Friday

(ക്ലാസ് ) റൂം

ഇതു എന്റെ ബിരുദ വിദ്യാഭ്യാസത്തിന്റെ അഞ്ചാം സെമെസ്ടര് ക്ലാസ് റൂം. എന്നുവെച്ചാല് തലയും വാലും ഇല്ലാത്ത അവസ്ഥ. ഒന്നാം വര്ഷം "കൊണ്ടും" രണ്ടാം വര്ഷം "കൊടുത്തും" കണക്കുകള് തീര്ത്തു ഇനി എന്തരു എന്നു ചിന്തിച്ചിരിക്കുന്ന മൂന്നാം വര്ഷം.

പതിവു പോലെ, ലാബിനു ശേഷം ഒരു മണിക്കൂര് ലെക്ചര് , ടൈം ടേബിളില് ഇട്ട മഹാനുഭവന്മാരെ ശപിച്ചു കൊണ്ട് നാലാം നിലയില് ക്ലാസ്സിനകത്തേക്ക് കയറി . സുന്ദരിയും സുശീലയും ആയ എന്റെ കൂട്ടുകാരി അവസാനത്തെ റോ ലക്ഷ്യമാക്കി നടന്നു നീങ്ങി.


'എന്നെയും ഇന്നു കൊലക്കു കൊടുക്കുമോ '. മിസ്സിന്റെ മൂക്കത്ത് ശുണ്ടിയെ മനസ്സില് ആവാഹിച്ചു അടക്കി ഇരുത്തി ഞാനും അവളെ പിന്തുടര്ന്നു.

ഭാഗ്യം അവസാനത്തെ ബഞ്ചില് സ്ഥിരം കുറ്റികള് നേരത്തെ എത്തിയിരിക്കുന്നു . മനസ്സമാധാനം .

അവസാനത്തെ കിട്ടിയില്ലെങ്കില് വേണ്ട ബാല്ക്കണിയില് അടുത്ത റോ ഒഴിവുണ്ടല്ലോ , എന്ന ഭാവേന അവള് അവിടെ സ്ഥാനം പിടിച്ചു .

ക്ലാസ്സിന്റെ ഒഴിഞ്ഞ മൂലയും അടുത്ത് ജനലും . വെളിയിലേക്കു നോക്കിയാല് വിശാലമായ ആകാശവും കണ്ടു , അങ്ങനെ ക്ലാസ് വേളകള് ആനന്ദകരമാക്കാന് പറ്റിയ ഇരിപ്പിടം . ജനലയോട് അടുത്തു അവളും , തൊട്ടടുത്ത് ഞാനും ഇരുന്നു .

ക്ലാസിലെത്തിയ ടീച്ചര് , മഹിളാമണികള് എന്തു കെണി ഒപ്പിക്കാനാണോ എന്നു ചോദ്യ രൂപേണ ഞങ്ങളേയും , ഞങ്ങക്കിവിടെയെ സീറ്റ് ഒഴിവ് കിട്ടിയുള്ളൂ മിസ്സ് എന്നു ഭാവത്തില് " ഞങളും ഒരു കൊമ്പ്രോമൈസ് നോട്ടം നടത്തി .

ക്ലാസ് തുടങ്ങി . ഞങ്ങളുടെ മുന്പില് ഇരിക്കുന്ന തലയില് തക്കാളി ഒട്ടിച്ച സിങ്ങന് ചെക്കന് . പൊക്കം കൂടുതലായത് കൊണ്ട് , ചാഞ്ഞും ചെരിഞ്ഞും ഒക്കെ ബെഞ്ചിനും ടെസ്കിനും ഇടയില് അഡ്ജസ്റ്റ് ചെയ്യുന്നു

ഇടക്കെപ്പോലോ എന്റെ കൂട്ടുകാരി ഒന്നു ശരിക്ക് അനങ്ങിയോ. ഞാന് അവളെ ശ്രദ്ധിച്ചു .ദേ , അവള് സിങ്ങന് ചെക്കന്റെ ഊരി ഇട്ട ചപ്പല് പതിയെ കാല് കൊണ്ട് തൂക്കി മാറ്റുന്നു. ആ ബെസ്റ്റ് . അവനോടാ കളി . അവന് കൈ വെച്ചാല് ചമ്മന്തി ആയി പോകാവുന്ന ഞങ്ങളുടെ മുഖത്തിന്റെ 'ടെമോ' അവളെ കാണിച്ചു കൊടുത്തു. ങേ ഹേ, അവള്‍ക്കു ഒരു കു‌സലും ഇല്ല

എന്റെ നോട്ടം മിസ്സിന്റെ ക്ലാസ് പോലെ. അവള് ശ്രദ്ധിക്കുന്നെ ഇല്ല.

എന്നാലും ചെരുപ്പ് അടിച്ചു മാറ്റി അവള് എന്തു ചെയ്യുമായിരിക്കും എന്നാലോചിച്ചു അവളെ നോക്കാതെ ഞാന് ടീച്ചറിനെ നോക്കി ഇരുപ്പായി . ഇടക്കെപ്പോളോ മിന്നായം പോലെ എന്തോ ഒന്നു ജനാലയില് കൂടി താഴേക്ക് പോണ കണ്ടു .

'ദുഷ്ടെ അത്രയും വേണമായിരുന്നോ ?' എന്നു മനസ്സില് ചിന്തിച്ചു, ക്ലാസ്സു തീരുമ്പൊളെ ഓടാന് ഉറപ്പിച്ചു ഞാന് ഇരുന്നു.

എന്റെ ഹൃദയം ഇടിക്കുന്നതു നിര്ത്തി ഇനി റെസ്റ്റ് എടുക്കാം എന്ന ഗതിയായി. ഞാന്‍ അവളെ നോക്കി. അവള് ഒന്നും സംഭവിക്കാത്ത പോലെ ക്ലാസ്സില് ഇരിക്കുകയാണ് .

ക്ലാസ് കഴിഞ്ഞു . ഞാന് വേഗം വെളിയില് ചാടി. എന്റെ പുറകെ എത്തേണ്ട അവളെ കാണാനില്ല . ഞാന് പതിയെ വാതിലിനുള്ളിലൂടെ അകത്തേക്ക് നോക്കി.
ദേ സിങ്ങന് ചെക്കനും എഴുന്നെറ്റു . അല്ല ഇവളെന്താ അടി വാങ്ങിക്കാന്‍് അവിടെ നിക്കുകയാണോ ?

സിങ്ങന് ചെക്കന് ചെരുപ്പ് തപ്പി . ദേ പുറകിലേക്ക് . ഇന്നു അവള് പെട്ടത് തന്നെ . ഞാന് വാതിലിനോട് ചേര്ന്നു നിന്നു.

ഇല്ല അവന് ഞങ്ങടെ റോയും കഴിഞ്ഞു ലാസ്റ്റ് റോയുടെ അടിയില് നിന്നും അവന്റെ ചെരുപ്പ് തപ്പി എടുത്തു കാലിലിട്ടു ക്ലാസ്സില് നിന്നിറങ്ങി . എന്നിട്ടും ഇവളെന്താ അവിടെ നിന്നു കുച്ചിപുടി കളിക്കണേ.

സിങ്ങന് ചെക്കന് പോയ സ്ഥിതിക്ക് ഞാന് അകത്തേക്ക് കയറി.
"എന്താടി ?"

"അതെ. എന്റെ ഒരു ചെരുപ്പ് കാണുന്നില്ല ."

ഒരു നിമിഷം . ..
എന്നേക്കാളും മുന്പേ ക്ലാസ്സില് നിന്നും ചാടിയ, ഞങ്ങടെ പുറകില് ഇരുന്ന വേന്ദ്രന്മാരുടെ ചിരിയും, ജന്നാലയിലൂടെ താഴേക്ക് പോയ സാധനവും എല്ലാം അര്ത്ഥമുള്ളതായി .