Friday

അങ്ങാടി മരുന്ന്‌

ഇതു ആരംഭിക്കുന്നത്‌ പതിവ്‌ പോലെ വീടിന്റെ ഉമ്മറത്തുനിന്നു തന്നെ..

ഒരു ജ്യോല്‍സ്യനെക്കാണാന്‍ പോയ അച്ഛന്‍ വന്ന പാടെ കുറിപ്പടി മേശമേല്‍ വെച്ചു..
എന്നിട്ടു ആരൊടെന്നില്ലതെ, (എല്ലാവരോടുമായി പറഞ്ഞു..)

"കുറച്ചു പൂജാസാധനങ്ങള്‍ വാങ്ങണം. ലിസ്റ്റ്‌ ഒക്കെ തന്നിട്ടുണ്ട്‌ . ആരാ ഇപ്പോള്‍ പുറത്തേക്ക്‌ പോകുന്നത്‌"'

ഇന്നു എനിക്കാവല്ലെ നറുക്കു വീഴുന്നത്‌' എന്ന്‌ പ്രാര്‍ത്ഥിച്ചു അകത്തേക്കു മുങ്ങുന്ന മക്കളുടെ സ്വഭാവം ശരിക്കു മനസ്സിലാക്കിയ അച്ഛന്‍ ഒരു ലേലം വിളിക്കു തുനിയാതെ മൂത്തയാളെ വിളിച്ചു പറഞ്ഞു

"നീ പോയി വരുമ്പോള്‍ ഈ സാധനങ്ങല്‍ ഒക്കെ ഒന്നു വാങ്ങി വരണം".
('മൂത്ത മകന്‍ ആയാലുള്ള ഒരൊരൊ ബുദ്ധിമുട്ടുകളെ' എന്നു മനസ്സില്‍ ചിന്തിച്ചു വല്യേട്ടനും, അതു തന്നെ മനസ്സില്‍ 'ചിരിച്ചു' ബാക്കി മൂന്നാളും അകത്തേക്കു പൊയി..)

വൈകുന്നേരം വന്ന വല്യേട്ടന്‍ പൂജാസാധനങ്ങളുടെ പൊതി മേശമേല്‍ വെച്ചു, കുറിപ്പടി അച്ഛനെ ഏല്‍പ്പിച്ചു പറഞ്ഞു..

"എല്ലാ സാധനവും കിട്ടി പക്ഷേ, ലിസ്റ്റ്‌ ലെ ഒരു ഐറ്റം കിട്ടിയ്‌ല്ല".

ആഛന്‍: ഒഹ്‌, (ലിസ്റ്റ്‌ ഇല്‍ നൊക്കി), നീ ആ സുകുന്റെ കടയില്‍ ചോദിച്ചോ?
ഈ കടയില്‍ എല്ലാത്തിനും അല്‍പം വിലക്കൂടുതല്‍ ആണെകിലും , "അമ്മാവാ" എന്നുള്ള ഒറ്റ വിളിയില്‍ അയാള്‍ അച്ഛനെ ഒന്നാം നമ്പര്‍ കസ്റ്റമര്‍ ആക്കി..)

വല്യെട്ടന്‍: "സുകു, ഉണ്ണി എല്ലരുടെയും കടയില്‍ ചോദിച്ചു അവിടെ ഒന്നും ഇല്ല..ഇനി വല്ല അങ്ങാടി കടയിലും ചോദിച്ചാല്‍ കിട്ടുമായിരിക്കുമ്ന്ന്‌ അവരു പറഞ്ഞു.."

അപ്പോള്‍ അതു വഴി വന്ന തങ്കപ്പന്‍ ചേട്ടനോട്‌
(തങ്കപ്പന്‍ ചേട്ടന്‍, അച്ഛന്റെ കൃഷി ഉദ്യമത്തെ സഹായിച്ചും, സ്വന്തം കീശയില്‍ നാണ്യം വിളയിച്ചും കഴിയുന്ന ഒരു പാവം സാധു)

അഛന്‍ : " എടാ, ഇതു എവിടെ കിട്ടും ?

ലിസ്റ്റ്‌ വാങ്ങി , പണിപ്പെട്ടു വായിച്ചു തങ്കപ്പന്‍ ചേട്ടന്‍..

"ഇത്‌.. ഉം..ഇത്‌ പണ്ട്‌ നമ്മുടെ കിഴക്കേ പറമ്പില്‍ ഒക്കെ ഇഷ്ടം പോലെ ഉണ്ടായിരുന്നല്ലോ? ഇപ്പോളുണ്ടോന്നു ഞാന്‍ നോക്കട്ടെ", എന്നു പറഞ്ഞു പതിയെ തടി തപ്പി.

അച്ഛന്‍ ഇളയ ആളെ വിളിച്ചു
(മൂത്ത ആള്‍ ഉത്തരവാദിത്തം കൊണ്ടും, ഇളയ ആള്‍ പ്രത്യേകിച്ചു പണി ഒന്നും ഇല്ലാത്തതു കൊണ്ടും എപ്പോളും അച്ഛന്റെ ടാര്‍ജെറ്റ്‌ ആകാറുണ്ട്‌)

അഛന്‍: " മോനെ നീയാ അങ്ങാടിക്കടയില്‍ ഒന്നു ചോദിക്കു.."

പുറത്തേക്കു പോയി അവന്‍ തിരികെ വന്നപ്പൊള്‍..

"അച്ഛാ അതു കിട്ടിയില്ല ട്ടൊ. അയാളു പറഞ്ഞു ഇപ്പൊള്‍ തീര്‍ന്നതെ ഉള്ളൂ എന്നു".

അഛന്‍: "എന്നാല്‍ നിനക്കു ആ വേലായുധന്‍ വൈദ്യരുടെ അടുത്തു ചോദിക്കാമായിരുന്നില്ലെ.."

"അവിടെയും ചോദിച്ചു. അയാള്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച കുഴമ്പുണ്ടാക്കിയപ്പൊള്‍ മുഴുവന്‍ എടുത്തു. പിന്നെ കിട്ടുവാണേല്‍ കൊണ്ടെ തരാം എന്നും."

"ഇനി ഇപ്പൊള്‍ എവിടെ കിട്ടും" അഛന്റെ ഉറക്കെ ഉള്ള ആത്മഗതം.

പൂജക്കുള്ള ദിവസം അടുത്തു വന്നു. കിട്ടാത്ത ഐറ്റത്തെക്കുറിച്ചുള്ള അച്ഛന്റെ ആധി ഏറിയും..

ഇനി എന്തായാലും ജ്യൊല്‍സ്യനോടു തന്നെ ചോദിക്കാം എന്നു വിചാരിച്ചിരിക്കുമ്പൊള്‍ അയാള്‍ അതു വഴി വന്നു..

അച്ഛനെക്കാളും പ്രായം കൊണ്ടു ഇളപ്പമായതിനാലും, പരിചയക്കാരനായതു കൊണ്ടും, അച്ഛന്‍ അല്‍പം അധികാരഭാവത്തില്‍, നീരസത്തൊടെ ..

"ഈ ലോകത്തു കിട്ടാത്ത സാധനം ഒക്കെ ലിസ്റ്റില്‍ എഴുതിയാല്‍ എങ്ങനെയാ ഗോവിന്ദാ.."

ഗോവിന്ദന്റെ മുഖത്തു ചോദ്യഭാവം പിന്നെ.."എതു സാധനം ??

"ലിസ്റ്റ്‌ ചൂണ്ടിക്കാണിച്ച അച്ഛന്റെ മുഖത്തു നോക്കി ,ഗോവിന്ദന്‍ ഐറ്റം വായിച്ചു.

"ഗരുഡ പഞ്ചാക്ഷരി" അതു ഇവിടെ ചെയ്യാനുള്ള ഹോമത്തിന്റെ പേരല്ലേ..


(ഇത്‌ കിഴക്കേ പറമ്പില്‍ അന്വേഷിച്ചു നടക്കുന്ന തങ്കപ്പന്‍ ചേട്ടനെയും , കടയില്‍ വെച്ചു വില്‍ക്കുന്ന അങ്ങാടി ക്കടക്കാരനെയും, കുഴമ്പില്‍ ചേര്‍ത്ത വേലായുധന്‍ വൈദ്യരെയും ഓര്‍ത്തു ഞാന്‍ അങ്ങനെ നിന്നു)

12 comments:

മുല്ലപ്പൂ said...

എല്ലാവര്‍ക്കും 'അങ്ങാടി മരുന്ന്‌' ഇല്ലാത്ത ഒരു തൊഴിലാളി ദിനം ആശംസിക്കുന്നു

ഉമേഷ്::Umesh said...

മുല്ലപ്പൂവിനു സ്വാഗതം!

നന്നായിരിക്കുന്നു.

അങ്ങുമിങ്ങും കൈപ്പിഴ കൊണ്ടുണ്ടായ ചെറിയ അക്ഷരത്തെറ്റുകള്‍ മാറ്റിയാല്‍ ഒന്നുകൂടി നന്നാകും.

ഇതു വായിച്ചപ്പോള്‍ ഒരു പഴയ ഫലിതം ഓര്‍മ്മ വന്നു.

പിറന്നാളിനോ കല്യാണത്തിനോ മറ്റോ ഒരു ഡോക്ടര്‍ ഒരു ആശംസ അയച്ചു. എത്ര ശ്രമിച്ചിട്ടും അതു വായിക്കാന്‍ പറ്റുന്നില്ല. അവസാനം ഒരു കമ്പൌണ്ടറെ/ഫാര്‍മസിസ്റ്റിനെ കാണിച്ചു. അവര്‍ക്കു് ഡോക്ടര്‍മാരുടെ കൈയക്ഷരം വായിച്ചു നല്ല പരിചയമാണല്ലോ.

കമ്പൌണ്ടര്‍ അല്പം സമയമെടുത്തു് സന്ദേശം വായിച്ചു. എന്നിട്ടു പറഞ്ഞു: “എട്ടൌണ്‍സിന്റെയും മൂന്നൌണ്‍സിന്റെയും ഓരോ കുപ്പി കൊണ്ടുവരൂ...”

:-)

myexperimentsandme said...

മുല്ലപ്പൂവേ നല്ല സൌരഭ്യമാണല്ലോ.. പോസ്റ്റുഗ്രന്‍.

ഉമേഷ്‌ജിയുടെ ഫലിതം വായിച്ചു. ഇനി കിടന്നൊന്നാലോചിക്കണം. :)

Anonymous said...

:D

ഉമേഷ്::Umesh said...

എന്തു ചെയ്യാന്‍ വക്കാരീ. ഞാന്‍ ഫലിതം എഴുതിയാല്‍ ഇങ്ങനെയാ. ഹാസ്യസമ്രാട്ടായ (കീമാനില്‍ ഇതെഴുതാന്‍ പെട്ട പാടു്!) വക്കാരിക്കു പോലും കിടന്നാലോചിക്കാതെ മനസ്സിലാവുന്നില്ല!

ചുമ്മാതാണോ ഞാനും ബെന്നിയുമൊന്നും നര്‍മ്മകഥകള്‍ എഴുതാത്തതു്. പോപ്പുലാരിറ്റി ഇഷ്ടമില്ലാത്തതുകൊണ്ടും ആണു് :-)

സ്വാര്‍ത്ഥന്‍ said...

മന്ദാരം പോലെ, മുലപ്പൂവും നാട്ടില്‍ അന്യമായിത്തുടങ്ങിയോ:)

സ്വാഗതം ട്ടോ

ദേവന്‍ said...

നാഗദന്തി എന്നും പഞ്ചജീരകം എന്നുമൊക്കെ അങ്ങാടിക്കടയില്‍ സാധനമുള്‍ലതുകൊണ്ടാവും ഗരുഡപഞ്ചാക്ഷരി വലച്ചത്‌!

ഭാഗ്യത്തിനു ശിവപഞ്ചാക്ഷരി ആയിരുന്നില്ല. അതന്വേഷിച്ചെങ്കില്‍ വൈദ്യരു രഹസ്യമായി പറഞ്ഞേനേ "ശിവപഞ്ചാക്ഷരിയില്ല, നല്ല ശിവമൂലി കൊടുക്കുന്നുണ്ട്‌, പരിചയക്കാര്‍ക്ക്‌ തെറുത്ത്‌ ബീഡിയാക്കിയും കൊടുക്കും, പൊതിയാക്കിയും കൊടുക്കും"

Sreejith K. said...

മുല്ലപ്പൂവിനെ കാണാനില്ലല്ലോ, പുതിയ പോസ്റ്റിടൂ വേഗം. ഞാന്‍ ഈ സൌരഭ്യത്തിന്റെ ആരാധകനായിരിക്കുന്നു.

കണ്ണൂസ്‌ said...

ഇതിപ്പോഴാ ഞാന്‍ കണ്ടേ മുല്ലപ്പൂവേ..

ആലത്തൂരില്‍ തനൂജാ മെഡിക്കല്‍സ്‌ എന്നുള്ള ഒരു സ്ഥാപനം തുറന്നു. ഉത്‌ഘാടന ദിവസം പ്രതീകാത്‌മക കച്ചവടവും കഴിഞ്ഞ്‌ ആദ്യത്തെ ഒറിജിനല്‍ കസ്റ്റമറെ പ്രതീക്ഷിച്ചിരിക്കുന്ന ഓണറുടെ മുന്നിലേക്ക്‌ ഒരു വെളിച്ചെണ്ണ കുപ്പിയുമായി സത്യന്‍ എന്ന എന്റെ സുഹൃത്ത്‌ കടന്നു ചെല്ലുന്നു. കുപ്പി മേശമേല്‍ വെച്ച്‌ ഗൌരവത്തോടെ

"മാഷേ.. ഒരു 100 പിണ്ഡ തൈലം".

ഒരു മിനിറ്റ്‌ ഒന്നന്തിച്ച്‌ നോക്കിയ ശേഷം ആദ്യത്തെ കസ്റ്റമറുടെ ഉദ്ദേശം മനസ്സിലാക്കിയിട്ടാവണം ഓണറുടെ അലര്‍ച്ച:

" ഫാ!! കഴുതേ.. നിന്റെ മുത്തിയെ പിണ്ഡം വെക്കാനാണോടാ എമ്പോക്കി!!!"

വൈകുന്നേരം, സര്‍വകലാശാലയില്‍ പങ്കുവെക്കാന്‍ ചെറിയ ഒരു തമാശ കാണാന്‍ കാത്തു നിന്ന ഞങ്ങള്‍, ജീവിതം മുഴുവന്‍ സത്യനെ കളിയാക്കന്‍ കിട്ടിയ വലിയ ഒരു തമാശയുമായി തിരിച്ചു പോയി.

Kumar Neelakandan © (Kumar NM) said...

പാചകക്കാര്‍ക്കും ഉണ്ട് ഈ “ലിസ്റ്റ് വേല”
അവര്‍ മുരിങ്ങാക്കോലിനു “കമ്പ്” എന്നെഴുതും
വെളുത്തുള്ളിക്ക് “പൂട്” എന്നെഴുതും.
ഈ അടുത്ത കാലത്ത് വീട്ടിലൊരു ചടങ്ങിന് ഒരു വീരന്‍ എഴുതി, “ക്ലോസ് - 5 കിലൊ”
ഞാന്‍ തിരക്കി “എന്താ സാധനം?”
“മുട്ട ക്ലോസ്” പുള്ളിക്കാരന്‍ ആധികാരികമായി പറഞ്ഞു.
“അപ്പോ അണ്ണാ അതല്ലേ കാബേജ്? ഞാന്‍.
അപ്പോള്‍ അണ്ണന്‍ നിനക്കൊന്നും അറിയില്ല എന്ന ശബ്ദത്തില്‍ പറഞ്ഞു “ആ അങ്ങനെ മലയാളത്തീ പറയും”

മുല്ലപ്പൂവേ നന്നായി.

അരവിന്ദ് :: aravind said...

കണ്ണൂസ്‌ ജിയുടെ കഥ വായിച്ച് ചിരിച്ച് മറിഞ്ഞു..
ഈ പോസ്റ്റ് ഇപ്ലാ കണ്ടേ...അടിപൊളി മുല്ലപ്പൂ.

ഒരു ഓഫ് ടോപ്പിക് കഥ : ഹോമത്തിന്റെ കാര്യം പറഞ്ഞപ്പോ ഓര്‍ത്തതാ.

വീട്ടില്‍ എന്തോ ദോഷം ഉണ്ടെന്ന് എല്ലാ മാസത്തിലേയും എന്റെ നാളിന് ഭാഗവതം വായിക്കാന്‍ വീട്ടില്‍ വരുന്ന പണിക്കര് ഒരിക്കല്‍ അമ്മയോട് പറഞ്ഞു.
പ്രശ്നം തീര്‍ക്കാന്‍ ഹോമം നടത്തണം പോലും. അമ്മ “ ഓ-ക്കെ” പറഞ്ഞു. പണിക്കര്‍ തന്നെ ഹോമം നടത്താമെന്നും ഏറ്റു.
ലിസ്റ്റായി, പിന്നത് വാങ്ങി സാധനങ്ങളായി..പണിക്കര്‍ക്ക് അഡ്വാന്‍സായി, ദക്ഷിണയായി.
ഹോമമല്ലേ , വല്ലപ്പോഴുമല്ലേ, എല്ലാ ബന്ധുക്കളേയും ക്ഷണിച്ചു വിളിച്ചു. എല്ലാവര്‍ക്കും അനുഗ്രഹം കിട്ടട്ടെ.

പണിക്കര്‍ ഹോമം തുടങ്ങി. ഉശിരന്‍ മന്ത്രങ്ങള്‍...ചുറ്റും വീട്ടുകാരും ബന്ധുക്കളും ഭയഭക്തി ബഹുമാനാദികളോടെ കൂപ്പുകൈകളുമായി..തീയുടെ പുക, മണിയടി, പറക്കുന്ന പൂവുകള്‍.

കര്‍പ്പൂരം കത്തിച്ച് വെള്ളിപ്പാത്രത്തിലിട്ട്, ദേവനേയും ദേവിയേയുമൊക്കെ ഉഴിഞ്ഞ്, മന്ത്രം ചൊല്ലി ഇനി ഭക്തര്‍ക്ക് തീ ഉഴിഞ്ഞ് കണ്ണിലും മൂക്കിലും വയ്ക്കാനുള്ള ചാന്‍സ് ആയി.

കര്‍പ്പൂരം നീട്ടിപ്പിടിച്ച് എല്ലാവര്‍ക്കും തൊഴാനുള്ള ചാന്‍സ് കൊടുക്കുമ്പൊള്‍ പണിക്കര്‍ മന്ത്രം നിര്‍ത്തി
സീരിയസ്സായി കൈകൂപ്പി നില്‍ക്കുന്ന എല്ലാവരോടും കൂടി ഉറക്കെ ഒരു ചോദ്യം.

“ആരെങ്കിലും ഇന്നലത്തെ ചിത്രഗീതം കണ്ടാരുന്നോ? “

മനൂ‍ .:|:. Manoo said...

ഗരുഡപഞ്ചാക്ഷരി കിഴക്കേപ്പറമ്പില്‍ വളര്‍ന്നിരുന്നെന്നു പറഞ്ഞ തങ്കപ്പന്‍ ചേട്ടനും, കുഴമ്പില്‍ ചേര്‍ക്കുന്ന വൈദ്യരും...

മുല്ലപ്പൂ, രസകരമായിരിയ്ക്കുന്നു അവതരണം :)