Wednesday

ഓര്‍മ്മയുടെ ഏടില്‍ നിന്ന്... (ബൂലോക സംഗമം)

ഈ കഥ തുടങ്ങുന്നതു.... ബൂലോക ക്ലബ്ബില്‍ 'നമുക്കൊന്നു മീറ്റിയാലോ‘ എന്ന ഒരു പോസ്റ്റോടു കൂടിയാണ്.

അതു കണ്ടപ്പോഴേ എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ബ്ലോഗര്‍ ഒബിയോടു പറഞ്ഞു..
"ക്ലബ്ബിലെ പോസ്റ്റ്‌ കണ്ടോ , ഇവിടെ എന്തോ മീറ്റ്‌ എന്നൊക്കെ പറയുന്നല്ലോ..?"
ചിരിച്ചു കൊണ്ടു ഒബി "നോക്കാം".
പിന്നെ എന്റെ ഉദ്വേഗത്തിന്റെ കാരണം മനസ്സിലാക്കി ചിരിച്ചു. "മുല്ലപ്പൂ..,ചെമ്പരത്തി പ്പൂവായി പോകുമല്ലൊ,,?" .

ചിന്താവിഷ്ടയായ എന്നെ ഉപേക്ഷിച്ചു, സുഹൃത്ത് വീണ്ടും പണിത്തിരക്കിലേക്ക്..

ക്ലബ്ബില്‍, വീണ്ടും, പോസ്റ്റുകളും കമെന്റുകളും, വന്നു കൊണ്ടിരുന്നു..
പിന്നീടൊരു ദിവസം അതുല്യേച്ചിയുടെ ഫോണ്‍ നമ്പറുമായി ഒരു പോസ്റ്റ്‌ വന്നു.
അതില്‍ നമ്പര്‍ കണ്ടു ഞാന്‍.
"എടോ കാര്യങ്ങള്‍ ഒക്കെ കാണുന്നുണ്ടോ?"
"ഉം.. "
"നമുക്കൊന്നു വിളിച്ചാലോ ..?
"ഓകെ" അങ്ങനെ ആദ്യമായി ഫോണില്‍ വല്യേടത്തിയുമായി,"എല്ലാവരും ഒത്തുചേരണം, നമുക്ക്‌ ഇതൊരാഘോഷമാക്കണം" എന്നൊക്കെ സംസാരിച്ചു.

പിന്നീടു കാര്യങ്ങള്‍ ശരവേഗത്തിലായിരുന്നു.
വിശ്വേട്ടന്റെ നമ്പറുമായി അടുത്ത പോസ്റ്റു വന്നു .

"വിശ്വേട്ടാ... ഞാന്‍ മുല്ലപ്പൂ എന്ന ബ്ലൊഗര്‍.. പിന്നെ സന്ദര്‍ശനം എന്ന ബ്ലൊഗറും അടുത്തുണ്ടു"
" നിങ്ങള്‍ രണ്ടാളും ഒരേ ഓഫീസില്‍ ആണോ..?"
"അതെ... ഞങ്ങള്‍ രണ്ടാള്‍ മാത്രമല്ല ഇനിയുമുണ്ട് രണ്ടുപേരും കൂടി ഇവിടെ. ദുര്‍ഗ്ഗയും ചാത്തുണ്ണിയും"
"എന്നാല്‍ അവര്‍ക്കും കൊടുക്കൂ. നമ്മുടെ ബ്ലോഗുമേളയെക്കുറിച്ചു ഒന്നു പറയട്ടെ."
"ഒരു കാര്യം കൂടി ഉണ്ട്‌. ഇപ്പൊള്‍ പറഞ്ഞ മറ്റു രണ്ടാള്‍ക്കും അറിയില്ല ഞാന്‍ ബ്ലോഗുന്നുണ്ട്‌ എന്ന്"
"ഒ!!. ഒരേ ഓഫീസിലായിട്ടും "
"ഉം.. വെറുതെ ഒരു രസം"
"ഓക്കെ .. പറയില്ല ഫോണ്‍ കൊടുക്ക്‌.."

ഫോണ്‍ തിരികെ കൊടുത്തു ഞാന്‍ സീറ്റില്‍ വന്നു ഇരുന്നു..
ചാത്തുണ്ണിയെ വിളിക്കുന്നതും ഫോണ്‍ കൊടുക്കുന്നതും..."ഉം ഞങ്ങള്‍ മൂന്നു പേരും ഇവിടെ നിന്നും ഉണ്ടാവും" എന്നു ചാത്തുണ്ണി പറയുന്നതും കേട്ടു.

മേളക്കുള്ള ഒരുക്കങ്ങള്‍...,ലിസ്റ്റിടല്‍.., വരുന്നവരുടെ ഹാജര്‍ എടുക്കല്‍..., വരാന്‍ പറ്റാത്തവരുടെ കണ്ണീരൊഴുക്കല്‍..., വേറെ ചിലര്‍ (എന്നെപ്പോലെ) പേടിയാവണു എന്നു പറഞ്ഞു കരഞ്ഞവര്‍ അങ്ങനെ അങ്ങനെ..

ജൂലായ്‌ എഴാം തീയതി ഓഫീസിന്റെ ക്യാന്റീനില്‍ വെച്ചു ദുര്‍ഗ്ഗയെ കണ്ടു.
ദുര്‍ഗ്ഗയോടു ഞാന്‍ "നാളെ ബ്ലോഗ്‌ മീറ്റുണ്ട്‌ എന്നു കേട്ടല്ലോ? എനിക്കും വരാമോ ?"
"ഉം... ഒരു ബ്ലോഗ്‌ ഇന്നു ഉണ്ടാക്കിയാ മതി"
"ഓ ഇനി അതൊക്കെ വല്യ പാടല്ലെ.."ചിരിയോടെ ഞാന്‍.

ശനിയാഴ്ച കണ്ണാടിയുടെ മുന്നില്‍ കുറ്റിയടിച്ചു നില്ക്കുന്ന എന്നെ നോക്കി ചേട്ടന്‍
"മിനുക്കിയതൊക്കെ മതി. നിന്റെ കല്യാണത്തിനു പോലും ഈ മിനുക്കം കണ്ടില്ല്ലല്ലോ."
"ഇതു സംഗതി വേറെ ആണു ചേട്ടാ.. . ഇന്ന്, കണ്ടിട്ടില്ലാത്ത ആള്‍ക്കാരെ കാണാന്‍ പോകുവല്ലെ ?"
"ഒഹ്‌ ബ്ലോഗ്‌ സംഗമം... അതിനു മുഖം മിനുക്കുകയല്ല. പകരം ഹെല്‍മെറ്റു വെയ്ക്കുകയാ വേണ്ടേ. "
മുഖത്തെ ചമ്മിയ ചിരി മറച്ചു ഞാന്‍...

ജോസ്‌ ജംഗ്‌ഷനില്‍ ഇറങ്ങി ബി. റ്റി. എച്ച്‌. ലേക്കു നടക്കുമ്പോള്‍ പുറകില്‍ നിന്നും പരിചയമുള്ള ശബ്ദം.

"എങ്ങോട്ടാടോ കാലത്തേ?" ഒബിയെയും പുറകില്‍ ഇരുത്തി ചാത്തുണ്ണി ബൈക്കില്‍.
'പിടിക്കപ്പെട്ടല്ലോ?' ഭാവത്തില്‍ ഒബി.
"ഞാന്‍... ഈ കട വരെ. നിങ്ങളോ?"
"ഞങ്ങള്‍ ബ്ലോഗു മീറ്റിനു"
"ഒ... ഇന്നാണോ അത്‌"
"ഉം..."

എന്റെ അഭിനയസിദ്ധിയില്‍ വിശ്വാസം വരാതെ അന്തം വിട്ടു നോക്കുന്ന ഒബിയെയും കൊണ്ടു ചാത്തുണ്ണിയുടെ ബൈക്ക്‌ പോയി.

അപ്പോളാണ്‌ വേറെ ഒരു സുഹൃത്തു ഫോണില്‍.
"എവിടെ ആണു ? മീറ്റിനു എത്തില്ലെ?"
ഒരു നുണ പറഞ്ഞ ഹാങ്ങ്‌ ഓവറില്‍ ഞാന്‍ "വീട്ടിലാണ്‌. ഞാനെങ്ങും ഇല്ല മീറ്റിന്‌"
(എം.ജി റോഡിന്റെ നടുവില്‍ നിന്നു "വീട്ടിലാണു" എന്നു ഫോണില്‍ പറയുന്ന എന്നെ തുറിച്ചു നോക്കി ഒരു അപ്പാപ്പന്‍)

"ഞാന്‍ എന്തായാലും ഒരു മണി ആകുമ്പൊള്‍ എത്തും"
"ഉം..."(ഈ പറഞ്ഞു സുഹൃത്തും പതിനൊന്നു മണിക്കെ എത്തി എന്നതു വേറെ കാര്യം. ;) )

പതിയെ ബി. റ്റി. എച്ച്‌. ലേക്കു നടന്നു.
അവിടെ ആരൊക്കെ ഉണ്ടാകും?
ചേട്ടന്റെ ഹെല്‍മെറ്റ്‌ ഉപദേശം സ്വീകരിക്കാമായിരുന്നു..
എന്നൊക്കെ മനസ്സില്‍ ചിന്തിച്ചു ബി. റ്റി. എച്ച്‌. ഇല്‍ എത്തി. വഴി ഒക്കെ ചോദിച്ചു അകത്തേക്കു നടന്നു.

എന്നെ കണ്ടു അദ്ഭുതം മാറാതെ ചാത്തുണ്ണിയും, ദുര്‍ഗ്ഗയും...
ചിരിയോടെ ഒബി പുറകില്‍.
ഒബി ഒരോരുത്തരെ ആയി പരിചയപ്പെടുത്തി,
ബാംഗളൂര്‍ ശ്രീജിത്ത്‌, പണിക്കന്‍ , യാത്രികന്‍ ( ബിന്ദു ഓപ്പോളെ.. ഇത്ര പിന്‌ഗാമികളൊ..!!!),
അധികം സംസാരിക്കാതെ സു , ആ കുറവു നികത്തി സു ചേട്ടന്‍,
കൃഷി കാര്യങ്ങളും മറ്റും സംസാരിച്ചു ചന്ദ്രേട്ടന്‍..

അകത്തേക്കു കടന്നിരുന്നപ്പൊള്‍ ചായയും വടയും വന്നു. അതു കഴിച്ചിട്ടാകം ഇനിയുള്ള പരിചയപ്പെടല്‍ എന്നു കരുതി ദുര്‍ഗ്ഗയുടെ അടുത്തു കൂടി.

ഞാന്‍ അധികം മിണ്ടില്ലാട്ടൊ എന്ന ഭാവത്തില്‍ തുളസി,
നില്‍ക്കാന്‍ ടൈം ഇല്ലാതെ നിക്ക്‌,
ചിരിയാണു ഞങ്ങടെ മുഖമുദ്ര എന്നു ബോധിപ്പിച്ചു സൂഫിയും കിരണും,
പാട്ടുപാടി ആരാധനാ വലയം സൃഷ്ടിച്ച വില്ലൂസ്‌, ബാക്ക്ഗ്രൌണ്ടില്‍ ഇക്കാസ്‌,
ക്യാമറയും കമന്ററിയുമായി കുമാര്‍,
എല്ലാരുടെയും കണ്ണിലുണ്ണിയായി അരുണ്‍ വിഷ്ണു,
ഞാനെന്ന അഹങ്കാരം ഇല്ലാതെ ഞാന്‍,
യാത്രയില്‍ വൈകി എത്തിയ സഹയാത്രികന്‍,
ബ്ലോഗ്‌ പേരില്‍ നിന്നു വ്യത്യസ്തനായി മുരളി മേനോന്‍...

എല്ലാത്തിനും അമരക്കാരായി വിശ്വേട്ടനും, അതുല്യേച്ചിയും...
ഞങ്ങളില്ലാതെ നിങ്ങള്‍ക്കെന്തു ആഘോഷം എന്നു ഓര്‍മ്മപ്പെടുത്തി അപ്പുവും, എല്ലാത്തിനും താങ്ങും തണലുമായി സംഗീതചേച്ചിയും..
കുഞ്ഞിക്കൂട്ടായി ആച്ചിയും...

എല്ലരേം പരിചയപ്പെട്ടും, "മധുരം മലയാളത്തില്‍" ഒപ്പു വെച്ചും അതിനു പിന്നില്‍ പേരു എഴുതാന്‍ ദുര്‍ഗ്ഗയെ സഹായിച്ചും ഇരിക്കുമ്പോള്‍ "ഊണു കാലമായി " എന്നു ആരോ പറഞ്ഞതും,കോണ്‍ഫെറെന്‍സ്‌ റൂം കാലി...

ഞാനും ഒരില സ്വന്തമാക്കി ഊണു കഴിച്ചു.
തിരിച്ചെത്തിയപ്പോളേക്കും അടുത്ത ആഘോഷവുമായി അതുല്യേച്ചി മുന്നില്‍..

"പ്രിയ മാലോകരെ ബൂലോകരെ.. നമുക്കു ക്വിസ്സ്‌ പ്രോഗ്രാം ആരംഭിക്കാം.."

ക്വിസ്സ്‌ ചോദ്യങ്ങളുടെ ഉത്തരമായി...
'അഞ്ജലി'യെ കണ്ടു പിടിച്ച കെവിനും,
വരമൊഴിക്കു ജന്മം നല്‍കിയ സിബുവും,
സെര്‍വറുകള്‍ ഓടിക്കുന്ന ശനിയനും, അനിലേട്ടനും, എവുരാനും അരങ്ങത്തു വന്നു..

പിന്നീടെപ്പോഴോ ചോദ്യങ്ങള്‍ "അക്ഷരങ്ങളിലും" , "തോന്ന്യാക്ഷരങ്ങളിലും" കുടുങ്ങി കിടന്നപ്പോള്‍, "ഇതു ബൂലോഗ ക്വിസ്സ്‌ അല്ല, കുടുംബ ക്വിസ്സ്‌ ആണു" എന്നു പറഞ്ഞു കുമാര്‍ നയിച്ച ഒരുപക്ഷം ബഹളം വെയ്ക്കുകയും, ഇറങ്ങിപ്പോക്കു ഭീഷണി മുഴക്കുകയും ചെയ്തു.
അങ്ങനെ ചുളുവില്‍ ജയിക്കാമെല്ലോ എന്ന ഞങ്ങടെ മനക്കോട്ടയെ തകര്‍ത്തു അവര്‍ വീണ്ടും അവിടെ തുടര്‍ന്നു.

ഇത്രയും നാള്‍ കണ്‍കെട്ടു വിദ്യ കാണിച്ചു പറ്റിച്ചവരെ, ശരിക്കൊന്നു പറ്റിക്കാനായി ഒരു കണ്‍കെട്ടു നടത്തുകയും അതില്‍ ആരും വിജയം 'കാണാതെ' പോകുകയും ചെയ്തു.

ചുരുക്കിപറഞ്ഞാല്‍ (ഇത്രേം പറഞ്ഞിട്ടോ ??) ഉച്ചവരെ ഒന്നും മിണ്ടാതിരുന്ന സു ഒറ്റക്കു നേടിയ ഒരു അശ്വമേധം ആയിരുന്നു ഞങ്ങളുടെ ജയം.

ആഘോഷം തീരുന്നില്ല തുടങ്ങിയതല്ലേ ഉള്ളൂ, എന്നു ചോദിച്ചുകൊണ്ടു ഉമേച്ചിയേയും അവസാനം എത്തി.

എല്ലാവരും കയ്യൊപ്പിട്ട ഓര്‍മക്കുറിപ്പും, ബിരിയാണിക്കുട്ടി അയച്ചുതന്ന കീചെയിനും കയ്യില്‍ വാങ്ങി
ഇത്ര പെട്ടെന്നു തീര്‍ന്നൊ എന്ന മനോവിഷമത്തില്‍ അങ്ങനെ നിന്നു.

(പ്രത്യേകം പറയട്ടെ, ബിരിയാണിക്കുട്ടീ ആ ഐഡിയായും ,പിന്നെ എല്ലാ റ്റാഗിലും എഴുതി അതിവിടെ എത്തിക്കാനുള്ള ആ മനസ്സും..)


മനസ്സില്‍ അദ്ഭുതവും, ആഹ്ലാദവും , ഇത്തിരി വിഷമവും..
കയ്യില്‍ ഓര്‍മ്മക്കുറിപ്പും, കീ ചെയിനുമായി...
എല്ലാവരോടും യത്ര പറഞ്ഞു ഞാന്‍ പതിയെ പുറത്തേക്കു..

(സമര്‍പ്പണം: ക്ലബ്ബില്‍ വന്ന പോസ്റ്റിനേ യഥാര്‍ത്ഥ്യമാക്കിയ അതുല്യേച്ചിക്കും വിശ്വേട്ടനും , അതിനെ വിജയമാക്കിയ എല്ലാ ബ്ലൊഗ്‌ സുഹൃത്തുക്കള്‍ക്കും)

കുറിപ്പ്‌:
"ഇതു എന്തിനാണു ഇത്ര വൈകി പോസ്റ്റുന്നത്‌.. ഞങ്ങള്‍ക്കെല്ലാം അറിയാവുന്നതല്ലെ"
"അതു ഇവിടെ എത്തിയവര്‍ക്കു.. പക്ഷെ ഇവിടെ വരാന്‍ പറ്റാതെ ഭൂമിയുടെ മറ്റേതോ കോണില്‍ നമ്മളെ ഓര്‍ത്തും ഫൊണില്‍ വിളിച്ചും,കണ്ണിലെണ്ണയൊഴിച്ച് ഉറക്കം കളഞ്ഞ്, എണ്ണൂറ്റിച്ചില്ല്വാനം കമന്റിട്ട് കേരള മീറ്റ് ഒരു ആഘോഷമായി കൊണ്ടാടി ഇരുന്നവര്‍ക്കു വേണ്ടി ഞാന്‍ ഇത്‌ എഴുതുയേ മതിയാവൂ.."

23 comments:

Sreejith K. said...

ഈ പോസ്റ്റ് ഒരുപാട് നേരത്തേ വരേണ്ടതായിരുന്നു. എന്നാലും ഇപ്പോഴെങ്കിലും എഴുതിയത് നന്നായി. വിവരണം രസകരമായിട്ടുണ്ട്. എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണ് ഇവിടെ എഴുതിയിരിക്കുന്നെതെങ്കിലും അത് വായിക്കാന്‍ ഒരു സുഖം.

തിരക്കിട്ടെഴുതിയതാണെന്നും തോന്നുന്നുണ്ട്. പതിവില്ലാത്തരീതിയില്‍ ചില അക്ഷരത്തെറ്റുകള്‍ അങ്ങിങ്ങായി.

രാജ് said...

കെട്ടാന്‍ പോകുന്നവന്‍ യൂയേയീക്കാരനായിട്ടു പോലും യൂയേയീ ബ്ലോഗേഴ്സ് മീറ്റിനെ നിഷ്കരുണം അവഗണിച്ച ബിര്യാണിക്കുട്ടിക്കുള്ള പാര ഞങ്ങള്‍ യൂയേയീക്കാര്‍ സ്നേഹപൂര്‍വ്വം ബില്‍ഡ് ചെയ്തോണ്ടിരിക്കുകയാണു്, റെഡിയായാല്‍ പണിയുന്നതായിരിക്കും.

മുല്ലപ്പൂവേ നന്നായി എഴുതിയിരിക്കുന്നു.

സു | Su said...

മുല്ലപ്പൂവേ പൂവേ പൂവേ,
ഞാന്‍ അന്നേ പറഞ്ഞതാ മീറ്റിനെപ്പറ്റി എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ എന്നെ കുറച്ച് പൊക്കിപ്പറയണം എന്ന്. ഞാന്‍ അതിനുവേണ്ടി എന്തൊക്കെ വാങ്ങിത്തന്നു? എന്നിട്ടും എന്നോടീ ചതി ചെയ്തല്ലോ.
(ഗ്ലിസറിന്‍‍ പുരട്ടി കരയുന്നു)

ഞാന്‍ ഇന്ന് ഒരു പോസ്റ്റ് വെക്കണംന്ന് കരുതിയതാ. :) ഇനി വേണ്ട അല്ലേ? ബൂലോഗര്‍ക്ക് ബോറടിക്കും ഇതു തന്നെ പറഞ്ഞുംകൊണ്ടിരുന്നാല്‍.

Anonymous said...

വൈകിയാണെങ്കിലും നന്നായി എഴുതി പോസ്റ്റിയതില്‍ സന്തോഷം, പക്ഷെ മുല്ലപ്പൂവേ, ഇതനീതിയാണ്, അക്രമമാണ്, വഞ്ചനയാണി, ചതിയാണ്. എന്താണെന്നല്ലെ?

കണ്ണിലെണ്ണയൊഴിച്ച് ഉറക്കം കളഞ്ഞ്, എണ്ണൂറ്റിച്ചില്ല്വാനം കമന്റിട്ട് കേരള മീറ്റ് ഒരു ആഘോഷമായി കൊണ്ടാടിയ, അമേരിക്കന്‍, ജാപ്പാന്‍, ആഫ്രിക്കാ, യു ഏ യി, ഖത്തര്‍, ഇസ്രായേല്‍, തുടങ്ങിയ രാജ്യങ്ങളിലുള്ള ബ്ലോഗര്‍മാരെ ഒന്നു സ്മരിച്ചുകൂടിയില്ല താന്‍.......

കഷ്ടം..........ഒന്നില്ലെങ്കിലും നമ്മുടെ കൂട്ടായ്മ മറന്നു കളയരുതായിരുന്നു

കുറുമാന്‍ said...

വൈകിയാണെങ്കിലും നന്നായി എഴുതി പോസ്റ്റിയതില്‍ സന്തോഷം, പക്ഷെ മുല്ലപ്പൂവേ, ഇതനീതിയാണ്, അക്രമമാണ്, വഞ്ചനയാണി, ചതിയാണ്. എന്താണെന്നല്ലെ?

കണ്ണിലെണ്ണയൊഴിച്ച് ഉറക്കം കളഞ്ഞ്, എണ്ണൂറ്റിച്ചില്ല്വാനം കമന്റിട്ട് കേരള മീറ്റ് ഒരു ആഘോഷമായി കൊണ്ടാടിയ, അമേരിക്കന്‍, ജാപ്പാന്‍, ആഫ്രിക്കാ, യു ഏ യി, ഖത്തര്‍, ഇസ്രായേല്‍, തുടങ്ങിയ രാജ്യങ്ങളിലുള്ള ബ്ലോഗര്‍മാരെ ഒന്നു സ്മരിച്ചുകൂടിയില്ല താന്‍.......

കഷ്ടം..........ഒന്നില്ലെങ്കിലും നമ്മുടെ കൂട്ടായ്മ മറന്നു കളയരുതായിരുന്നു

മുല്ലപ്പൂ said...

കുറുമാനേ .. തെറ്റു ചൂണ്ടിക്കണിച്ചതിനു നന്ദി..
പോസ്റ്റ് ഒന്നു കൂടി വായിച്ചോളൂ... കുറിപ്പും ;)

അരവിന്ദ് :: aravind said...

അതേ...ഉഗ്രനായി എഴുതിയിരിക്കുന്നു!!
:-)) ആസ്വദിച്ചു വളരെ.

മുസാഫിര്‍ said...

നല്ല വിവരണം.അരൂപിയായി അവിടെ ഉണ്ടായിരുന്നതു പോലെ തോന്നി.
പിന്നെ അടുത്ത സംഗമം എന്നാണ് ?.ഓണത്തിന് അടുത്തെങാനുമായിരുന്നെങ്കില്‍ യു എ ഇ ക്കാര്‍ കുറച്ച് കണ്ടേനേ .

Mubarak Merchant said...

മുല്ല പൂത്തു, മുല്ല പൂത്തു, മല്ലികയും പൂത്തു.. എന്താ ലേറ്റായേ?

-B- said...

ഒരു കൊച്ചു കീ ചെയിന്‍-നു തന്ന ഇത്രേം വലിയ നന്ദിക്ക് പകരം വീണ്ടും നന്ദി. മുല്ലപ്പൂ ചേച്ചി.. നല്ല വിവരണം.

മകനേ പെരിങ്ങ്‌സേ.. ഞാനിവിടെ ഈ ഹൈദരാബാദില്‍ ഒരു കാലും മറ്റെ കാല്‍ കേരള മഹാരാജ്യത്തിലും വെച്ചിങ്ങനെ നിന്ന്‌ ബ്ലോഗ് വായിക്കുമ്പോള്‍ അതാ വരുന്നു കേരള മീറ്റെന്നും പറഞ്ഞൊരു സംഭവം. വിശ്വേട്ടന്റെ വക “ബിരിയാണിക്കുട്ടീ വരുമോ?” എന്നൊരു ചോദ്യവും. ആ കലേഷേട്ടന്റെ യു.എ.യി മീറ്റ് പോസ്റ്റില്‍ “ബിരിയാണികുട്ടീ, ബിരിയാണിക്കുട്ടന്‍ വരുമോ?” എന്നൊരു ചോദ്യം ഉണ്ടായിരുന്നെങ്കില്‍ ... :)
(ഉവ്വ, റീമയെ കൊണ്ടു വന്ന പെടാപ്പാട് എനിക്കറിയാം എന്നാണ് കലേഷേട്ടന്‍ ഇപ്പൊ ഓര്‍ത്തത്‌.)
സ്നേഹപൂര്‍വം ബില്‍ഡ്‌ ചെയ്യുന്ന ആ പാര പണികഴിഞ്ഞാല്‍ ബിരിയാണിക്കുട്ടനെ ഏല്‍പ്പിക്കാന്‍ അപേക്ഷ.

ബിന്ദു said...

"അതു ഇവിടെ എത്തിയവര്‍ക്കു.. പക്ഷെ ഇവിടെ വരാന്‍ പറ്റാതെ ഭൂമിയുടെ മറ്റേതോ കോണില്‍ നമ്മളെ ...."

വളരെ നന്ദി. വൈകിയാണെങ്കിലും എഴുതിയതില്‍ സന്തോഷം.. രാവിലെ കുറേ നേരം നോക്കിയതാണ്‌ കമന്റിടാന്‍. പറ്റിയില്ല, ഇപ്പോള്‍ ശരിയായി എന്നു തോന്നുന്നു.
:)

Adithyan said...

നന്നായിരിയ്ക്കുന്നു വിവരണം :)

Anonymous said...

ഇതെന്നാ നേരത്തെ ഇടാഞ്ഞെ? നല്ല രസം ഉണ്ട് വായിക്കാന്‍.അന്നേരം ആയിരുന്നെങ്കില്‍ പിന്നേം രസം ആയെനെ..ഇപ്പൊ ഏത് മീറ്റ് എന്നൊക്കെ ഓര്‍ത്തെടുത്ത്..

Kumar Neelakandan © (Kumar NM) said...

അപ്പോള്‍ കൊച്ചിയില്‍ ഒരു ബ്ലോഗു മീറ്റ് കൂടി നടന്നൊ? ഞാന്‍ അറിഞ്ഞില്ല. ഇതും ബി റ്റി എച്ചില്‍ വച്ചായിരുന്നൊ? ഇതു വായിച്ചിട്ട് എല്ലാം അന്നു നടന്നതുപോലെ ഇരിക്കുന്നു. ഞാന്‍ അറിഞ്ഞില്ല, ഈ രണ്ടാം മീറ്റ്.
(ഈ പോസ്റ്റ് ഇത്രയ്ം താമാസിച്ചെത്തിയതിനെതിരെ പ്രതികരിക്കാന്‍ ഇതല്ലാതെ വേറേ വഴിയില്ല.)

Durga said...

കുറച്ചു വൈകിയെങ്കിലും രസായിട്ടുണ്ട്..:)

myexperimentsandme said...

നല്ല വിവരണം മുല്ലപ്പൂ. അവിടെ ഉള്ളതുപോലെ തന്നെ തോന്നി.

ഇനി അടുത്ത മീറ്റെപ്പോഴാണാവോ. ഒരു ലോഡ് കീച്ചെയിന്‍ ഓര്‍ഡര്‍ ചെയ്യണമായിരുന്നു :)

prapra said...

കാലം തെറ്റി വന്ന റിലീസ്‌ അയാലും, നല്ല പോസ്റ്റുകള്‍ക്ക്‌ ഓഡിയന്‍സ്‌ ഉണ്ടാകും മുല്ലപ്പൂ. നന്നായിട്ടുണ്ട്‌. തീം ഒരേതാണെങ്കിലും, ഒരോരുത്തരുടെ പ്രസന്റേഷനിലെ വ്യത്യസ്ഥത ഇവിടെ കാണാം.

ചമ്മിയ മുഖങ്ങളുടെ ക്ലോസപ്പും കൂടി ഇടാമായിരുന്നു :).

ശനിയന്‍ \OvO/ Shaniyan said...

മുല്ലപ്പൂവേ, നറുമണം ചിന്തുന്ന വിവരണം! നന്ദി!

വിഷു റിലീസ് ഇത്തിരി വൈകി ഓണം റിലീസ് ആക്കിയെന്നല്ലേ ഉള്ളൂ..നമ്മ അണ്ണന്‍ സ്റ്റൈലില്‍ ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍ എന്നു പറഞ്ഞാ മതി ;-)

Anonymous said...

മുല്ലക്കുട്ടീ,മോളുക്കുട്ടീ,
നന്നായിണ്ട്. ഒരിക്കല്‍ക്കൂടി അവടെ എത്ത്യേ പോലെ.ഒരോരുത്തരടെ മുഖങ്ങളും വേറെ വേറെ കണ്ടു.
ഉമ്മ

മുല്ലപ്പൂ said...

ഓര്‍മ്മയുടെ താളിലെക്ക്‌ എന്നൊടൊപ്പം വന്ന എല്ലാവര്‍ക്കും നന്ദി..

ശ്രീജി: :) കുമാര്‍: :)
ഇഞ്ചി: :)

എഴുതി വെച്ചിട്ട്‌ കുറേ നാളായി.. ഒന്നു തെറ്റു തിരുത്താനും പോസ്റ്റ്‌ ചെയ്യാനും ഇപ്പോളെ സമയം അനുവദിചുള്ളൂ...

'ഒരിക്കലും ചെയ്യാത്തതിലും നല്ലത്‌, താമസിച്ചു ചെയ്യുന്നതല്ല്ലേ " (

ഇടേണ്ടായിരുന്നു എന്നാണൊ എല്ലരും പറയണേ ??
അല്ലല്ലോ..

പെരി: :)
സു : ഈ ലൈന്‍ " ഉച്ചവരെ ഒന്നും മിണ്ടാതിരുന്ന സു ഒറ്റക്കു നേടിയ ഒരു " വായിചില്ലേ ?
കുറു:
അരവി:
മുസഫിര്‍::)
ഇ:വി : :)
ബിരി: :)
ബിന്ദു: :)
ആദി :)
ദുര്‍ഗ: :)
വക്ക:)
പ്രാപ്ര: :)
ശനി :)
ചെച്ച്യമ്മ ::)
നന്ദി ട്ടൊ എല്ലാര്‍ക്കും

ഇനി വായിക്കത്തവര്‍ കൂടി, ഒന്നു വായിക്കൂ അഭിപ്രായം പറയൂ .. ഒന്നും ഇല്ലേലും ഇത്രെം താമസിചു എഴുതിയതല്ലേ.. ;)

viswaprabha വിശ്വപ്രഭ said...

അയ്യോ മുല്ലേ,
ഞാനും കൂടി ഒരു നല്ല കമന്റ് ഇട്ടതായി വിചാരിച്ചോളണേ...

നേരം വൈകിയിട്ടൊന്നുമില്ല. ചിലപ്പോള്‍ ഇനിയും റിപ്പോര്‍ട്ടുകള്‍ വന്നെന്നുമിരിക്കും...

എന്തായാലും എഴുതിയ രീതി നന്നായിട്ടുണ്ടെന്നു ഞാന്‍ പ്രത്യേകം പറയണ്ടല്ലോ.

മീറ്റ് ഒരു സംഭവമാക്കിയതിന് മറ്റെല്ലാവരോടുമെന്ന പോലെ തന്നെ മുല്ലപ്പൂവിനോടും നാനിയുണ്ട്.

ആച്ചി എല്ലാ കുട്ടികളോടും ഇപ്പോള്‍ പറയുന്നത് “ഇതൊക്കെ കാട്ടുമുല്ലയാണ്, ശരിക്കുള്ള മുല്ലപ്പൂ കൊച്ചിയിലാണ്” എന്നാണ്!

എന്നാലും ദുര്‍ഗ്ഗ മുല്ലപ്പൂവിനെ കണ്ടു് അരിശം വന്ന് ത്രിബൂലോഗനാശം വരുത്തുമോ എന്നായിരുന്നു എന്റെ പേടി. പക്ഷേ ദുര്‍ഗ്ഗയെ അല്ല സരസ്വതിയെ ആണ് അവിടെ കണ്ടത്!

വര്‍ണ്ണമേഘങ്ങള്‍ said...

സൌഹൃദങ്ങളുടെ കീ ചെയിന്‍. മനോഹരം.

Anonymous said...

കുടമുല്ലപ്പൂവേ...

എന്റെ കമ്പ്യൂട്ടറിന്റെ മദര്‍ ബോര്‍ഡ് അടിച്ച് പോയി. പിന്നെ എങ്ങിനെ ഞാന്‍ പറയും ഞാന്‍ മുങ്ങുവാണെന്ന്? :-) മുങ്ങിയതല്ലാ....കംബ്യൂട്ടര്‍ ചതിച്ചതാണ്.. :-)

സുഖമെന്ന് കരുതട്ടെ. ജാസ്മിന്‍ എന്നൊരു ബ്ലോഗ് തുടങ്ങിയല്ലെ? അപ്പോഴെ. എന്നാല്‍ എബൌട്ട് മീയില്‍ പേര് ഇംഗ്ലീഷിലും കൂടി ആക്കൂവൊ? അല്ലെങ്കില്‍ ഇംഗ്ലീഷില്‍ വായിക്കുന്നോര് ഇതെന്ത് ജീവി എന്ന് വിചാരിക്കില്ലെ? :-)

qw_er_ty for pinmozhi blocking