Monday

ഹിന്ദി

"ഇന്നു എന്താ പഠിപ്പിച്ചേ? .. "

ഉടുപ്പൂരിയിടാന്‍ സഹായിക്കുന്നതിനിടെ ഞാന്‍ മോനോടു ചോദിച്ചു..

"അമ്മേ ഇന്നു ഞങ്ങളെ ഹിന്ദി പാട്ടു പഠിപ്പിച്ചു.. "

എന്റെ പ്രതികരണത്തിനു കാത്തു നില്‍ക്കാതെ അവന്‍ പാടി..

"ഏക്‌ റ്റമാട്ടര്‍ ലാല്‍ ലാല്‍
‍ജൈസെ മേരെ സുന്ദര്‍ ലാല്‍
‍മെം ഭി ഖാവോ
തും ഭി ഖാവോ
ഹോജായെ സബ്‌ ലാല്‍ ലാല്‍"

പാട്ടില്‍ അങ്ങനെ ലയിച്ചു ഞാന്‍ ചോദിച്ചു "എന്താ മോനെ അതിന്റെ അര്‍ഥം.. ?"

"ഒരു റ്റൊമറ്റൊ, നല്ല ചുവപ്പ്‌,
ബേബി കഴിക്കൂ
തുമ്പി കഴിക്കൂ
എല്ലാരും നല്ല ചുവപ്പു ആകും.."

അര്‍ഥം കേട്ടു കണ്ണു മിഴിച്ചു നില്‍ക്കുന്ന എന്നെ ശ്രദ്ധിക്കാതെ അവന്‍ കളിക്കാനോടി..

Friday

നായര്‌ പിടിച്ച പുലിവാല്‌..

രാവിലെ കുളിച്ചു സുമുഖനും സുന്ദരനും ( ഒരു 2 ഡിഗ്രി കൂടി ഇരിക്കട്ടെ...) ചേട്ടന്‍
"എടീ.. എടിയേയ്‌.. ഞാന്‍ ഒന്നു മെഡിക്കല്‍ ചെക്കപ്പ്‌ ചെയ്തിട്ടു വരാം.."

"ഇതെന്താ ഇപ്പൊ ഇങ്ങനെ തൊന്നാന്‍.. ഇനി വല്ല ആരോഗ്യ പ്രശ്നവും ഉണ്ടോ.."
ആദ്യ ഭാഗം ഉറക്കെയും ,രണ്ടാം ഭാഗം പതുക്കെയും പറഞ്ഞ്‌.. ആകെ ഒരു സംശയത്തില്‍ ഞാന്‍ ചേട്ടനെ നോക്കി.

ചേട്ടന്‍ ഒരു ചെറു ചിരി പാസ്സ്‌ ആക്കി..
"അതേയ്‌.. ഞങ്ങടെ കമ്പനിയുടെ വക മെഡിക്കല്‍ ചെക്കപ്പ്‌ ഫ്രീ.. അതാ"

ഓ.. (ഒരു പരസ്യത്തിലെ പൊലെ, ആശ്വസത്തോടെ ശ്വാസവും വിട്ട്‌ ഞാന്‍)

.......

ചെക്കപ്പ്‌ കഴിഞ്ഞെത്തിയ ചേട്ടന്‍
"അതേയ്‌.. എല്ലാം ഓക്കെ.. പക്ഷെ.. ഹൃദയത്തിനു ഇത്തിരി ഇടിപ്പു കൂടിപ്പോയോ എന്ന്‌ ഒരു സംശയം.."

"ലേഡി ഡോക്ടര്‍ ആയിരിക്കും ടെസ്റ്റ്‌ നടത്തിയെ" സത്യാവസ്ഥ ബോധിപ്പിച്ചു ഞാന്‍

"അതല്ല.. ഒരു ടെസ്റ്റ്‌ border line high ആണു എന്ന്‌ ..അതുകൊണ്ടു വേറെ ഒരു ടെസ്റ്റ്‌ ഉം കൂടി നടത്തണം.."

"ഒ.." ( ഇന്ത്യ പാക്ക്‌ ബോര്‍ഡെര്‍നെക്കുറിച്ചു മാത്രം അല്‍പ്പസൊല്‍പം വിവരം ഉള്ള ഞാന്‍, ഒന്നും മനസ്സിലാകാതെ ചേട്ടനെ നോക്കി)
"പുതിയ ടെസ്റ്റ്‌ എന്താണ്‌"

"എന്തോ ഒരു CT angiogram.. അതു അത്ര പാട്‌ ഒന്നും ഇല്ല.. വെറുതെ അങ്ങു ചെല്ലുക ഒരു സ്കാനിംഗ്‌ പൊലെ ഒരു സംഗതി.. അതു ചെയ്യുക, പോരുക അത്ര തന്നെ. നീയും പോരെ.. "

അടുത്ത ദിവസം രാവിലെ ചേട്ടനെ അനുഗമിച്ചു ഞാനും ആശുപത്രിയിലേക്ക്‌..

അവിടുത്തെ ചിട്ടവട്ടങ്ങള്‍ ഒക്കെ പൂര്‍ത്തിയാക്കി.. 'ചലോ സ്കാനിംഗ്‌ റൂം' എന്ന സിസ്റ്ററമ്മയുടെ ഓര്‍ഡറില്‍ ഞങ്ങള്‍ 2 പേരും സ്കാനിംഗ്‌ റൂമിലേക്കു..

മുറിക്കു മുന്‍പില്‍ ഇരിക്കുമ്പോള്‍, ഇതൊന്നും വല്യ കാര്യമേ അല്ല എന്ന ഭാവം ചേട്ടന്‌..

അപ്പോള്‍ ഐശ്വര്യം തുളുമ്പുന്ന മുഖവുമായി, അന്‍പതുകള്‍ പിന്നിട്ട, ഒരു അമ്മ ടെസ്റ്റിംഗ്‌ റൂമില്‍ നിന്നും ഇറങ്ങി ചേട്ടന്റെ അടുത്തു ഇരുന്നു.

എന്നിട്ടു വിഷമം നിറഞ്ഞ ഒരു ചിരിയോടെ..

"നിങ്ങളും ടെസ്റ്റിങ്ങിനു വന്നതാണോ ? ഞാന്‍ ഇവിടെ ഡോക്ടര്‍ നെ ഒന്നു കാണാന്‍ വന്നതാ... ഡോക്ടര്‍ പറഞ്ഞു ഈ ടെസ്റ്റ്‌ ചെയ്യണം ന്നു, പക്ഷെ എന്നെക്കൊണ്ടു പറ്റില്ല, 20 സെക്കന്റ്‌ ശ്വാസം പിടിച്ചിരിക്കാന്‍.."

'അയ്യൊ, ടെസ്റ്റിന്‌ ഉള്ള കാശ്‌ അടച്ചപ്പോളേ ശ്വാസം പോയതാ, ഇനി ഇപ്പോ..' ഞാന്‍ ചേട്ടനെ നോക്കി.

എന്തായാലും നനഞ്ഞിറങ്ങി ഇനി 'മുങ്ങിത്തന്നെ' കുളിച്ചു കളയാം എന്ന ഭാവത്തില്‍ ചേട്ടന്‍

"ഒ വെറും 20 സെക്കന്റ്‌ ? അത്രെ ഉള്ളൂ .. അതൊക്കെ വളരേ ഈസി അല്ലേ?"

പിന്നെ എന്നെ നോക്കി ചേട്ടന്‍

"ഈ പരീക്ഷണം നിന്നെപ്പോലെ ഉള്ളര്‍വര്‍ക്കാ... കാര്യം സാധിക്കാന്‍ നീ 20 നു 200 സെക്കന്റും ശ്വാസം പിടിച്ചു , എന്റെ പിറകെ നടന്നു ചിലക്കാറില്ലെ.."

ഇളിഭ്യചിരിയോടെ ഞാന്‍ ആ സ്ത്രീയെ നൊക്കി പറഞ്ഞ്‌..

"അതിനു ഇത്ര പാടുണ്ടോ അമ്മേ ? നമ്മള്‍ ഈ കുളത്തിലും ആറ്റിലും ഒക്കെ കുളിക്കുമ്പോള്‍ ശ്വാസം പിടിച്ചു മുങ്ങിക്കിടന്നു എണ്ണാറില്ലെ.. അതു പൊലെ ചെയ്താല്‍ പോരെ.."

അമ്മച്ചിയുടെ മുഖത്തു പ്രതീക്ഷതിളക്കം..പിന്നെ. പഴയകാല സ്മരണകള്‍ അയവിറക്കി ..

"ആറ്റിലൊക്കെ പുഷ്പം പോലെ 150 വരെ ഒക്കെ പോകുമായിരുന്നു..അടുത്ത തവണ വിളിക്കുമ്പൊള്‍ നോക്കാം..."

വീണ്ടും അമ്മച്ചിയെ അകത്തേക്കു വിളിച്ചു..
തിരികെ വന്നപ്പോളും പരീക്ഷയില്‍ പരാജയപ്പെട്ട നിരാശ..

"ഓ പറ്റണില്ല... ഇടക്കു പിടിവിട്ട പോലെ ശ്വാസം അങ്ങു പോകും.. പിന്നെ വേറെ ഒരു കാര്യം, സ്കാന്‍ ചെയ്യുമ്പൊള്‍ എങ്ങാനും ശ്വാസം വിട്ടു പോയാല്‍..കെട്ടിവെച്ച കാശും പോകും.." രഹസ്യം വെളിപ്പെടുത്തി അമ്മച്ചി..

(അപ്പോള്‍ അതാണു അമ്മച്ചിയെ ചിന്താവിഷ്ട ആക്കുന്നത്‌. ചേട്ടന്‍ എന്നെ നോക്കി)

കുറച്ചു കഴിഞ്ഞു വീണ്ടും അകത്തേക്കു പോയ അമ്മച്ചി ചിരിച്ചു കൊണ്ടു പുറത്തേക്ക്‌..

" എനിക്കു പറ്റാത്തതു കൊണ്ട്‌, ഡോക്ടര്‍ പറഞ്ഞു ചെയ്യേണ്ട എന്ന്‌.."

പിന്നെ കാശു രക്ഷപെട്ടു കിട്ടിയല്ലൊ എന്ന ആശ്വാസത്തില്‍ നടന്നു പൊയി..

ഞാന്‍ ചേട്ടനെ നൊക്കി..'പറ്റിക്കുമോ?', മനസ്സില്‍ ചോദിച്ചു.

അതു മനസ്സിലാക്കിയിട്ടെന്നവണ്ണം ചേട്ടന്‍ പെട്ടെന്നു ശ്വാസം പിടിച്ചു "ഒന്നെ രണ്ടെ മൂന്നേ.." എണ്ണിത്തുടങ്ങി..

അതു വഴി പോയ സിസ്റ്ററമ്മ ,ഇതെന്താ സാക്ഷരതാ ക്ലാസ്സൊ എന്ന മട്ടില്‍ ഞങ്ങളെ ഒന്നു ഇരുത്തി നൊക്കി..

ചേട്ടന്‍ നിര്‍ബാധം എണ്ണി തകര്‍ക്കുകയാണു..

എന്നിട്ട്‌ എന്നോട്‌.. "എനിക്കു 60 വരെ ഒക്കെ കൂള്‍ ആയി പറ്റും.."

ചേട്ടന്റെ പേരു വിളിച്ചു . അകത്തേക്കു പോയപ്പൊള്‍ എന്നെ ഓര്‍മ്മിപ്പിചു.." വെറും 20 സെക്കന്റ്‌ കൊണ്ടു ടെസ്റ്റ്‌ കഴിയും, 5 മിനിട്ടു കൊണ്ടു ഞാന്‍ വരാം."

അകത്തേക്കു പോയ ചേട്ടനെ കാത്തു ഞാന്‍ ഇരുന്നു..

കുറെ സമയം കഴിഞ്ഞു പതിയെ പുറത്തേക്കു വന്ന ചേട്ടന്‌ പരീക്ഷയില്‍ തോറ്റ ഭാവം

"എന്തു പറ്റി.. ഉദ്വേഗത്തോടെ ഞാന്‍..."ഇവിടെ ഇരുന്നു വാണം വിട്ടപോലെ എണ്ണിയ ആള്‍ക്കു അവിടെ പോയപ്പൊള്‍ പറ്റിയില്ലെ?"

"അതല്ല.. പരീക്ഷക്കു യോഗ്യതകള്‍ വേറേം ഉണ്ടു..heart beat rate 60 ആണെങ്കിലേ ടെസ്റ്റിംഗ്‌ പറ്റുവൊള്ളൂ.."

"ഓ.. ചേട്ടന്റെ rate എങ്ങനെ.."

"എയ്‌.. ചെന്നപ്പോള്‍ വെറും 80 .." "പിന്നെ 90 .. 100.. 110 അങ്ങനെ ഞാന്‍ എണ്ണിയതിനേക്കാള്‍ സ്പീഡില്‍"

'എ.. എനിക്കു വേണ്ടി ഇടിക്കാത്ത ഹൃദയം ഇപ്പോള്‍ എന്താ ഇങ്ങനെ മത്സരിച്ചിടിക്കാന്‍ .. ഇനി വല്ല സുന്ദരി ഡോക്ടര്‍ മാരും അകത്തുണ്ടൊ?'

മനോഗതം വെളിപ്പെടുത്താതെ ഞാന്‍ പതിയെ വാതില്‍ പഴുതിലൂടെ അകത്തേക്കു ഒളിഞ്ഞു നോക്കി..

അകത്തു, പണ്ടേതോ സിനിമയില്‍ ഇന്ദ്രന്‍സ്‌ പെണ്‍ വേഷം കെട്ടിയതിനെ ഓര്‍മ്മിപ്പിക്കുന്ന ,ഒരു നേഴ്‌സമ്മ..

ഞാന്‍ വീണ്ടും ചേട്ടന്റെ അടുത്തേക്ക്‌...

'നീ ആറ്റില്‍ കുളിക്കാന്‍ അമ്മച്ചിയെ പറഞ്ഞു വിട്ടപോലെ, എനിക്കും എന്തെങ്കിലും വേലത്തരങ്ങല്‍ പറഞ്ഞു തരാനാണെങ്കില്‍ അതു നടപ്പില്ല' എന്നു ഭാവം മുഖത്തു പ്രകടമാക്കി ചേട്ടന്‍ എഴുന്നേറ്റു.

പിന്നെ പറഞ്ഞു"ഇന്നു ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയി മരുന്നു കഴിച്ചു heart beat കുറച്ച്‌ വൈകുന്നേരം നോക്കാം ന്നു പറഞ്ഞു.."

അങ്ങനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയി..

മരുന്നു കഴിചു വൈകുന്നേരം നോക്കിയപ്പോളും പരീക്ഷണത്തിനു പോയിട്ടു , ആ മുറിയുടെ അടുത്തു പോലും പോകാന്‍ ഹൃദയം സമ്മതിക്കുന്നില്ല.

അങ്ങനെ പരീക്ഷണം അടുത്ത ദിവസത്തേക്കും, പിന്നീടു അതിനടുത്ത ദിവസത്തേക്കും മാറ്റി വെയ്ക്കപ്പെട്ടു.

അങ്ങനെ മൂന്നു ദിവസം കഴിഞ്ഞു..

മൂന്നാം ദിവസം , ഡോക്ടര്‍ വന്നു പറഞ്ഞു.. ഇനി വീട്ടില്‍പോയി ഒരു ആഴ്ച കഴിഞ്ഞു വന്നു നോക്കിയാല്‍ മതി(ഈ ടെസ്റ്റ്‌ ആരോഗ്യം ഉള്ളവര്‍ക്കു പറഞ്ഞിട്ടുള്ളതല്ല, വേഗം സ്ഥലം കാലിയാക്കു മോനേ ദിനേശാ എന്നു )

അങ്ങനെ വെറും ഒരു ടെസ്റ്റിനു വേണ്ടി, 3 ദിവസം ഹോസ്പിറ്റലില്‍ കിടന്നു, ഹൃദയത്തിന്റെ വേവലാതി മാറി,ഹൃദയമിടിപ്പിന്റെ വേവലാതി കൂടി, ഒരു പ്രശ്നവും ഇല്ലാതിരുന്ന ചേട്ടന്‍ ഇപ്പൊള്‍ എന്റെ ഹൃദയമേ (പിന്നെ എന്റെ കാശേ..) എന്നു വേവലാതിപ്പെടുമ്പോള്‍

‍ഞാന്‍ അറിയാതെ പറഞ്ഞു പോയി

നായരു പിടിച്ച പുലിവാലേ..