Friday

വെണ്ണ

യശോദ ദേഷ്യം ഭാവിച്ചു.
പരാതിയുമായി ചുറ്റും കൂടി നില്‍ക്കുന്ന ഗോപസ്ത്രീകളെ വിശ്വസിപ്പിക്കാന്‍ വെണ്ടി എങ്കിലും, അങ്ങനെ ചെയ്യാതെ തരമില്ലല്ലോ.

"പറയൂ കണ്ണാ, നീയല്ലേ വെണ്ണ കട്ടത് ?"
"ഞാനോ?! ഞാന്‍ വെണ്ണ കട്ടതേ ഇല്ല, അമ്മേ."

വെണ്ണ കട്ടു. അമ്മ അതു കാണുകേം ചെയ്തു.
ഇനി ദേഷ്യം ഭാവിക്കാം.
അമ്മയെ സമ്മതിപ്പിക്കാന്‍ അതേ നിവര്‍ത്തിയുള്ളൂ.


"ഇങ്ങനെ എന്നോട് പറയാന്‍ അമ്മക്ക് എങ്ങനെ മനസ്സു വരണു ?
എനിക്കു എവിടെയാ സമയം, വെണ്ണ എടുക്കാന്‍? "

മുഖം കണ്ടാല്‍ അറിയാം, അമ്മ വിശ്വസിച്ചിട്ടില്ല.
എന്നാല്‍ പിന്നെ അടവു മാറ്റാം


"അമ്മേ, ഞാനിത്ര കൊച്ചു കുട്ടി.
മുകളില്‍ ഉറിയില്‍ തൂക്കിയ വെണ്ണ, ഈ കുഞ്ഞിക്കൈകള്‍ക്കു എത്തുമോ ?"

കൊഞ്ചിക്കുഴഞ്ഞു കണ്ണന്‍.ഏന്തി വലിഞ്ഞു ഉറിയിലെ വെണ്ണ കക്കുന്ന കണ്ണന്‍.
ഇല്ല, ഇവന്റെ ലീലകളില്‍ ഞാന്‍ ഇനി മയങ്ങില്ല.


"കണ്ണാ, വേണ്ടാ. എന്നെ പറ്റിക്കേണ്ട." ഭാവം മാറ്റാതെ അമ്മ.

അമ്മ വിടുന്ന മട്ടില്ല. ഇനി അമ്മയെ തഞ്ചപ്പെടുത്തുകയേ തരമുള്ളൂ.
അടുത്തെത്തി കണ്ണന്‍. കെട്ടിപ്പിടിച്ചു. അമ്മയുടെ കവിളില്‍ തലോടി.


"എന്റെ ചക്കര അമ്മയല്ലേ. ചുന്ദരി അമ്മയല്ലേ. എന്റെ പാവം അമ്മയല്ലേ"രണ്ടു കവിളിലും മുത്തവും കൊടുത്തു
"ഞാന്‍ എടുത്തില്ല അമ്മേ, വെണ്ണ "

"വേണ്ട കണ്ണാ‍ എന്നെ മയക്കണ്ട."

അമ്മ അലിയണ മട്ടില്ല.എന്നാല്‍ അതു അറിഞ്ഞിട്ടു തന്നെ കാര്യം.പരിഭവം ഭാവിച്ചു കണ്ണന്‍

"അതി രാവിലേ തന്നെ ഒരു വടിയും തന്ന് എന്നെ പറഞ്ഞു വിടും ,കാട്ടിലേക്കു. കാലികളെ മേയ്ക്കാന്‍.
നാളെ മുതല്‍ എന്നെ കൊണ്ടാവില്ല കേട്ടൊ ഈ ജോലി."

കയ്യിലിരുന്ന, വടി ദൂരേക്കെറിഞ്ഞു കണ്ണന്‍.

കണ്ണന്റെ ചുണ്ടിലെ വെണ്ണ അപ്പോളാണു യശോദ കണ്ടതു.


"അപ്പോള്‍ ഇതോ കണ്ണാ ?" കയ്യോടെ പിടികൂടി യശോദ.

ചുവടു മാറ്റി കണ്ണന്‍.മക്കളെ സ്നേഹിക്കുന്ന ഒരമ്മയ്കും, താങ്ങാന്‍ വയ്യാത്ത വാക്കുകള്‍ പറഞ്ഞു.

"അമ്മേ, ഇതു ഇത്തിരി വെണ്ണയുടെ കാര്യം അല്ല.
വഴക്കു പറയാന്‍ മാത്രം, ഒരു കാര്യം ഉണ്ടാക്കിയതാണു അമ്മ.
കാര്യം എന്താണു എന്നു എല്ലാര്‍ക്കും അറിയാം .
എനിക്കും അറിയാം.
ഞാന്‍..., ഞാന്‍... അമ്മയുടെ സ്വന്തം മകന്‍ അല്ലല്ലോ?"

ഇത്തിരി വെണ്ണയുടെ പേരില്‍, എന്‍െ കണ്ണന്‍ ... ഇത്രയും പറയുന്നുവൊ?
യശോദയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.


ഓടി വന്നു കണ്ണന്‍.ഇറുകെ പുണര്‍ന്നു അമ്മയെ.
കവിളില്‍ മുത്തമിട്ടു. മാറില്‍ തലചായ്ച്ചു. എന്നിട്ട് പറഞ്ഞു.

“അതെ. അമ്മേ. വെണ്ണ കട്ടതു ഞാന്‍ തന്നെ. അമ്മയുടെ കണ്ണന്‍ തന്നെ.
പാഴ് വാക്കുകള്‍ പറഞ്ഞത് ഈ സ്സ്നേഹം എല്ലാ‍ാരും അറിയാന്‍ മാത്രം.
എനിക്കറിയില്ലേ എന്റെ അമ്മയെ.“(ക്രിഷ്ന്ണാഷ്ടമിക്കായി എഴുതിയത്.
ഇതിലെ വരികള്‍, അനൂപ് ജലോഠ യുടെ ‘മെം നഹി മാഘന്‍ ഖയോ‘ എന്ന ക്രിഷ്ണ ഭജനിന്റെ തര്‍ജ്ജമ.എനിക്കേറെ പ്രിയപ്പെട്ട ഒന്നു.
ആ പാട്ടിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താനായില്ല. എങ്കിലും പോസ്റ്റ് ചെയ്യുന്നു.)

ഇടവേള

ഇന്നലെ രാത്രി കുട്ടിയെയും കെട്ടിപ്പിടിച്ചു കിടന്ന ഞാന്‍
ഇന്നു രാവിലെ ഉണര്‍ന്നപ്പോള്‍ ഞെട്ടി.

കയ്യില്‍, മോന് വേണ്ടി ചേട്ടന്‍ വാങ്ങിക്കൊണ്ടു വന്ന, ഗ്ലോബ്.

ഈശ്വരാ, ഭൂലോകം കൈക്കുള്ളില്‍ ഒതുക്കാന്‍ എന്റെ ഒരു ഉറക്കത്തിനു സാധിച്ചുവോ ?എന്റെ ഒരു കാര്യമേ .ഇത്തിരി അഹങ്കാരഭാവത്തില്‍ ഗ്ലോബ് ഒന്നു കൂടി ചേര്‍ത്തു പിടിച്ചു , ഒന്ന് പുഞ്ചിരിച്ച് തിരിഞ്ഞു കിടന്നു.

“എന്താടീ ? ഭൂലോകം കൈക്കുള്ളില്‍ ആയതിന്റെ സന്തോഷമാണോ ?” മനോരമ പത്രവും കയ്യില്‍ പിടിച്ചു കോണ്ടു ചേട്ടന്‍.

“ഉം...’ എന്റെ മനസ്സില്‍ ഉള്ളതു ഇത്ര പെട്ടെന്ന് മനോരമയിലും വന്നോ ? വിശ്വാസം വരാതെ ഞാന്‍.

“എന്നാല്‍ അതു ഭൂലോകമല്ല. നിന്റെ ബ്ലോഗാ!“

“അയ്യോ !“ അഹങ്കാരം ആര്‍ത്തനാദത്തിനു വഴിമാറി.
അതെപ്പോള്‍ സംഭവിച്ചു. എന്റെ ‘മുല്ലപ്പൂ’ എപ്പോള്‍ ഈ ഗതി ആയി.
കയ്യില്‍ ഇരുന്ന ഗ്ലോബ് കിടക്കയിലേക്കു മറിഞ്ഞു.

ചിരി അടക്കി ചേട്ടന്‍,
‘ഇന്നലെ രാത്രി ഉറക്കത്തില്‍ എന്റെ ബ്ലോഗേ... എന്റെ ബ്ലോഗേ.. എന്ന് നിലവിളിച്ചു.‘
‘ഇന്നു എന്റെ റ്റേണ്‍ അമ്മ തട്ടി എടുത്തോ‘ എന്ന് ആശ്ചര്യപ്പെട്ട് ഉണര്‍ന്ന മോന്‍, കേട്ടത് ഗ്ലോബ് എന്നായത് കൊണ്ട് അവന്‍ അതെടുത്ത് നിന്റെ കയ്യില്‍ പിടിപ്പിച്ചു.
എന്തായാലും, അതു കൈയ്യില്‍ കിട്ടിയ നീ, സ്വിച്ച് ഓഫാക്കിയതു പോലെ, നിലവിളി നിര്‍ത്തി സമാധാനത്തൊടെ ഗ്ലോബും കെട്ടിപ്പിടിച്ചു, കിടന്നുറങ്ങി.“

“അമ്മയെ ഞാനുറക്കി അച്ഛാ “എന്ന് പറഞ്ഞു മോനും.