Wednesday

കേട്ടതും കണ്ടതും

ഓഫീസില്‍ നിന്ന് തിരക്കിട്ട് വീടെത്തുമ്പോള്‍ അവള്‍ ഓര്‍ത്തു, രാവിലെ കേട്ട വഴക്കിന്റെ ബാക്കി ഉണ്ടാവും ഇനി.കുട്ടികള്‍ രണ്ടാളും അയലത്തെ മുറ്റത്തു കളിക്കുന്നു.മുന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുന്നു. ഇന്ന് അവന്‍ നേരത്തേ എത്തിയിട്ടുണ്ട്.പുറകുവശത്ത് നിന്നും അയാളുടെ സംസാരം കേട്ടു. അയലത്തെ അമ്മൂമ്മയും ആയി ആണ്

“എന്തിനാ മോനെ, ആ കൊച്ചിനെ വെറുതെ ഇങ്ങനെ ശുണ്ഠി പിടിപ്പിക്കണെ ?“
“ഓ,അതു ചുമ്മാതല്ലേ അമ്മൂമ്മെ. “
“എന്തു ചുമ്മാ, ഇന്നു രാവിലേയും കൂടി കണ്ടുവല്ലോ , ആ കുട്ടിയുടെ കണ്ണു ചുവന്നിരിക്കുന്നത്.“
“അമ്മൂമ്മക്കറിയില്ല, ലാളിച്ചു വഷളാക്കിയിരിക്കുന്നു അവളെ. രണ്ടിനു പകരം ഇപ്പോള്‍, എനിക്ക് മൂന്നാ കുട്ടികള്‍. “


അവന്റെ കണ്ണുകളിലെ സ്നേഹം, അമ്മൂമ്മയുടെ പല്ലില്ലാത്ത മോണകളില്‍ തട്ടി പ്രതിഫലിക്കുന്നത് അവള്‍ കണ്ടു.

Monday

അകത്തും പുറത്തും

പുകഞ്ഞ കൊള്ളി പുറത്ത്,
പുകഞ്ഞ മനസ്സ് അകത്തും.

Wednesday

ചില ‘ജനുവരി‘കള്‍

“എങ്ങോട്ടാ അമ്മയും മകളും കൂ‍ടി , കാലത്തെ ?” അയല‍ത്തെ കാര്‍ത്ത്യായനി അമ്മൂമ്മ ആണ്.

പുതിയ ഉടുപ്പിന്റെ ഭംഗിനോക്കി അമ്മയുടെ കയ്യില്‍ തൂങ്ങി നടക്കുന്നതിനിടയില്‍ അതു കേട്ടില്ലാ എന്നു നടിച്ചു.‘പറപ്പയുടെ പോലെ കൈകളുള്ള ,മഞ്ഞകളര്‍ ‘ പുത്തനുടുപ്പല്ലേ ഇത്തവണ അച്ഛന്‍ വാങ്ങിത്തന്നത്.

“ചോദിച്ച കേട്ടില്ലേ മോളെ ? ... ഇന്ന് ഇവളുടെ പിറന്നാളാ . അമ്പലത്തില്‍ വരെ .”

അമ്മ എന്നെയും കൊണ്ട് വേഗത്തില്‍ നടക്കവേ കാത്താത്തയോട് പറഞ്ഞു . “ഉച്ചക്കൂണ് അവിടുന്നവാം കേട്ടോ”.

സ്കൂളില്‍ എത്തുമ്പോള്‍ പൊട്ടിക്കനായി കരുതിവെച്ചിരിക്കുന്ന മിഠായി പായ്കറ്റിനെ ചുറ്റിപറ്റിയായിരുന്നു എന്റെ ചിന്ത.
അനിതക്കും ലേഖക്കും കലേഷിനും ഗോപനും രണ്ടു മിഠായി വീതം കൊടുക്കാം. ബിന്ദുന് ഒരെണ്ണമേ കൊടുക്കുന്നുള്ളൂ. വഴക്കാളി പെണ്ണാ അവള്‍. കഴിഞ്ഞ തവണ ജാതിക്ക പങ്കു വെച്ചപ്പോള്‍ , എനിക്കു, തന്നു കൂടെ ഇല്ല. സുധീറിനും ഒന്നേ കൊടുക്കുന്നുള്ളൂ. എന്റെ പുസ്തകം എടുത്ത് ഒളിപ്പിച്ച് വെച്ചിട്ട് ,ക്ലാസ്സില്‍ മുഴുവന്‍ ,എന്നെ കോണ്ടു തേടിച്ചവന്‍. അവസാനം ബോര്‍ഡിന്റെ പുറകില്‍ നിന്നു, അമൃത ആണ് എടുത്ത് തന്നത്. സാറിന്റെ മോന്‍ ആണ് എന്ന അഹങ്കാരം.എന്നാലെന്താ കര്‍ത്താവു സാറ് കണക്കിനു കൊടുത്തല്ലോ അന്ന്.

കര്‍ത്താവു സാറിനും ഭാനുമതിയമ്മ ടീച്ചര്‍ക്കും രാഘവന്‍ സാറിനും മിഠായി കൊടുക്കണം, . പിന്നെ സി.പി സാറിനും. രാഘവന്‍ സാറിന് മൂന്നെണ്ണം കൊടുത്തേക്കാം. ഇടക്കൊക്കെ പിയൂണ്‍ അവധി ആകുന്ന ദിവസങ്ങളില്‍, സ്കൂള്‍ മണി അടിക്കാന്‍ , എന്നെ സമ്മതിക്കുന്നതല്ലേ.

“വേഗം നടക്കൂ മോളേ.“ അമ്മ നടത്തത്തിനു വേഗത കൂട്ടി.“ഇന്നെന്താ കൊച്ചേ കളര്‍ വേഷത്തില്‍ ? നിന്റെ പിറന്നാളാ ?” ആന്‍ഡ്രിയാമ്മ സിസ്റ്റര്‍ ആണ്.
ഇനി വിശേഷം മുഴുവന്‍ പറഞ്ഞാലേ, ക്ലാസ്സിലേക്ക് പോകാന്‍ സമ്മതിക്കൂ.
പുതുതായി വാങ്ങിയ റോസ് കളര്‍ മാങ്ങ പ്രിന്റുള്ള പാവാടയും ബ്ലൌസും , ടീച്ചര്‍ വരുന്നതിനു മുന്‍പേ എല്ലാരേം ഒന്നു കാണിക്കാം എന്നു കരുതി ഓടുന്നതിനിടയില്‍ , സ്റ്റാഫ് റൂമില്‍ നിന്നിറങ്ങി വന്ന സിസ്റ്ററിനെ, വിഷ് ചെയ്യാന്‍ മറന്നു.

“ഗുഡ് മോര്‍ണിങ്ങ് സിസ്റ്റര്‍. ഇന്ന് എന്റെ ബെര്‍ത്ഡേയ് ആണ്. ഇതാ മിഠായി” . ബാഗില്‍ നിന്നും തിടുക്കപ്പെട്ട് മിഠായി എടുത്ത്, സിസ്റ്ററിനു നേരേ നീട്ടി.

“ഉം. ഉം... പിന്നെ നിന്റെ അമ്മ വരുമ്പോള്‍ എനിക്കൊന്നു കാണണം. സോഷ്യല്‍ സ്റ്റഡീസ് , ഇത്തവണയും നീ തഴഞ്ഞു അല്ലേ .”
ഈ സിസ്റ്ററിന്റെ ഒരു കാര്യം ഇന്നെങ്കിലും എന്നെ ഒന്നു വെറുതെ വിട്ടുകൂടെ .

“ഇല്ല ,സിസ്റ്റര്‍ അതു പിന്നെ... “
“ഉം ക്ലാസ്സിലേക്ക് പൊയ്ക്കോ.”“ങേ, ഇന്നു നീ ഹാഫ് സാരിയിലാ. ആഹ കോള്ളാല്ലോ.“

ഈ അമ്പിളീടെ ഒരു കാര്യം. പതുക്കെ സംസാരിക്കാനേ അറിയില്ല.ക്ലാസ്സില്‍ കയറിയതും, ചമ്മല്‍ മറച്ചു ഞാന്‍.
അനിതയും സീമാറാണിയും സാറയും ഓടി അടുത്തു വന്നു. അമ്പിളി ഒരു കൊച്ചു സമ്മനപ്പൊതി കയ്യില്‍ വെച്ചു തന്നു. കെട്ടിപ്പിടിച്ചൊരു മുത്തവും. അനിത, അവള്‍ വരച്ച ഒരു കാര്‍ഡ് എനിക്കു നീട്ടി. ക്ലാസിലെ പലരും അങ്ങനെ ആണ്. ഒരു ചെറിയ കുറിപ്പോ, സ്വയം വരച്ച ഒരുചെറിയ പടമോ, വര അറിയാത്തവര്‍ ഏതെങ്കിലും ഒരു പടം വെട്ടി ഒട്ടിച്ചോ ആവും കാര്‍ഡുകള്‍ ഉണ്ടാക്കുക.

“പറഞ്ഞില്ലല്ലോ നീ “.പരാതിയോടെ ഗ്രേസി.
“അതു സാരമില്ല. ആഘോഷം നമുക്കു ഹോസ്റ്റലില്‍ അല്ലേ”.
ഹോസ്റ്റലില്‍ എത്തിയാല്‍ രാത്രി സിസ്റ്ററിനെ പറ്റിച്ചു ഞങ്ങള്‍ നടത്താറുള്ള ബിര്‍ത്ഡേയ് പാര്‍ട്ടി ഓര്‍ത്തിട്ടോ എന്തൊ, ഗ്രേസിയും സാലിയും ചിരിച്ചു.


“അല്ലാ, താനിതിനകത്ത് എന്തെടുക്കുവാ ? വേഗം മുറിക്ക് വെളിയിലേക്കു ഇറങ്ങ്.“
അമിതയും കൂട്ടരും സര്‍വ്വ സന്നാഹത്തോടും കൂടി ആണ് വരവ്.
അനുസരിക്കുന്നതാ നല്ലത് അല്ലെങ്കില്‍ കയ്യില്‍ പിടിച്ചു തൂക്കി വെളിയിലേക്കെറിയുകയാവും അടുത്ത പടി.
അല്ലെങ്കില്‍ മുറി ഒരാഴ്ചത്തെക്കു ഉപയോഗ്യ യോഗ്യമല്ലാതെ ആക്കും ഈ പിറന്നാളാഘോഷക്കാര്‍.
തലയില്‍ ഉടക്കാനുള്ള മുട്ടകള്‍ ഉണ്ടാവും എല്ലാത്തിന്റെയും കയ്യില്‍.

പതിയെ എഴുന്നെറ്റതെ, കയ്യും കാലും അവരുടെ കൈകളില്‍ ആയി.
ഇനി ആകാശത്തും ഭൂമിയിലും നോക്കാതെ തന്നെ, നക്ഷത്രമെണ്ണുന്ന “ബെര്‍ത്ഡെയ് ബംസ്’‘ എന്ന കലാ പരുപാടി ആണ്.
അതിനിടക്കു തന്നെ ചിലര്‍ അവനവന്റെ മനോധര്‍മ്മത്തിനനുസരിച്ചു വികസിപ്പിച്ചെടുത്ത ചെളിവെള്ളം തലയിലും ദേഹത്തും അഭിഷേകം ചെയ്തു.പിന്നെ മുറ്റത്തുള്ള മഴവെള്ള റ്റാങ്കിലെക്ക് ഇട്ടു.

“ഹാവൂ” എന്റെ ഈ വര്‍ഷത്തെ ‘ക്വോട്ട’ കഴിഞ്ഞു.ഇനി കുളി. അതുകഴിഞ്ഞെത്തുമ്പോളേക്കും കൂട്ടുകാര്‍ മുറി അലങ്കരിച്ച്, കേക്ക് , മുറിക്കാന്‍ പാകത്തിനാക്കി വെച്ചിട്ടുണ്ടാകും.

“ഈ പെണ്‍‍പിള്ളേരെക്കോണ്ടു തോറ്റു പോകുകയേ ഉള്ളല്ലോ. ലേഡീസ് ഹോസ്റ്റലാണ് എന്ന വിചാരം ഉണ്ടോ ആര്‍ക്കെങ്കിലും എനിവെയ് ഹാപ്പി ബെര്‍ത്ത്ഡെയ് ഡിയര്‍. “ വാര്‍ഡന്റെ വക വിഷ് ,ഇങ്ങനെ ആണ്, എല്ലാര്‍ക്കും


“ഞാന്‍ കോളിങ്ങ് ബെല്ലടിച്ചത് കേട്ടില്ലേ ? എന്താ ഇത്ര വലിയ ആലോചന ?” കതകു തുറന്ന് , ആലോചനയില്‍ നി‍ല്‍ക്കുന്ന എന്നോട് , ചിരിച്ചു കൊണ്ടു ചേട്ടന്‍.
ചേട്ടനോട് പറയണോ എന്റെ പിറന്നാളിനെ പറ്റി. വേണ്ട. പിന്നെ ആകട്ടെ.
“ഒന്നുമില്ല” കുനിഞ്ഞു, ഞാന്‍ പെട്ടി എടുത്തു. കൂട്ടത്തില്‍ ഒരു കവര്‍ !

“ഇത് ?” ചോദ്യരൂപേണ ഞാന്‍ ചേട്ടനെ നോക്കി.
“പിറന്നാളാശംസകള്‍ “ ചിരിയോടെ ചേട്ടന്‍.