ആരേയും ആകര്‍ഷിക്കുന്ന സുന്ദരമായ ചിരി. എല്ലവരെയും പോലെ ഞാനും അതാണ് അവളില്‍ ശ്രദ്ധിച്ചതും.
ഒരേ താല്പര്യങ്ങള്‍ അങ്ങനെ അവളെ എന്റെയും സുഹൃത്താക്കി.
"എന്താ കാര്യം ?" എന്ന എന്റെ ചോദ്യം എത്തുന്നതിനു മുന്‍പ് മറുപടി വന്നു.
"ഞാന്‍ നാട്ടില്‍ പോണു . താന്‍ പോരുന്നോ?."
" നിന്നെ പോലുള്ള കാട്ടുജാതിയുടെ നാട്ടിലേക്കോ ? ഇല്ല "
ഇത്തവണ ഒന്നും പറഞ്ഞില്ല . ഇപ്പോള്‍ പരിചയപ്പെട്ടവരോട് പോലും ഇങ്ങനെ സംസാരിക്കുന്ന ഒരു പെണ്ണ്.
ഇടക്കു , ഓഫീസിലെ തിരക്കിനിടയില്‍ നിന്നും ഒരു രക്ഷപ്പെടലിനായി അവളൊടുള്ള സംസാരങ്ങള്‍ . നഗരത്തിലെ കാഴ്ചകള്‍ ആള്‍ക്കാരെ എങ്ങനെ ഭ്രമിപ്പിക്കുന്നു എന്നവള്‍ അദ്ഭുതം കൊണ്ടു . എന്നും അവളുടെ നാടു കഴിഞ്ഞേ ലോകത്ത് മറ്റ് കാഴചകള്‍ ഉള്ളൂ എന്ന് ഓരോ നാട്ടില്‍ പോക്കിനും അവള്‍ എന്നെ ഓര്‍മിപ്പിച്ചു.
ഒരു തവണ നാട്ടിലെത്തി എന്നു പറയനാണു രാത്രിയില്‍ അവളെന്നെ വിളിച്ചത്. ഫോണില്‍ അവളുടെ ശബ്ദത്തിനും മുന്‍പേ ആദ്യം എത്തിയതു രാത്രിയുടെ നിശബ്ദത. രാത്രി ജീവികളുടെ ശബ്ദവും
"ഇവിടെ കറന്റില്ല " അവളുടെ സംസാരങ്ങള്‍ അങ്ങനെ ആണ് . പാതി പറഞ്ഞു വെച്ചതിന്റെ ബാക്കി പോലെ .
"ഞാന്‍ മുറ്റത്ത് ഇറങ്ങി നിന്ന് ആകാശം കാണുന്നു . ആകാശം നിറഞ്ഞു കവിയും പോലെ നക്ഷത്രങ്ങള്‍ .ഇവിടെ വാ ഒരു തവണ തനിക്കും കാണാം "
എന്റെ ജനാലയിലൂടെ നിയോണ്‍ ബള്‍ബ്കളുടെ പ്രകാശം മാത്രം.
സന്തോഷിന്റെ പുതിയ നമ്പര്‍ കളഞ്ഞു പോയി എന്നും പറഞ്ഞാണ് അന്നവള്‍ വിളിച്ചത്
പക്ഷെ അവളുടെ ശബ്ദതിനെയും തോല്പിച്ചു , പുറകില്‍ വാദ്യഘോഷവും ബഹളങ്ങളും.
"ഇവിടെ ഉത്സവത്തിനു എന്താ രസം എന്ന് അറിയുമോ ? നാട് മുഴുവന്‍ ഉണ്ട് ഇവിടെ മേള പറമ്പില്‍.
ഞാന്‍ കുറെ കുപ്പിവളകള്‍ വാങ്ങി . അടുത്ത ഉത്സവത്തിനു താനും വാ "
ഉത്സവലഹരിയില്‍ ഒരു നിമിഷം കുഞ്ഞു കുട്ടിയായി അവള്‍ .
ഇവിടെ നഗര പാതയില്‍ വാഹനങ്ങളുടെ ഇരമ്പല്‍.
ജനുവരിയിലെ തണുപ്പില്‍ ഡല്‍ഹിക്ക് പോകുന്ന സന്തോഷിനെ യാത്ര അയക്കാന്‍ അതി രാവിലെ റെയില്‍ വെ പ്ലാട്ഫോമില്‍ നില്‍ക്കുമ്പോളാണ് ഫോണില്‍ അവള്‍ .
"കാപ്പി പൂവുകള്‍ ക്ക് മേഘങ്ങള്‍ ആകാന്‍ കഴിയും . അറിയുമോ? എന്റെ വീടിനു പുറകില്‍ താഴ്വാരത്ത് കാപ്പി മുഴുവന്‍ പൂത്തു മേഘങ്ങളേ പോലെ . ഇവിടെ മുഴുവന്‍ കാപ്പി പൂവിന്റെ മണവും . ഒരു തവണ താനും വാ " അവളുടെ നാട്ടില്‍ കാഴ്ചകള്‍ അവസാനിക്കുന്നില്ല
കറുത്ത പുക കൊണ്ടുള്ള മേഘത്തുണ്ടുകള്‍ വരച്ചു എന്റെ മുമ്പിലൂടെ ഒരു ട്രെയിന്‍ കടന്നു പോയി .
അവളുടെ വാക്കില്‍ കൂടെ കാഴ്ചകള്‍ കാണുന്നതാണ് കൂടുതല്‍ ഭംഗി എന്ന് ചിലപ്പോഴൊക്കെ തോന്നി. എങ്കിലും ഒരിക്കല്‍ അവളുടെ പ്രിയപ്പെട്ട കാഴച്ചകളിലെക്ക് പോകണം.
കയ്യിലിരുന്ന ഫോണ്‍ പിന്നെയും ശബ്ടിച്ചു . സന്തോഷാണ് .
"എത്ര തവണയായ് വിളിക്കുന്നു. വേഗം ഇറങ്ങു . അവളുടെ വീട്ടിലേക്കു കുറെ ദൂരം ഉണ്ട്. ബോഡി എടുക്കും മുന്‍പ് അങ്ങ് എത്തണം. ദൂരെ നിന്ന് ഇനി ആരും വരാനില്ല എന്നാണു അറിഞ്ഞത് "
"എത്ര തവണയായ് വിളിക്കുന്നു. വേഗം ഇറങ്ങു . അവളുടെ വീട്ടിലേക്കു കുറെ ദൂരം ഉണ്ട്. ബോഡി എടുക്കും മുന്‍പ് അങ്ങ് എത്തണം. ദൂരെ നിന്ന് ഇനി ആരും വരാനില്ല എന്നാണു അറിഞ്ഞത് "
അവള്‍ക്കു വേണ്ടി ,ഒരിക്കലും കാണേണ്ടാത്ത ഒരു കാഴ്ചയിലേക്ക് ,നിരസിക്കാന്‍ വയ്യാതെ ഒരു യാത്ര.
.