Saturday

പങ്ക്.

കാലത്തെ ഓഫീസ് അങ്കത്തിനുള്ള പുറപ്പാടില്‍ ഫോണിന്റെ കരച്ചില്‍.ആരാവും ?

"മാഡം , സാര്‍ ഇറുക്കാ" എന്ന് ചേട്ടന്റെ കുളിയുടെ സമയത്തു, കൃത്യമായി അന്വേഷിക്കുന്ന തമിഴനോ?
"റസാക്കിനു കാശു കൊടുത്തൊ ?" എന്നു സ്ഥിരം അന്വേഷിക്കുന്ന റോങ്ങ് നമ്പറോ ?
("ഭരണഘടനയില്‍ ഏതു വിഭാഗത്തിലാണു റസാക്കിനു ഞങ്ങള്‍ കാശ് കൊടുക്കാന്‍ പറഞ്ഞിട്ടുള്ളതു ?"എന്ന ചേട്ടന്റെ ചോദ്യം പോലും അയാളെ തളര്‍ത്തിയിരുന്നില്ല)
രണ്ടാം ക്ലാസുകാരന്റെ ആരാധികമാരായ ആതിരയോ,അതോ പവിത്രയോ?
"ചെച്ച്യേ , ചീര വേണൊ" എന്നു ഫോണില്‍ അന്വേഷിക്കുന്ന അയലത്തുകാരിയോ?

ഈ "ഐതു കസിന്‍സില്‍" ആരെങ്കിലും ആവുമൊ ഇതു?

എന്തായാലും ഇതു ആര്യപുത്രന്‍ കൈകാര്യം ചെയ്യുന്നതാവും ഉചിതം എന്നു ഭാവിച്ച് നില്‍ക്കുമ്പോള്‍
മുകളില്‍ നിന്നും ഉത്തരവ്. അതു കൈപ്പറ്റി നേരെ ഫോണിനടുത്തേക്ക്.

"ഹലോ"
"മോളെ"
(ആങ്ങളയാണ്. ഈ പ്രായത്തിലും മോളെ എന്നു വിളിക്കണമെങ്കിലേ)

"ആ , എന്താ ചേട്ടായി ?"
"എന്റെ വണ്ടി വര്‍ക്ക് ഷോപ്പിലാ. നാട്ടില്‍ പോകാന്‍, വണ്ടി ഒന്നു വേണം . വൈകുന്നേരം ഞാന്‍ വരാം"
"വണ്ടിക്കെന്തോ ചെറിയ പണി ഉണ്ടെന്നു പറയുന്ന കേട്ടു. അതു സാരമില്ല നിങ്ങള്‍ പോയി വന്നിട്ടാകാം"

ആങ്ങള നാട്ടില്‍ പോയാല്‍ , തിരികെ വരുമ്പോള്‍ അമ്മ കൊടുത്തു വിടുന്ന ഉപ്പേരി , പലഹാരങ്ങള്‍, ചക്ക, തേങ്ങ ,മാങ്ങ ,പഴം, ഓമക്കാ എന്നു വേണ്ട , വടക്കേപറമ്പു തന്നെ കാറില്‍ ഒഴുകി വരുന്നതു സ്വപ്നം കണ്ടു കൊണ്ടു ഞാന്‍ അങ്ങനെ നിന്നു.

വൈകുന്നെരം പറഞ്ഞപോലെ ആങ്ങള വന്നു.
"നിനക്കെന്തെങ്കിലും വേണോ ,നാട്ടീന്ന് ?"
"ഒന്നും വേണ്ട" എന്നു പറയാന്‍ വന്നെങ്കിലും , ഒന്നും മറക്കണ്ട എന്നേ അതു മനസ്സിലാക്കുകയുള്ളൂ എന്ന് അറിയാവുന്നതു കൊണ്ട് ഒരു "ഓ" ഇല്‍ കാര്യങ്ങള്‍ ഒതുക്കി.

നാട്ടില്‍ നിന്നും തിരിച്ചെത്തിയ ആങ്ങള മയില്‍വാഹനം സ്റ്റാന്റില്‍ പാര്‍ക് ചെയ്ത് വിട്ടിലേക്കും പോയി.

"ആ വണ്ടി വന്നോ എന്നാല്‍ കൈയ്യോടെ അതു നന്നാക്കാന്‍ കൊടുത്തേക്കാം ".വൈകുന്നേരം ഓഫീസില്‍ നിന്നെത്തിയ ചേട്ടന്‍
"അതില്‍ എന്തെങ്കിലും സാധനം ഉണ്ടോ എന്നു നോക്കൂ" വീടിന്റെ അകത്ത് രണ്ടുവയസ്സുകാരിക്കും രണ്ടാം ക്ലാസ്സുകാരനും ഇടയില്‍, ഹനുമാന്‍ ജമ്പ് കളിച്ചു കൊണ്ട് ഞാന്‍.

"ഇതാ നിന്റെ പങ്ക്." ഒരു പ്ലാസ്റ്റിക് ക്യാരി ബാഗില്‍, ചെറിയ എന്തോ ഒരു പോതി, ചേട്ടന്‍ മേശമേല്‍ വെച്ചു. എല്ലാം മൈക്രോ മിനി ആകുന്ന ഈ കാലത്തു, ഇതെല്ലാം കൂടി ,അമ്മ ഈ കുഞ്ഞിപൊതിയില്‍ ഒതുക്കിയോ ? ഞാന്‍ ഉദ്വേഗത്തൊടെ പൊതി തുറന്നു. നല്ല പഴുത്ത മൂന്നു പേരക്കകള്‍. "ആഹാ കൊള്ളാം." മൂന്നും പകുത്ത് കഴിച്ചതിനു ശേഷം ചേട്ടന്‍ വണ്ടിയുമായി പോയി.

വണ്ടി പണിക്കു കൊടുത്ത നാലാം ദിവസം വര്‍ക്ക് ഷോപ്പില്‍ നിന്നും വിളി വന്നു.
"മാഡം , സര്‍ ഉണ്ടോ അവിടെ? വണ്ടി റെഡിയായി . എപ്പോളാണ് വന്നെടുക്കുന്നത് എന്നറിയാന്‍ ആയിരുന്നു."
'ങെ. ഇവര്‍ ഇത്ര പെട്ടെന്ന് സേവന സന്നദ്ധരായോ?' പരിചയക്കാരായതു കൊണ്ടും, വണ്ടി പണിക്ക് കൊടുത്താല്‍ പിന്നെ ,പലതവണ അങ്ങോട്ട് വിളിച്ചാല്‍ മാത്രം ,പണിതീര്‍ക്കാന്‍ ശുഷ്കാന്തി കാണിക്കുന്നത് കൊണ്ടും എനിക്കു തെല്ല് ഒരു അത്ഭുതം തോന്നി.
വൈകുന്നേരം ചേട്ടന്‍ വന്നപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു.
"അവര്‍ എന്നേയും വിളിച്ചിരുന്നു. സമയമില്ലെങ്കില്‍ കൊണ്ടെ തരാം, എന്നു വരെ പറഞ്ഞു." ചേട്ടന്‍.
"സമയം വൈകിയതു കൊണ്ട് നാളെ ഞാന്‍ ചെന്ന് എടുത്തോളാം എന്ന് പറഞ്ഞു."

ഇടക്കിടെ അമ്മ വിളിച്ചു വെങ്കിലും, എന്തേ ഇത്തവണ തിരുവോണത്തോണി എത്താഞ്ഞതു എന്നു ഞാനോ ,ഒന്നും കൊടുത്തു വിടാന്‍ പറ്റിയില്ല എന്നു അമ്മയോ പറയുക ഉണ്ടായില്ല.

വൈകുന്നേരം ഓഫിസില്‍ നിന്നും നേരത്തെ വീട്ടില്‍ എത്തിയ ഞാന്‍, മക്കളുടെ വീരകൃത്യങ്ങളുടെ കണക്കുകള്‍ കേട്ടു നില്‍ക്കെ, നഗരസഭയുടെ മാലിന്യക്കൂമ്പാരം വഹിക്കുന്ന വണ്ടി കടന്നു പോയാലെന്നപോലെ ഒരു ഗന്ധം ശ്രദ്ധിച്ചു. കാലുള്ള എട്ടിന് കൃത്യം ബെല്‍ അടിച്ചു, "വേസ്റ്റ് "എന്നു നീട്ടി വിളിച്ചു ,കടന്നു പോകുന്ന കുടുംബശ്രീക്കാരെ ഒന്നു കൂ‍ടി മനസ്സില്‍ ധ്യാനിച്ചു." ഇന്നും അവര്‍ വന്നു പോയതാണല്ലോ?" എന്റെ ആത്മഗതം ഉറക്കെ ആയിപ്പോയി. ഞാന്‍ പുറത്തേക്കു നടന്നു. കൂടെ കുട്ടി പട്ടാളവും, ചേച്ചിയും.

നന്നാക്കിയ കാറും കൊണ്ട് ചേട്ടന്‍ എത്തിയിരിക്കുന്നു പുറത്ത്.
"ചേട്ടാ , ഇവിടെ എന്തൊ ഒരു മണം "
"ഉം." കാറില്‍ നിന്നിറങ്ങിയ ചേട്ടന്‍ പതിയെ വണ്ടിക്കു പുറകിലേക്കു നടന്നു. ഡിക്കി തുറന്നു.
അതിലേക്കു നോക്കിയ ഞാന്‍, അകത്തു ഭദ്രമായി ഇരിക്കുന്ന ,വീട്ടില്‍ നിന്നും കൊടുത്തയച്ച എന്റെ പങ്കു കണ്ടു ഞെട്ടി
ചേട്ടന്‍ ഓരോ കെട്ടായി പുറത്തെക്കെടുത്തു. ഉള്ളിലുള്ളവ ഏതവസ്ഥയിലാവും എന്നു ഊഹിക്കുമാറ്, ചാക്കിനുള്ളില്‍ നിന്നും ‘മിക്സെഡ് ഫ്രൂട്ട് ജ്യൂസ് ‘ പുറത്തേക്കൊഴുകിക്കൊണ്ടിരുന്നു.

മൂക്ക് എവിടെ എന്നു ചോദിച്ചാല്‍ , കൃത്യമായി നെറ്റി തൊട്ടു കാണിക്കുന്ന എന്റെ മോള്‍, ആദ്യം മൂക്കു പൊത്തി. ഗേറ്റിനരുകില്‍ കുഞ്ഞിനെ പേടിപ്പിക്കാന്‍ തക്കം പാര്‍ത്തു കിടന്നിരുന്ന ജിക്കി പട്ടി വാലും താഴ്തി ഓടിപ്പൊയി. അയലത്തെ പറമ്പില്‍ കെട്ടിയിരുന്ന് ആട് ,കിടന്നിടത്തു ഒന്നും അവശെഷിപ്പിക്കാതെ കുറ്റിയും പറിച്ച് ഓടി.

ഒരു കൈ കൊണ്ടു മൂക്ക് പൊത്തി, ഞാന്‍ പതിയെ കെട്ട് ഓരോന്നായി അഴിച്ചു. പഴുത്തു ചീഞ്ഞ ചക്കയും ഓമക്കയും മാങ്ങയും കടച്ചക്കയും ഒന്നും വേര്‍തിരിച്ചറിയാനാവാത്ത വിധം ദുര്‍ഗന്ധം പരത്തി അങ്ങനെ ചാക്കു കെട്ടുകളില്‍.വീട്ടില്‍ നിന്നും കൊടുത്തയച്ചപ്പോള്‍ ഐശ്വര്യ റോയിയെയും സുഷ്മിതസെന്നിനെയും തോല്‍പ്പിക്കുന്ന ഷേയ്പ്പോടെ ഇരുന്നവ, ഒരു തിരിച്ചറിയല്‍ പരേഡില്‍ പോലും തിരിച്ചറിയാനവാത്തവിധം, അങ്ങനെ.

കൊച്ചിയിലെ കൊതുകുകള്‍ക്കു പോലും പിന്നീട് കുറേ നാളത്തേക്ക് , ഞങ്ങളുടെ വിടിനു മുന്‍പിലൂടെ , മൂക്കുപൊത്തി പറക്കേണ്ടി വന്നു.വാല്‍ക്കഷണം:
കൊടുത്തു വിട്ട സാധനങ്ങള്‍ മക്കള്‍ കഴിച്ചു എന്നു കേള്‍ക്കാന്‍ ആയിരുന്നു അമ്മ വിളിച്ചതെന്നും, ഇതേ സാധനം അകത്തിരുന്നു ചീഞ്ഞു നാറി കസ്റ്റമേര്‍സ് കൈ വെയ്ക്കും എന്നായപ്പൊളാണ് , വര്‍ക് ഷോപ്പുകാരന്‍ ശുഷ്ക്കാന്തി കാണിച്ചതെന്നും ക്രമേണ ഞാന്‍ അറിഞ്ഞു.