ തരാം എന്നും."

"ഇനി ഇപ്പൊള്‍ എവിടെ കിട്ടും" അഛന്റെ ഉറക്കെ ഉള്ള ആത്മഗതം.

പൂജക്കുള്ള ദിവസം അടുത്തു വന്നു. കിട്ടാത്ത ഐറ്റത്തെക്കുറിച്ചുള്ള അച്ഛന്റെ ആധി ഏറിയും..

ഇനി എന്തായാലും ജ്യൊല്‍സ്യനോടു തന്നെ ചോദിക്കാം എന്നു വിചാരിച്ചിരിക്കുമ്പൊള്‍ അയാള്‍ അതു വഴി വന്നു..

അച്ഛനെക്കാളും പ്രായം കൊണ്ടു ഇളപ്പമായതിനാലും, പരിചയക്കാരനായതു കൊണ്ടും, അച്ഛന്‍ അല്‍പം അധികാരഭാവത്തില്‍, നീരസത്തൊടെ ..

"ഈ ലോകത്തു കിട്ടാത്ത സാധനം ഒക്കെ ലിസ്റ്റില്‍ എഴുതിയാല്‍ എങ്ങനെയാ ഗോവിന്ദാ.."

ഗോവിന്ദന്റെ മുഖത്തു ചോദ്യഭാവം പിന്നെ.."എതു സാധനം ??

"ലിസ്റ്റ്‌ ചൂണ്ടിക്കാണിച്ച അച്ഛന്റെ മുഖത്തു നോക്കി ,ഗോവിന്ദന്‍ ഐറ്റം വായിച്ചു.

"ഗരുഡ പഞ്ചാക്ഷരി" അതു ഇവിടെ ചെയ്യാനുള്ള ഹോമത്തിന്റെ പേരല്ലേ..


(ഇത്‌ കിഴക്കേ പറമ്പില്‍ അന്വേഷിച്ചു നടക്കുന്ന തങ്കപ്പന്‍ ചേട്ടനെയും , കടയില്‍ വെച്ചു വില്‍ക്കുന്ന അങ്ങാടി ക്കടക്കാരനെയും, കുഴമ്പില്‍ ചേര്‍ത്ത വേലായുധന്‍ വൈദ്യരെയും ഓര്‍ത്തു ഞാന്‍ അങ്ങനെ നിന്നു)

Thursday

ഡയറക്റ്റ്‌ മാര്‍ക്കെറ്റിംഗ്‌

"ഗുഡ്‌ മോര്‍ണിംഗ്‌ സര്‍"

ഈ ഗ്രാമത്തില്‍ ആംഗലെയത്തില്‍ ഉള്ള സുപ്രഭാതം നേരുന്നതു ആരണവൊ? ഞാന്‍ പതിയെ ഉമ്മറത്തേക്കു ചെന്നു.

കാലത്തെ ഗൊദാ യില്‍ ഇറങ്ങിയ ഗുസ്തിക്കാരന്റെ ഭാവത്തില്‍ , tie ഒക്കെ കെട്ടി ഒരു ചെറുപ്പക്കാരന്‍, എതൊ പ്രോഡക്ട്‌ ,എന്റെ ഭര്‍ത്രു പിതാവിനെ ക്കൊണ്ടു വാങ്ങിപ്പികുവാന്‍ ഉള്ള ശ്രമത്തിലാണ്‌......(അതിനു ഒരു ഗുസ്തി തന്നെ വേണ്ടി വരും എന്നു മനസ്സില്‍ ചിരിച്ചു, ഞാന്‍ പതിയെ ഉള്ളിലേക്കു വലിയാന്‍ ശ്രമിച്ചു. പക്ഷെ അതിനു മുന്‍പെ..)

"ആഹ്‌ വരൂ madam ഞാന്‍ ഒരു പ്രോഡക്ട്‌ sir നു പരിചയപ്പെടുത്തുവാന്‍ പൊകുകയായിരുന്നു.."

ഈശ്വരാ... പെട്ടു പൊയല്ലൊ ...

അവന്റെ കത്തിക്കു സ്വന്തം തല വെച്ചു കൊടുത്തു , അഛനൊടു ഐക്യദാര്‍ട്യം പ്രഖ്യാപിച്ചു ഞാന്‍ അവിടെ തന്നെ നിന്നു...

ബാഗ്‌ തുറന്നു പയ്യന്‍ ഒരു ബോക്സ്‌ എടുത്തു..
എന്നിട്ടു അതിന്റെ 'ഗുണഗണങ്ങള്‍' വര്‍ണ്ണിച്ചു തുടങ്ങി..."

സര്‍ ഇതു ഒരു വേപൊറൈസര്‍ ആണു..
ഇപ്പൊള്‍.. സര്‍ നു ഒരു ജലദോഷം വന്നാല്‍.. ഏറ്റവും എളുപ്പം ഉള്ള ഒരു മരുന്നു, ആവി പിടിക്കുകയാണു..."(ജലദൊഷം വന്നാലത്തെ മുഖഭാവവു മായി ഇരിക്കുന്ന അഛന്റെ മുഖത്തു നോക്കി,വളരെ പ്രധാനപ്പെട്ട ഒരു അറിവു ഞങ്ങള്‍ക്കു പകര്‍ന്നു തന്ന സന്തൊഷത്തൊടെ പയ്യന്‍ തുടര്‍ന്നു )

"അതിനു എറ്റവും നല്ല ഉപകരണം ആണു ഇതു .(വേപൊറൈസര്‍ എടുത്തു പൊതി തുറന്നു വെളിയില്‍ വെക്കുന്നു..)

"ദാ ഇതില്‍ വെള്ളം ഒഴിച്ചു, അല്‍പനേരം പ്ലുഗില്‍ കുത്തി വെച്ചാല്‍, നന്നായി ആവി ഇതു വഴി വരും.."

"അല്ല.. ഇനി ഇപ്പൊള്‍ സര്‍ നു നടുവിനു വേദന വന്നു എന്നു വിചാരിക്കൂ.."(അഛന്റെ മുഖത്തു ജലദോഷക്കാരനില്‍ നിന്നും നടുവിനു വേദന വന്ന ആളിലെക്കുള്ള ഭാവമാറ്റം..)

"കുഴമ്പൊക്കെ പുരട്ടി യ ശേഷം ഇതു കൊണ്ടു ആവി പിടിക്കാം.."

അപ്പൊള്‍ ആണു ഇതൊക്കെ ശ്രദ്‌ധയൊടെ കെള്‍ക്കുന്ന എന്റെ സാന്നിധ്യം ഓര്‍ത്തു, ഇനി എങ്ങാനും വേപൊറൈസര്‍ വാങ്ങിക്കാന്‍ ഞാന്‍ ശുപാര്‍സ ചെയ്തലൊ എന്നു ആലൊചിച്ചു, ടാര്‍ജെറ്റ്‌ എന്നെ ആക്കി...
"ഇപ്പൊ ചേച്ചി ക്കു..മുഖത്തു ആവി പിടിക്കാനും ഇതു ഈസി ആയി ഉപയോഗിക്കാം... മുഖം നല്ല ക്ലീന്‍ ആകും ,സ്കിന്‍ ക്ലിയര്‍ ആകും..

('അങ്ങനെ എങ്കിലും ഇവളെ ഇനി വെളുപ്പിക്കാന്‍ പറ്റുമൊ' എന്ന ചിന്തയില്‍ അചന്‍ എന്നെ നൊക്കി. ഭാവിയില്‍ ഐശ്വര്യ റായി യുടെ ഗ്ലമര്‍ ആകുമായിരിക്കും എന്നു മനസ്സില്‍ ധ്യാനിചു ഞാന്‍ വിവരണം സശ്രദ്‌ധം കേട്ടു)

അപ്പൊള്‍ അകത്തു നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ടു, ഒരു വിവരണതിനു കിട്ടിയ ചാന്‍സ്‌ കളയാതെ.. .

"കുഞ്ഞുങ്ങള്‍ക്കു ഇടക്കിടക്കു വരുന്ന മൂക്കടപ്പു, ചുമ ഇതിനെല്ലാം ആവി പിടിക്കുന്നതു വളരെ നല്ലതാണ്‌"
...........

ഇതിനു എത്ര യൂണിറ്റ്‌ കറെന്റ്‌ ആകും? , അച്ചന്‍ ചോദിച്ചു (മാസാമാസം വരുന്ന ഇലക്ട്രിസിറ്റി ബില്‍ ഷോക്ക്‌ ട്രീറ്റ്‌ മെന്റ്‌ എല്‍ക്കുന്ന ഒരു കുടുംബനാഥന്റെ ആധി)

"പിന്നെ ഇതിനു എത്ര രൂപ ആണ്‌"?

"ഇതു എത്ര നേരം പ്രവര്‍ത്തിപ്പിക്കാന്‍ പറ്റും?"

"വെറും വെള്ളം ഒഴിച്ചാല്‍ മതിയൊ?"

ഇങ്ങനെ ഉള്ള അചന്റെ സംശയങ്ങള്‍ എല്ലാം ദുരീകരിച്ചു, തന്റെ മാര്‍ക്കെറ്റിംഗ്‌ കഴിവില്‍ പുളകം കൊണ്ടു.ടാര്‍ജെറ്റ്‌ തികക്കാന്‍ ഇനി ഒരാളെ കുറച്ചു നോക്കിയാല്‍ മതിയല്ലൊ എന്നു ആശ്വസിച്ചു , പതിയെ രസീതു കുറ്റി എടുതു 'റ്റീ പൊയ്‌' യില്‍ വെച്ചു.

അഛന്‍ പതിയെ എഴുന്നേറ്റു അകത്തേക്കു പൊയി...

ഇതു ദിവസവും ഉപയോഗിച്ചു, എനിക്കു വരാന്‍ പോകുന്ന ഗ്ലാമര്‍ നെ യും സ്വപ്നം കണ്ടു കൊണ്ടു ഞാന്‍ അങ്ങനെ നിന്നു.

അകത്തേക്കു പൊയ അചന്‍ തിരികെ എത്തിയപ്പൊള്‍, ഞാന്‍ ഞെട്ടി...
കൂടെ മര്‍ക്കെറ്റിംഗ്‌ പയ്യനും....

അചന്റെ കയ്യില്‍ അവന്‍ വിശദീകരിച്ചു കാണിച്ചു തന്ന അതേ സാധനം..

"ഇന്നലെ രാത്രി ഇവിടുത്തെ മൂത്തവന്‍ വാങ്ങി ക്കൊണ്ടു വന്നതാ... ഇതിന്റെ വര്‍ക്കിംഗ്‌ ഒക്കെ അറിയാന്‍ വേണ്ടി ഒന്നു ചോദിച്ചതാ"
അഛന്റെ വക വിശദീകരണം..

(ശേഷം ചിന്ത്യം)

Wednesday

കണ്‍സല്‍ട്ടന്റ്‌

രാവിലെ തന്നെ ആരാണവൊ ഫോണ്‍ വിളിക്കണെ ? മൊബില്‍ നിര്‍ത്താതെ ശബ്ദിക്കുന്നതു കെട്ടാണു ഉണര്‍ന്നതു..

നോക്കിയപ്പൊള്‍ നേരത്തെയും ഒരു "മിസ്സ്‌" വന്നിട്ടുണ്ട്‌. "
"നേരത്തെയും ആരൊ വിളിച്ചു "ചേച്ചി പറഞ്ഞു.

ഓ കസിനാണല്ലൊ.. അവന്റെ കയ്യില്‍ നിന്നും എടുത്ത LIC തുക അടച്ചതാണല്ലൊ.." ഇങ്ങനെ എല്ലാം ഒാര്‍ത്തു ഫോണ്‍ അറ്റെണ്ട്‌ ചെയ്തു..

"ചേച്ചി ഞാനാ.. എന്തൊക്കെ ഉണ്ടു വിശേഷം ?"
"സുഖം തന്നെ.. എന്താടാ കാലത്തെ?"
"എയ്‌ വെറുതെ.... ചേട്ടനില്ലെ...ചേട്ടനോട്‌ ഒരു കാര്യം ചോദിക്കനാ..ഒരു കാര്‍ വാങ്ങിയാലോ എന്നു ഒരു ആലൊചന... അഭിപ്രായം ചോദിക്കനാ"
"ok കൊടുക്കാം.."

കാലത്തെ എനിക്ക്‌ ആരെയാ കത്തി വെയ്കാന്‍ കിട്ടിയതു എന്ന ചോദ്യ ഭാവത്തില്‍ നില്‍ക്കുന്ന ചേട്ടന്റെ കയ്യിലെക്കു ഞാന്‍ ഫോണ്‍ കൊടുത്തു..

പിന്നെ സംഭാഷണം ഇങ്ങനെ
..ഉം.. ഈ കാര്‍ നല്ലതാ....
(മറു തലക്കല്‍ എതൊ അന്വേഷണം)
ഉം.. അതും നല്ലതാ
( പിന്നെ സംഭാഷണം 2 കാര്‍നെക്കുറിച്ചു മാത്രമായി)

ഇതിനു മെയിലേജ്‌ ഇല്ല, പക്ഷെ നല്ല pick up ഉണ്ടു.
......
അതിനു space കുറവാ,..പക്ഷെ അതു ചെറിയ വണ്ടി ആയതു കൊണ്ടു , കൊണ്ടു നടക്കാന്‍ എളുപ്പമാ
.........
ഇതു hucth back ആയതു കൊണ്ടു കയറാനും ഇറങ്ങാനും എളുപ്പമാ..പക്ഷെ വില കൂടുതലാ
.........
ഇതിനു resale വാല്യൂ ഉണ്ട്‌..അതിനും resale വാല്യൂ ഉണ്ടു
..........
ഇത്രയും കേട്ടപ്പൊള്‍ ഞാന്‍ ചേട്ടനെ നൊക്കി ..
ചേട്ടന്‍ ഒരാള്‍ക്കു കൂടി consultancy service (confusion service അല്ലേ കൂടുതല്‍ ചേര്‍ച്ച ) കൊടുക്കുന്ന ഭാവത്തില്‍ സംസാരം തുടര്‍ന്നു..

ഇങ്ങനെ ഒരു അഭിപ്രായത്തില്‍ എങ്ങനെ തീരുമാനം എടുക്കും എന്ന ചിന്തയില്‍ കുഴങ്ങുന്ന cousin നെ ഒാര്‍ത്തു ഞാന്‍ നിന്നു. ചേട്ടന്‍ സംസാരം മതിയാക്കി "നിനക്കൊക്കെ കാറിനെ ക്കുറിച്ചു എന്തു അറിയാം" എന്ന രീതിയില്‍ എന്നെ നോക്കി നടന്നു പോയി..

"ആകാശത്തിനു താഴെ ഭൂമിക്കു മുകളില്‍ ഉള്ള എന്തിനെ ക്കുറിച്ചും അഭിപ്രായം പറയുന്ന ആളാണു കണ്‍സല്‍ട്ടന്റ്‌" എന്ന് ചേട്ടന്റെ നിരവ്വചനം മനസാ സ്മരിച്ചു, cousin ന്റെ തീരുമാനം എന്താവുമൊ എന്നു confused ആയി ഞാനും പുറകെ പൊയി