Friday

രാജിക്കത്ത്‌

ഇന്നു ഒരാള്‍ കൂടി പടിയിറങ്ങുന്നു......

ഒരു ഉച്ചസമയം... സീറ്റിനു പുറകില്‍..

"എടൊ.. "
"ഓ.. താനോ .. എന്താടൊ..?"
"ഞാന്‍.. തന്നോടു... ഒരു കാര്യം പറയാന്‍..." സംസാരത്തില്‍ പതിവല്ലാത്ത ഒരു ശാന്തത..
"എന്താടൊ..?"
"ഞാന്‍ resign ചെയ്യുകയാണു.. വേറെ ഒരു offer..."
"ഉം...."

.......................................................................................

"നിങ്ങളുടെ ഇന്‍ഡസ്ട്രിയില്‍ ഇതു സര്‍വ്വ സാധാരണം.. അല്ലെ?.."
"അതെ ..." എന്നു സമ്മതിക്കുമ്പോളും അതിനപ്പുറം പോകുന്ന ചിന്ത..

ചില സുഹൃത്തുക്കള്‍ ...

പറയുന്നതും, പറയാത്തതും എല്ലാം മന്‍സ്സിലാക്കുന്നവര്‍...
മനസ്സു വായിച്ചെടുക്കുന്നവര്‍..അറിയാതെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുന്നവര്‍...
പറഞ്ഞു കൊണ്ടു തന്നെ സ്നേഹപ്പാരകള്‍ പണിയുന്നവര്‍..
അബദ്ധങ്ങളില്‍ കൂടെ ചിരിക്കുകയും, അബദ്ധങ്ങളില്‍ നിന്നു രക്ഷപെടുത്തുകയും ചെയ്യുന്നവര്‍...
പ്രൊഫെഷനെയും സൌഹൃദത്തിനേയും കൂട്ടിക്കുഴക്കാത്തവര്‍..
പിന്നീടൊരുനാള്‍, നേരിയ നൊമ്പരം ബാക്കി നിര്‍ത്തി ...

....................................................................................
"അപ്പോള്‍, എവിടെ ആണെടൊ നമുക്കു treat നു പൊകേണ്ടതു.."
അതെ..., ഇതും നമുക്കു ഒരു ആഘോഷമാക്കാം...

Thursday

പിറന്നാള്‍

"അമ്മേ, സ്റ്റ്രോബെറി ഫ്ലേവര്‍ കേക്കു മതി ട്ടോ"..
"ഡൊനാള്‍ഡിനെ വരക്കാം ല്ലേ കേക്കിന്റെ പുറത്തു..."
"ഞാന്‍ ഏതു ഉടുപ്പാ അമ്മേ ഇടണ്ടേ?"
"രോഹിത്തിനേം ഉണ്ണീയേം കിരണേയും വിളിക്കാം , കേക്കു മുറിക്കുമ്പോള്‍.."
"ഇത്തവണ കിട്ടണ സമ്മാനക്കളിപ്പാട്ടങ്ങള്‍ ഒക്കെ ഞാന്‍ സൂക്ഷിച്ചു ഊപയോഗിച്ചോളാം കെട്ടോ അമ്മേ"..
"എനിക്കു ഫോര്‍ട്ടി ഫൈവ്‌ മിട്ടായി വേണം ട്ടൊ ക്ലാസ്സില്‍ കൊടുക്കാന്‍"
........................................................................

"നിയ്ക്കും വേണം ഒരു കുഞ്ഞാവയെ"..
"ആതിരക്കും,വറുഗീസിനും, സംയുക്തക്കും എല്ലാം ഉണ്ട്‌.."

സ്കൂളില്‍ നിന്നെത്തിയ എല്‍.കെ.ജി. ക്കാരന്റെ പുതിയ ആവശ്യം കേട്ടു ഞാന്‍ ചിരിച്ചു..

"സ്കൂളിലെ സ്റ്റോറില്‍ നിന്നു വാങ്ങിയാലോ മോനെ..?" ചിരിച്ചു കൊണ്ടു ചേട്ടന്‍..

അവന്‍ അതു ശ്രദ്ധിക്കാതെ തുടര്‍ന്നു..
"എല്ലര്‍ക്കും കളിക്കാന്‍ വീട്ടില്‍ കൂട്ടുണ്ടു.. എനിക്കും വേണം"

മോനും ഉണ്ടല്ലോ കളിക്കാന്‍ കൂട്ടു... രോഹിതും, കിരണും, ഉണ്ണിയും ഒക്കെ..

"അതു പോര.. "നിയ്ക്കും വേണം ഒരു ക്ഞ്ഞാവയെ"..

.......................................................................................

ഒരു കുഞ്ഞാവ അവനായിട്ടു ഉണ്ടാകുന്നു എന്നറിഞ്ഞപ്പോള്‍...
അതു അനിയത്തിക്കുട്ടി ആണു എന്നു അവന്‍ ഉറപ്പിച്ചപ്പോള്‍..
'സുന്ദരി' എന്നു അവന്‍ പേരു നിശ്ചയിച്ചപ്പൊള്‍..'
എന്റെ ഉദരത്തിലെ വളരച്ചക്കൊപ്പം അവന്റെ മനസ്സിലും രൂപവും ഭാവവും വെച്ചപ്പൊള്‍...

കയ്യില്‍ വെച്ചു കൊടുത്ത വാവയെ "എന്റെ മൊളുട്ടിക്കുട്ടപ്പാ ന്നു വിളിചപ്പോള്‍..
"എല്ലാവരും കേള്‍ക്കെ 'സുന്ദരീ' ന്നു അവളുടെ ചെവിയില്‍, പേരു ചോല്ലി വിളിച്ചപ്പോള്‍..
അവളുടെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍...

അറിയുന്നു ഞാന്‍ അവന്റെ കുഞ്ഞു വലിയ ആഗ്രഹതിനു, ഇത്ര വ്യാപ്തി ഉണ്ടായിരുന്നു...

..............................................................................

"അമ്മേ, എന്താ ഓര്‍ക്കണെ.. വേഗം റെഡി ആകൂ...
ഞാനും വാവയും റെഡി.. അമ്പലത്തില്‍ പോവാന്‍.."
"ഞാനും.. " ചിരിച്ചു കൊണ്ടു ചേട്ടനും ..

Friday

മഴ

ഇന്നലെ തുടങ്ങിയ മഴയാണ്‌...
ഇനിയും തോര്‍ന്നിട്ടില്ല...
ഇനി എത്ര നേരം പെയ്യും.. അറിയില്ല...

വേദനയെ ഒഴുക്കിക്കളയാനുള്ള കഴിവു ഈ മഴക്കുണ്ടെങ്കില്‍, നില്‍ക്കാതെ പെയ്യട്ടെ ഈ മഴ...

"അകത്തേക്കു കയറൂ കുട്ടീ. എത്ര നേരമായ്‌ നീ ഈ മഴയില്‍"

"വേണ്ട ഞാനിവിടെ നില്‍ക്കട്ടെ. എന്റെ കണ്ണുനീര്‍ ആരും കാണാതിരിക്കട്ടെ"

Wednesday

സമ്മാനം

ഒരു നീണ്ട യാത്രക്കിടെ ആണ്‌ ഞാന്‍ അവരെ പരിചയപ്പെട്ടതു. നാല്‍പ്പതിനു മേല്‍ പ്രായം. നിസ്സംഗത നിഴലിച്ച മുഖം.


വെറുതെ സംസാരിച്ചു തുടങ്ങിയ ഞാന്‍ എപ്പോളോ കേള്‍വിക്കാരിയായി മാറി..അവര്‍ സംസാരിച്ചു കൊണ്ടേ ഇരുന്നു...


ആറുസഹോദരങ്ങള്‍ക്കും ശേഷം , എറ്റവും ഇളയവള്‍ ആയി പിറന്നതു...
രണ്ടു വയസാകും മുന്‍പു വിധി അമ്മയെ കൊണ്ടു പോയതു..
കല്യാണപ്രായമെത്തിയപ്പൊള്‍, ഇഷടപ്പെട്ടു വന്ന ചെക്കനെ, വീട്ടുകാര്‍ ചേച്ചിക്കായി കല്യാണം ഉറപ്പിച്ചതു...
കുടുംബസ്വത്തു ഭാഗം വെച്ചപ്പൊള്‍, അച്ഛന്‍ സ്വത്തിന്റെ ഭാഗവും , തന്നെയും , നോക്കാന്‍ ആങ്ങളയെ ഏല്‍പ്പിച്ചതു...


മൂന്നു വയസ്സായ മകളെ കയ്യില്‍ എല്‍പ്പിചു, ഭര്‍ത്താവു ലോകത്തോടു വിട പറഞ്ഞതു...
ഒരമ്മയും മകളും.. തനിയെ ഉള്ള താമസം..,
അയല്‍ വക്കക്കാരുടെ കയ്യിലിരിപ്പു കൊണ്ടു, ഭര്‍ത്താവു വെച്ചു കൊടുത്ത ആ വീടു ഉപേക്ഷിക്കേണ്ടി വന്നതു...


സഹായിക്കേണ്ടി വന്നെങ്കിലോ എന്നോര്‍ത്തു, ബന്ധുക്കള്‍ ഒരോന്നായി കൈയ്യൊഴിഞ്ഞതു...
പതിനെട്ടു വയസ്സായപ്പോള്‍ തന്നെ, മകളെ ഒരുവനെ എല്‍പ്പിച്ചതു...
കല്യാണ ചെലവിന്റെ കടം തീരും മുന്‍പെ മകളുടെ പ്രസവത്തിനു കടം വാങ്ങേണ്ടി വന്നതു...


കടം ഇരട്ടി ആയപ്പോളും പേരക്കുഞ്ഞിന്റെ , മുഖം കണ്ടു ആശ്വസിച്ചതു...
തനിക്കൊരു കൂട്ടാകുമല്ലോ എന്നു കരുതി, മകളൊടും ഭര്‍ത്താവിനോടും തന്റെ കൂടെ താമസിക്കാന്‍ പറഞ്ഞതു...
കടം വീട്ടാന്‍ കൂടുതല്‍ സമയം ജോലി ചെയ്തതു...
ഭര്‍ത്താവുണ്ടാക്കുന്ന കാശു സൂക്ഷിച്ചു വെക്കുകയും, അമ്മ ഉണ്ടാക്കുന്നതു മുഴുവന്‍ മകള്‍ ചെലവാക്കുകയും ചെയ്തതു...


വീട്ടിലെ ചിലവു നോക്കണമെങ്കില്‍ ദിവസം നൂറു രൂപ ഏല്‍പ്പിക്കണം എന്നു മകള്‍ പറഞ്ഞതു...
രണ്ടാമതൊരു പേരക്കുഞ്ഞിനെക്കൂടി സമ്മാനിക്കാന്‍ മകള്‍ തയ്യാറെടുത്തതു...


ഒരിക്കലും തീരാത്ത കടത്തിന്റെ കണക്കുമായി ആള്‍ക്കാര്‍ വീടിനുമുന്‍പില്‍ കാവല്‍ നിന്നതു...


അവസാനം വീടു വിട്ടിറങ്ങിയപ്പോള്‍, തിരിച്ചു വിളിക്കാന്‍ നില്‍ക്കാതെ മകള്‍ അകത്തേക്കു കയറിപ്പോയതു...
അങ്ങനെ ... അങ്ങനെ...


അവര്‍ സംസാരം നിര്‍ത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു ." എന്നിട്ടിപ്പോ ചേച്ചി എന്തു ചെയ്യണു..?"

"ഞാന്‍ ഹോം നേഴ്സായി ജോലിചെയ്യുന്നു.. എര്‍ണാകുളത്തു.."

"ഇപ്പോള്‍ എങ്ങോട്ടേക്കു പൊകുന്നു ?".

ഇത്തിരി നേരം അവര്‍ ഒന്നും പറഞ്ഞില്ല..
പിന്നെ കയ്യില്‍ ഇരുന്ന പൊതി സാവധാനം അഴിച്ചു .

" കുഞ്ഞിനെ കാണാന്‍..
മൂന്നു മാസമായി മകള്‍ക്ക്‌ രണ്ടാമത്തെ കുഞ്ഞുണ്ടായിട്ടു...ഇതു വാങ്ങാന്‍ ഇപ്പോളേ കാശു ഒത്തു വന്നോള്ളു.."

കയ്യില്‍ തുറന്ന പൊതിയിലേക്കു ഞാന്‍ നോക്കി.

വര്‍ണ്ണാക്കടലാസില്‍, വെള്ളക്കല്ലു പതിച്ച രണ്ടു കുഞ്ഞിക്കമ്മലുകല്‍.

Friday

ഒന്നാം ക്ലാസ്സ്‌

ബെഞ്ചില്‍ അടുത്തു വന്നിരിക്കുന്ന കുറുമ്പി പെണ്ണിനെ അപ്പു ഒന്നു കൂടി നോക്കി.

പിന്നെ പതിയെ ചോദിച്ചു, "എന്താ പേര്‌?"

കുസൃതിക്കണ്ണുകളൊടെ അവള്‍ പറഞ്ഞു "പേരയ്ക്ക.."

"ങെ പേരക്കായോ??"..

"ഉം.." കണ്ണടച്ചു തലയാട്ടി അവള്‍ അപ്പൂനെ നോക്കി.

"അപ്പോള്‍ നാട്‌ നാരങ്ങയാവും അല്ലേ?" അപ്പു ചോദിച്ചു..

പിന്നെ അവര്‍ ഒന്നിച്ചു പൊട്ടി ചിരിച്ചു..

Wednesday

അന്വേഷണം

ഒരു കുറവും തനിക്കില്ലല്ലൊ.. പിന്നെ എന്തിനു എല്ലാവരും അതന്വേഷിക്കണം.

പലപ്പോഴും ഒഴിഞ്ഞു മാറി . ചോദ്യങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ ശ്രമിച്ചു.

എത്ര കാലം!!ഇല്ല ഇനി അറിഞ്ഞേ തീരൂ!!

അവസാനം അവള്‍ തീരുമാനിച്ചുറപ്പിചു.. കണ്ടു പിടിക്കുക തന്നെ.

ആരോടു ചോദിക്കണം.. ആരെ വിശ്വസിക്കണം

തടാകത്തിലെ ജലാശയം അവള്‍ക്കു കാണിച്ചു കൊടുത്തു അച്ഛന്റെ മുഖം..

മലനിരകളില്‍ പ്രതിധ്വനിച്ചതു.. അമ്മയുടെ ശബ്ദം.

അതൊന്നും അവള്‍ക്കു മനസ്സിലായില്ല.. അവളൊരിക്കലും കണ്ടിട്ടില്ലാത്ത അച്ഛ്നെയും അമ്മയെയും എങ്ങനെ തിരിച്ചറിയാന്‍.

Thursday

എന്റെ ഹോസ്റ്റെല്‍ ജീവിതം

സ്കൂള്‍ ജീവിതത്തില്‍ നിന്നും കോളേജ്‌ ജീവിതത്തിലേക്കു കടന്നപ്പോള്‍ ,അച്ഛനമ്മമാര്‍ വിചാരിച്ചു ഈയുള്ളവളെ ഒന്നു "സ്വയം പര്യാപ്ത" ആക്കണമെന്നു. അതിന്റെ പരിണത ഫലമായി ഞാന്‍ ഹോസ്റ്റലില്‍ എത്തിപ്പെട്ടു.

എന്റെ പ്രീഡിഗ്രി പഠനം കോട്ടയത്തെ ഒരു "പെണ്ണുങ്ങളുടെ മാത്രം" കോളേജില്‍ ആയിരുന്നു...

മരുന്നിനു പോലും ഒരു ആണ്‍തരിയെ എടുക്കാന്‍ ഇല്ലല്ലൊ എന്നു പെണ്‍കിളികള്‍ ആകുലപ്പെടുകയും ,മാതാപിതാക്കല്‍ ആശ്വസിക്കുകയും, ചെയ്ത കോളേജില്‍ ആകെയുള്ള ആശ്വാസം തൊട്ടപ്പുറത്തെ mixed കോളേജില്‍ നിന്നും എത്തി നോക്കുന്ന പൂവാലന്‍ ചെക്കന്‍ മാര്‍ ആയിരുന്നു..

ആദ്യ വര്‍ഷം വലിയ ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെ അല്ലറ ചില്ലറ തല്ലുകൊള്ളിത്തരവുമായി, അങ്ങനെ കടന്നു പൊയി..

dormitory പൊലെ ഒരു മുറി. ആതില്‍ ഒന്‍പതു പേര്‍. എല്ലാവരും തന്നെ അനുസരണാശീലം ഒരു ദുശ്ശീലം ആയിക്കാണുന്നവര്‍..

പഠനം അല്‍പം കുറഞ്ഞാലും,ബാക്കി എല്ലാ മേഖലകളും പരിപോഷിപ്പിച്ചു മുന്നേറിക്കൊണ്ടിരുന്ന ഞങ്ങളെ, ഒന്നു കശക്കി വെറെ പല മുറികളില്‍ ആക്കിയാലോ എന്നു മേട്രന്‍ സിസ്റ്ററമ്മ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. പിന്നെ ഇരുന്നും ,നിന്നും ,വ്രതമെടുതും ആലോചിച്ചു.

"ഇതിലൊരെണ്ണം അവിടെ എത്തിയാല്‍ .. അവിടെ ഉള്ളതുങ്ങള്‍ എല്ലാം ഇമ്മാതിരി ആയിപ്പൊകും" എന്ന തിരുവുള്ളപ്പാടുണ്ടാകുകയും അങ്ങനെ ,ആ ഉദ്യമം ഉപേക്ഷിക്കുകയും ചെയ്തു.

അങ്ങനെ.. എന്നത്തെയുമ്പോലെ അന്നും രാത്രി പത്തുമണി ആയപ്പോള്‍ , എല്ലാവരും കിടക്കാന്‍ സമയമായെന്നു ഓര്‍മ്മപ്പെടുത്തി സിസ്റ്ററമ്മ വന്നു.. സിസ്റ്ററമ്മയുടെ നോട്ടത്തില്‍ മുറികളിലെ ബള്‍ബുകള്‍ താനേ അണഞ്ഞു.. ലൈറ്റ്‌ അണയാത്തമുറിയുടെ വെളിയില്‍ വന്നുനിന്നു ,അകത്തേക്കു കിളിവാതിലില്‍ക്കൂടി എത്തി നോക്കി.(മുറികളുടെ വാതിലിന്റെ മുകളിലത്തെ ഭാഗം കിളിവാതില്‍ മാതൃക ആണു. )

"നിനക്കൊന്നും കിടക്കാറായില്ലേടി .. കണ്ടവന്റെ കുറ്റം പറയാതെ ഇവള്‍ക്കൊന്നും ഉറക്കോമില്ലേ" എന്നൊക്കെ വഴക്കും പറഞ്ഞു, തിരുക്കരങ്ങളാല്‍ കതകില്‍ തട്ടി ലൈറ്റ്‌ ഓഫ്‌ ആക്കിച്ചു സിസ്റ്ററമ്മ പൊയി.

അങ്ങനെ എല്ലാവരും ഉറങ്ങി കുറേനേരം കഴിഞ്ഞപ്പൊള്‍..


"അയ്യോാ" .. ഉറക്കെ ഉള്ള നിലവിളി കേട്ടാണു സിസ്റ്ററമ്മ ഉണര്‍ന്നതു..

മുറിയില്‍ നിന്നും ചാടിയിറങ്ങി സിസ്റ്റര്‍ ഉറക്കെ ചോദിച്ചു..
"ആരാ അതു.. എന്താ അവിടെ? എന്തുപറ്റി..?"

പിന്നെ തലങ്ങും വിലങ്ങും ഇടനാഴിയില്‍കൂടി ഒരു ഓട്ടപ്രദക്ഷണവും..

"എവിടുന്നാ ശബ്ദം ? ആരാ കരഞ്ഞെ?" സിസ്റ്റര്‍ വീണ്ടും ചോദിച്ചു..

ഒരൊ മുറികളിലായി ലൈറ്റ്‌ തെളിഞ്ഞു.. ഒരൊരുത്തരായി ഓരോ മുറിയില്‍ നിന്നു വേളിയിലെക്കു വന്നു..

സിസ്റ്റര്‍ ഇടനാഴിയില്‍ക്കൂടി ഒരു ഓട്ടപ്രദക്ഷണവും വീണ്ടും നടത്തി..

ഞങ്ങളുടെ മുറിയില്‍ ഒഴികെ എല്ലാ മുറിയിലും ലൈറ്റ്‌ തെളിഞ്ഞു . അവിടെ ഒന്നും നോക്കിട്ടു ഒരു കുഴപ്പോമില്ല..

അപ്പോള്‍ പിന്നെ..

സിസ്റ്റര്‍ ഞങ്ങളുടെ മുറിയുടെ അടുത്തേക്കു വന്നു..കിളിവാതിലിലൂടെ നൊക്കി..
ഇടനാഴിയില്‍ നിന്നും ഉള്ള അരണ്ട വെളിച്ചത്തില്‍ സിസ്റ്റര്‍ അതു കണ്ടു..ഫാനില്‍ തൂങ്ങി നില്‍ക്കുന്ന ഒരു രൂപം..

"അയ്യൊ ഗ്രേസിയെ " എന്നു സിസ്റ്റര്‍ പറയാന്‍ ശ്രമിക്കുന്നതും പിന്നെ ഭിത്തിയിലേക്കു ചാരി പതിയെ നിലത്തേക്കിരുന്നതും നോക്കി ബാക്കി ഉള്ളവര്‍ ഓടിക്കൂടി..............................





ഫ്ലാഷ്‌ ബാക്ക്‌:

എന്നത്തേയും പൊലെ, അന്നും രാവേറെ ചെല്ലുന്നതുവരെ വര്‍ത്തമാനം പറഞ്ഞു ഇരുന്നു .അങ്ങനെ മെഴുകുതിരികള്‍ തീരുകയും ,പഠനം തീരാതിരിക്കുകയും ചെയ്തു.മുന്‍പില്‍ തുറന്നു വെച്ച ഊര്‍ജതന്ത്ര റെക്കോര്‍ഡില്‍ എഴുതാന്‍ ഉള്ള ഊര്‍ജ്ജം മുഴുവന്‍ ചോര്‍ന്നു പോയതിനാല്‍ , ഇനി എഴുതിയാല്‍ അതു തന്ത്രം മാത്രം ആകും എന്ന തിരിച്ചറിവു കൊണ്ടു, ഞാന്‍ ഉറങ്ങാന്‍ തീരുമാനിച്ചു..

കിടക്കുമ്പൊള്‍ ഹാംഗറില്‍ നൈറ്റി ഇട്ടു ,അതു ഫാന്‍ ഫിറ്റ്‌ ചെയ്തിരുന്ന മുറിക്കു കുറുകനെ ഉള്ള കമ്പിയില്‍ ഇടുന്ന ഗ്രേസിയൊടു എന്നത്തേയും പൊലെ പറഞ്ഞു
"നിന്നെ ഒരു ദിവസം സിസ്റ്ററമ്മ ഇതു പൊലെ തൂക്കും" (മുറിയില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ ഇടരുത്‌ എന്നു പഴയ നിയമം 1:2:3)

എന്റെ കട്ടില്‍ ജനാലക്ക്‌ അടുത്തായിരുന്നു. ഇടക്കിടെ മറ്റേ കെട്ടിടത്തില്‍ പ്രത്യക്ഷപ്പെടാറുള്ള കള്ളനെയും മനസ്സില്‍ ധ്യാനിച്ച്‌, ജനാല തുറന്നിട്ടു, എന്റെ ആഭരണങ്ങള്‍,( ഒരു പെണ്‍കുട്ടിക്കു അത്യാവശ്യം വേണ്ടതു എന്നു അച്ഛനമ്മമാര്‍ക്കു തോന്നുന്ന മാല ,കമ്മല്‍, വള. ) ഒക്കെ യഥാസ്താനത്തു ഉണ്ടു എന്നു ഉറപ്പു വരുതി ഞാന്‍ കിടന്നു.

"നീ രാവിലെ എന്നേയും കൂടി ഒന്നു വിളിക്കണെ" കിടക്കാന്‍ നേരം അയലത്തെ കട്ടിലുകാരിയോടു പറഞ്ഞു.

രാത്രിയില്‍ എപ്പോളോ ഉണര്‍ന്ന അവള്‍ കിടന്നു കൊണ്ടു,തൊട്ടടുത്ത കട്ടിലില്‍ നിന്നും എന്നെ വിളിച്ചു. പക്ഷെ വിളിക്കാന്‍ ഉയര്‍ത്തിയ കൈ വന്നു വീണതു എന്റെ കഴുത്തില്‍ . കള്ളനെ ധ്യാനിച്ചു ഉറങ്ങിയ ഞാന്‍, സര്‍വ ശക്തിയും എടുത്തു ഉച്ചത്തില്‍ അയ്യോ എന്നു വിളിച്ചതും , ഞങ്ങള്‍ രണ്ടും ചാടി എണീറ്റതും ഒപ്പം കഴിഞ്ഞു.. പരിസര ബോധം വന്ന ഞാന്‍ പെട്ടെന്നു പുതപ്പിനടിയില്‍ ഒളിച്ചു. അതേപോലെ കൂട്ടുകാരിയും.

എന്റെ നിലവിളി കേട്ടുണര്‍ന്ന ഞങ്ങടെ മുറിയില്‍ ഉള്ളവര്‍ ,ഞങ്ങള്‍ രണ്ടു പേരും പെട്ടെന്നു കിടക്കുന്നതാണു കണ്ടതു.
"പിന്നേയും എന്തോ ഒപ്പിച്ചു" എന്ന് ആരോ പറഞ്ഞതു കേട്ടതും, വീണ്ടും എല്ലാവരും അവനവന്റെ കട്ടിലുകളില്‍ ഫ്ലാറ്റ്‌.....



പിന്നെ സിസ്റ്ററമ്മ പ്രത്യക്ഷപ്പെട്ടതും ,തളര്‍ന്നിരുന്നതും ബാക്കി വെളിയില്‍ക്കൂടിയവര്‍ വാതിലില്‍ മുട്ടി കതകു തുറപ്പിചതും, പുറകെ സിസ്റ്ററിന്റെ ചമ്മലും, അതു മറയ്കാനുള്ള ശകാരവും എല്ലാം രസകരമായ ഒരു ഓര്‍മ..

(സമര്‍പ്പണം: ഈ കാര്യം പറഞ്ഞു പിന്നെ ഒരു വര്‍ഷത്തേക്കു എന്നെ target ആക്കിയ എല്ല സഹമുറിയത്തിമാര്‍ക്കും)