Saturday

മഷിപ്പേന.

"അമ്മേ എനിക്കൊരു മഷിപ്പേന വാങ്ങിത്തരണം." സ്കൂളില്‍ നിന്ന് തിരികെ എത്തിയ ആദ്യ ദിവസം അഞ്ചാംക്ലാസ്സുകാരന്‍ ആവശ്യം നിരത്തി.


"ഞങ്ങളെ ഇനി മഷിപ്പേന വെച്ചേ എഴുതാന്‍ റ്റീച്ചര്‍ സമ്മതിക്കൂ". അല്പം ഗമയില്‍ പെന്‍സിലില്‍ നിന്നും പേനയിലേക്കുള്ള പ്രൊമോഷന്‍ ഉറക്കെ പ്രഖ്യാപിച്ചു അവന്‍ അകത്തേക്കു പോയി.


"അമ്മേ നിച്ചും വേണം ചേട്ട പറഞ്ഞ പേന". വീട്ടിലെ ഭിത്തി മുഴുവന്‍ എഴുതി തീര്‍ത്തിട്ടല്ലെ അമ്മേ ഞാന്‍ ചോദിക്കണെ എന്ന ഭാവത്തില്‍ മകള്‍.


ക്ലാസു കയറ്റം കിട്ടുന്നതിലും ഗമയായിരുന്നു പണ്ടു കാലത്തും പെന്‍സിലില്‍ നിന്നും പേനയിലേക്കുള്ള മാറ്റം.


അ‌ച്ഛ്ന്‍ വാങ്ങിത്തന്നു എനിക്ക് ആദ്യത്തെ പേന. സാധാരണയിലും നീളം കുറഞ്ഞ വാലറ്റം കൂര്‍ത്ത തൊപ്പി വെച്ച കുഞ്ഞി പേന. അതിനു നിറം നീല ആയിരുന്നു. പിന്നെ എപ്പോഴൊ മനസ്സിലെ പരീക്ഷണ പനി ഉണര്‍ന്നപ്പോള്‍, പേന മഞ്ഞളില്‍ മുങ്ങി പച്ച കളര്‍ ആയി.

"നീല മഷി വെച്ച് എഴുതിയാ മതി എല്ലാവരും". അവിടേം വന്നു ടീച്ചറിന്റെ വക ന്യായം. കറുപ്പ് മഷി വെച്ചെഴുതിയാല്‍ കുറച്ചുനാള്‍ കഴിയുമ്പോ അതു ബ്രൗണ്‍ കളര്‍ ആകും അത്രേ. ബ്രൗണ്‍ എന്താ മോശം കളറാ. ചോദിക്കാന്‍ തോന്നിയതാ. പിന്നെ റ്റീച്ചറിന്റെ കയ്യിലിരിക്കുന്ന ചൂരല്‍ അതിനു സമ്മതിച്ചില്ല


എല്ലാവരും സാദാ പേന വെച്ചെഴുതുമ്പോ അടുത്തിരുന്നു സൂര്യ, ഹീറോ പേനയും പിടിച്ചു ഹീറോയിന്റെ ഭാവത്തില്‍ എഴുതുന്നു . അവളുടെ ആരോ ഫോറിനില്‍ നിന്നു വന്നിട്ടുണ്ട്. അല്ലെങ്കിലും സ്വര്‍ണ്ണതലപ്പാവുള്ള ആ പേനക്കു ഒരു ചന്തം ഒക്കെ ഉണ്ട്.


ഇടക്കു പേന പണിമുടക്കും. 'തെളിയാത്ത പേന കുടയുമ്പോ തെളിയും' എന്ന തത്വം പരീക്ഷിച്ചാലോ? മഷി തുള്ളി ഒട്ടും ഉന്നം തെറ്റാതെ അടുത്തിരിക്കുന്നവന്റെ തിരുമുഖത്താകും വീഴുക. അതുമല്ലെങ്കില്‍ പേനതന്നെ മൂക്കും കുത്തി താഴേക്കും വീഴും. അതോടെ മഷിയില്ലാ പേന നിബ്ബ് ഒടിഞ്ഞു പൂര്‍ണ്ണ യോഗ്യനായി ബ്ലോക്സില്‍ കയറും. അറിയാതെ കയ്യില്‍ നിന്നും താഴെ വീണാലോ, മഷി ചോര്‍ന്ന് നടുവിരലില്‍ പരക്കാന്‍ പാകത്തില്‍ കൃത്യമായി പൊട്ടാന്‍ പേനക്കറിയാം.


ഒരു സൗഹൃദം തുടങ്ങാനും ഒരു തുള്ളി മഷി മതി. അടുത്തിരിക്കുന്നവന്റെ മോന്തക്ക് ചാര്‍ത്തീട്ടല്ല. മറിച്ച് "പേനയിലെ മഷി തീര്‍ന്നു. അല്‍‌പം മഷി തരുമോ?" എന്ന കുഞ്ഞു ആവശ്യം നിഷേധിക്കാന്‍ ആരെക്കൊണ്ടാകും.സൗഹൃദം തുടങ്ങാനും, പുതുക്കാനും പേന തന്നെ ബെസ്റ്റ്. കൊടുക്കുന്നവന്റെ പോക്കറ്റ് കീറുകയും ഇല്ല കിട്ടുന്നവന്റെ പോക്കറ്റിനു ഭംഗിയുമേറും.


എഴുതാന്‍ പേന കടം വാങ്ങി തിരികെ തരാന്‍ മറക്കുന്ന മറവിക്കാരിക്ക് ,ക്യാപ്പ് ഊരി പേന മാത്രം കയ്യില്‍ വെച്ചു കൊടുത്തു. ഉപയോഗം കഴിഞ്ഞപ്പോ പേന ക്യാപ് അന്വേഷിച്ചു താനേ ഇങ്ങ് എത്തി. എന്നിരുന്നാലും ഒരാള്‍ സ്ഥിരമായി ഉപയോഗിക്കുന്ന മഷിപ്പേന വേറെ ഒരാള്‍ക്കും ഇണങ്ങില്ല. ദീര്‍ഘനാളത്തെ ഉപയോഗം കൊണ്ടു എഴുത്തിന്റെ രീതി അനുസരിച്ചു, പേനക്കും വരും ഒരു മാറ്റം.


പേനയില്‍ ഇറുക്കി പിടിച്ചു എഴുതിയാല്‍ നടുവിരലിനും കിട്ടും ഒരു അടയാളം. കാലങ്ങളോളം നില്‍ക്കുന്ന ഒരു തഴമ്പ്.

പേനയില്‍ ചില വേന്ദ്രന്മാരും ഉണ്ടു. മേശപ്പുറത്തു കുടഞ്ഞ് മഷി മുഴുവനായി അകത്തേക്കു വലിക്കാനറിയുന്നവര്‍. എല്ലാ പേനക്കും ആ കഴിവുണ്ടോ ആവൊ?


ബിസ്മി പേനകളായിരുന്നു അന്ന് സാധാരണക്കാരന്റെ താരം.(ഇപ്പോളും ആ ബ്രാന്റ് നിലവിലുണ്ടോ ?)വാലറ്റം തരിച്ചാല്‍ മഷി ഉള്ളിലേക്കു കയറുന്ന പേനകളായിരുന്നു സ്കൂളില്‍, ഹീറോ പേനയുടെ വില്ലന്‍. ഇപ്പോള്‍ ഹിന്ദയിലെ പ്രമുഖ താരം ബ്രാന്റ് അംബാസഡറായി പ്രത്യക്ഷപ്പെടുന്ന കയ്യൊപ്പുള്ള പേനകള്‍ വരെ എവിടെയും സുലഭം.

എന്നിരുന്നാലും എനിക്കു എന്നും പ്രിയപ്പട്ടത് , തൊപ്പി വെച്ച എന്റെ ആദ്യത്തെ പേന തന്നെ.