Wednesday

ചില ചൂളമടികള്‍

നന്നായി ചൂളമടിക്കാന്‍ ഒരു പ്രത്യേക കഴിവ് തന്നെ വേണം

ഓര്‍മ്മയില്‍ ഏറ്റവും നന്നായി ചൂളം കുത്തിയിരുന്നത് വീട്ടിലെ റബ്ബറ് വെട്ടുകാരന്‍  മോഹനന്‍ ആയിരുന്നു . പറമ്പിന്റെ ഏതോ ഒരു കോണില്‍ നിന്ന് കാറ്റിലൂടെ ഒഴുകി വരുന്ന ചൂളം വിളി. ചൂളം അടിച്ചു പാടുന്നത് അന്നത്തെ ഹിറ്റ് മലയാളം പാട്ടുകള്‍ ആയിരുന്നു . ഇടക്കെപ്പോഴോ എനിക്കറിയാത്ത ഈണവും കേട്ടിരുന്നു ഹിന്ദിയോ തമിഴോ ആകണം അത്. അടുക്കളയുടെ  ചവിട്ടു പടിയില്‍ കാപ്പി കുടിച്ച്ചിരിക്കുംപോ വെറുതെ കാതോര്‍ക്കും . ചൂളം കുത്ത് അടുത്തടുത്ത് വരുമ്പോ അമ്മ പറയും "മോഹനന്‍ എത്താറായി . ഒരു ചായ കൊടുക്കാം ".

ചൂളമടിയെ വെറുത്ത ഒരു കാലം കൌമാരത്തിന്റെ ആയിരുന്നു . കൂട്ട് കൂടിയോ അല്ലാതെയോ നടന്നു പോവുമ്പോ പൂവാലന്റെ ചൂളം കുത്തല്‍ ഒട്ടും രസം തോന്നിയിട്ടേ ഇല്ല . തണ്ടും തടിയും ഉള്ള ആങ്ങളമാര്‍ കൂടെ കാണുമ്പോ ഇവന്മാരുടെ ചൂളം മൃതിയടഞ്ഞിട്ടുണ്ടാവും.

കോളേജു  കാലത്താണ് ചൂളമടിയെ പറ്റി ഏറ്റവും രസിപ്പിക്കും ഓര്‍മ്മകള്‍ ഉള്ളത് . കൂട്ടുകാരുടെ ഇടയില്‍
ഒരാള്‍  അബദ്ധത്തില്‍ ചാടിയാല്‍ ഇരട്ട ചൂളം,
പൊട്ടത്തരം വിളമ്പിയാല്‍, ചമ്മിയാല്‍  അവരോഹണത്തില്‍ ഒന്ന് ,
ഒരാള്‍ക്കിട്ടു പണി കൊടുത്താല്‍ ആരോഹണത്തില്‍ ചൂളം,
അത്  പാളിയാല്‍ ഇതൊന്നുമല്ലാത്ത താളത്തില്‍
ചൂളമടിയിലൂടെ  അത് പ്രകടമാക്കുന്ന   രസികന്മാര്‍ ഉണ്ടായിരുന്നു അക്കാലത്ത്.

ചില വിരുതന്മാര്‍ സാറന്മാരെയും വെറുതെ വിടില്ലായിരുന്നു
ചോദ്യം ചോദിച്ചു ഉത്തരം അറിയാതെ എഴുന്നേറ്റു നിക്കുമ്പോ ഒരു ബാക്ക്ഗ്രൌണ്ടായി മെല്ലെ ഒരു ചൂളം . ഉത്തരം പറഞ്ഞു ഇരുന്നാല്‍ അതിനും ഒരു താളം.

അടുത്ത ക്ലാസിലെ അമിതാഭ് മിശ്രക്ക്‌ ക്ലാസിലെ ദേവിയ കാണുമ്പോ നാല് കൊല്ലവും ഒരേ ചൂളം .

ലേഡീസ് ഹോസ്റ്റലില്‍ സംഗീത അഗര്‍വാള്‍, അവളായിരുന്നു ഉറക്കെ ചൂളം കുത്തിയിരുനത്.
എപ്പോഴും ഉറകെ സംസാരിക്കുന്ന അവള്‍ ചൂളം കുത്താന്‍ പഠിച്ചത് നന്നായി എന്ന് ഞങ്ങള്‍ക്കും തോന്നിയിരുന്നു.

ചൂളമടി അബദ്ധത്തില്‍ കൊണ്ട് ചാടിച്ച അവസരവും ഓര്‍മ്മയിലുണ്ട് . ഇടനാഴിയിലൂടെ കവിതയെ ചൂളമടിച്ച കൂട്ടുകാരനെ , കണക്കു ഡിപ്പാര്‍ട്ട് മെന്റിലെ ശ്രീധരന്‍ മാഷ്‌ ഒരു ദിവസം മുഴുവന്‍ ഡിപ്പാര്‍ട്ട് മെന്റിന് കാവല്‍ നിര്‍ത്തി "എന്നാ നീ  ഇവിടെ നിന്ന് ചൂളമടി" എന്നും പറഞ്ഞ്.

രാത്രിയില്‍ ചൂളമടിക്കാന്‍ വീട്ടില്‍ സമ്മതിച്ചിരുന്നില്ല
എത്ര ശ്രമിച്ചിട്ടും എനിക്ക് അതൊന്നു പഠിചെടുക്കാനും പറ്റിയില്ല
നന്നായി ചൂളം അടിക്കുക ആണുങ്ങളുടെ കുത്തക  തന്നെ.

അല്ല ആരാ അവിടെ ചൂളമടി പ്രാക്ടീസ് ചെയ്യുന്നേ ?
എന്റെ മോനല്ലേ !

Tuesday

പ്രണയലേഖനം

ചേട്ടന്റെ അച്ഛന്‍ ഫോണില്‍ വിളിച്ചു . അങ്ങനെ എപ്പോളും ഒന്നും വിളിക്കാറില്ല .
കാര്യമാത്ര പ്രസക്തമായി  സംസാരിക്കുകയും എന്നാല്‍ കളിയാക്കാന്‍ കിട്ടുന്ന ഒരവസരം പോലും പാഴാക്കാത്തതുമായ ഒരു പ്രകൃതം.
അന്നു കുടും ബ വീട്ടില്‍ നടക്കുന്ന അറ്റകുറ്റപണിയുടെ ഭാഗമായി പെയിന്റ് അടിയും, അടുക്കി പറക്കലും തകൃതി ആയി നടക്കുന്നു

"എന്താ അച്ഛാ വിശേഷിച്ചു ?"
"അതു പിന്നെ നിങ്ങടെ കുറെ പ്രധാനപ്പെട്ട കടലാസു കെട്ടുകള്‍ ഇവിടെ ഇരിക്കുന്നു എന്തു ചെയ്യണം ?"

"ഒരു കവറില്‍ ഇട്ടു അവിടെ വെച്ചേക്കൂ .അടുത്ത വീക്കെണ്ടില്‍ എടുത്തോളാം ."

അത്യാവശ്യം വേണ്ടതെല്ലാം ഇവിടെ ഉണ്ടല്ലോ എന്നാലും ഇതു എന്തായിരിക്കും ?
എന്തായാലും അവിടെ എത്തുമ്പോ മറക്കാതെ ചോദിക്കാം

വീക്കെണ്ടില്‍ വീടെത്തുമ്പോ ഉമ്മറത്തു എല്ലാരും ഉണ്ട് . അച്ഛനും അമ്മയും വല്യേട്ടനും ചേടത്തിയും അനിയനും . മിക്കവാറും ഞങ്ങള്‍ എത്തുമ്പൊ അങ്ങനെ  ആണു.

എത്തിയതെ, മറക്കണ്ട എന്നു കരുതി ഞാന്‍ അച്ഛനോടു ചോദിച്ചു . 'അച്ഛന്‍ എടുത്തു വെച്ചിരിക്കുന്ന എന്തോ  പേപ്പറുകള്‍ ?"

ചേടത്തി ചിരിച്ചു കൊണ്ടു അകത്തേക്കു പോയി . ഒരു കവറും കയ്യിലെടുത്തു തിരികെ വന്നു . കയ്യില്‍ വ്ച്ചു തന്നു കൊണ്ടു പറഞ്ഞു .

" കഴിഞ്ഞ ദിവസം ഞാന്‍ മുറിയില്‍ നിന്നു ഇറങ്ങി വന്നതു അച്ഛന്റെ  ഉറക്കെ ഉള്ള വായന കേട്ടു ആണു.
ദിനപത്രത്തില്‍ എന്താ ഇത്ര ഉറക്കെ വായിക്കാന്‍ എന്നു ശ്രദ്ധിചപ്പോളല്ലെ മനസ്സിലായതു . അതു പത്രമല്ല എന്നും ഇതാണെന്നും.
ഇനിയെങ്കിലും ഇതൊക്കെ സൂക്ഷിച്ചു വെക്കൂ."കൂട്ടത്തില്‍ ഒരു ചിരിയും

കയ്യില്‍ തന്ന കവറിലേക്കു ഞാന്‍ പാളി നോക്കി.

 കല്യാണം കഴിഞ്ഞു പഠിക്കാന്‍ പോയപ്പൊള്‍, ചേട്ടന്‍ എനിക്കയച്ച കത്തുകള്‍

ഋതുഭേദങ്ങള്‍

ഏഴാം ക്ലാസ്സുകാരന്‍, സ്കൂള്‍ വിട്ട് വീടെത്തിയപ്പോ മുഖത്തൊരു മ്ലാനത.
പതിയെ അടുത്തു കൂടി .
"എന്താടോ കാര്യം ? "
ഹേയ് ഒന്നുമില്ല.
"ക്ലാസ്സില്‍ ഇന്ന് ആരെയാ ഗെറ്റ് ഔട്ട് അടിച്ചേ ?"
"ആരേമില്ല" .ഉത്തരത്തില്‍ ഉഷാറു പോര.
അമ്മയെ ബയോളജി ടീച്ചര്‍ പുറത്തു നിര്‍ത്തിയ കഥ ഓര്‍മ്മിപ്പിച്ചു.
ചിരിയില്ല.
"ഹിന്ദി ടീച്ചര്‍ ഇന്നു ആരെയെലും പെരുമാറിയോ "
ഏയ് ഇല്ല.


രക്ഷയില്ല. പതിയെ അടുക്കളയിലേക്ക് പോയി.
ഇഷ്ടഭക്ഷണം ഉണ്ടാക്കുന്നതിനിടയില്‍ വെര്‍തെ വിളിച്ചു . "മോനേ '


"ഉം" . പുറകില്‍ അനക്കം. സ്ഠിരം വിശേഷം ആവര്‍ത്തിച്ചു. മറുപടിക്കിടയില്‍,
"അമ്മേ ക്ലാസ്സില്‍ ഇന്നു ടീച്ചര്‍ എല്ലവരെയും സ്ഥലം മാറ്റി ഇരുത്തി.'
"ഉം"
എന്റെ അടുത്ത് ജോസഫാ അമ്മെ ഇരിക്കുന്നെ . അത്ര ഇഷ്ടത്തോടെ അല്ലാതെ മറുപടി.
"ഉം. അതു സാരമില്ല എല്ലവരുമായി അഡ്ജസ്ട് ചെയ്യണം . "
അതെനിക്കറിയാം
"പിന്നെന്തടോ "
അതു പിന്നെ, നെരത്തെ എന്റെ അടുത്ത് കീര്‍ത്തന ആണ് ഇരുന്നത്. നല്ല ഹെല്പ്ഫുള്‍, നന്നായി പഠിക്കുകയും, പാട്ടു പാടുകയും ചെയ്യും അവള്‍. അവളെ ഇപ്പോ സൈഡിലെ സീറ്റിലെക്ക് മാറ്റി.‍"

അപ്പോള്‍ അതാണു കാര്യം. മനസ്സില്‍‌ ചിരി വന്നു . വെളിയില്‍ കാണിച്ചില്ല.മനസ്സിലായത് പൊലെ ഭാവിച്ചു മില്ല .
"ഒരേ ക്ലാസ്സില്‍തന്നെ അല്ലേ . ക്ളാസില്ലാത്തപ്പൊ എപ്പോ വേണമെങ്കിലും കൂട്ടു കൂടാമല്ലോ. "
ചിരി പതിയെ തിരികെ കുഞ്ഞു മുഖത്തേക്ക്.

മകന്‍ വളരുകയാണ്.

Friday

പകര്‍പ്പ്

ബോംബെയില്‍ നിന്നെത്തിയ കൂട്ടുകാരിയെ കാണാന്‍ അവളുടെ വീട്ടിലെത്തി.
എന്നെ കണ്ടതെ വന്നു കെട്ടിപിടിച്ചു . ഞാനും.
"വാ ഒരാളെ കാണിച്ചു തരാം "
കയ്യില്‍ പിടിച്ച് അകത്തേക്ക്.

അകത്ത് ഒരു കുഞ്ഞു തൊട്ടിലില്‍ ,
കൈ കാലുകളിളക്കി ഒരു സുന്ദരിക്കുട്ടി.
അദ്ഭുതവും സന്തോഷവും പുറത്തേക്കെത്തിയത് കണ്ണുകളിലൂടെ.
പിന്നെ ചോദിച്ചു ,
"എന്നാ മോള്‍ ഉണ്ടായെ ? നിന്നെ വിളിച്ചപ്പോളും ഒന്നും പറഞ്ഞതേ ഇല്ലല്ലോ "

അവളെന്നെ അരികില്‍ ചേര്‍ത്തു , പതിയെ പറഞ്ഞു
"കല്യാണം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായില്ലേ
കുട്ടികളുണ്ടാകാന്‍ സാധ്യത തീരെ കുറവു എന്ന് ഡോക്ടര്‍.
വസൂം ഞാനും ഒന്നിച്ചാ പോയതു. അവിടെ ചൈല്ഡ് അഡോപ്ഷന്‍ എന്‍. ജി. ഓ. ഇല്‍ ബുക്ക് ചെയ്യാന്‍.ഒരു വര്‍ഷത്തോളം കാക്കേണ്ടി വന്നു.

അവര്‍ കുട്ടികളെ തരുമ്പൊള്‍ ,അഡോപ്ട് ചെയ്യുന്ന അച്ഛനും അമ്മയുമായി സാമ്യം ഉള്ള കുട്ടികളെ ആണു തരുന്നത്.
എന്തായാലും ആഗ്രഹം പോലെ മോളെ തന്നെ കിട്ടി. " അമ്മയെക്കാളും ഉയരത്തില്‍ അവള്‍.

അയല്‍വക്കത്തെ ചേച്ചി മുറിയിലേക്ക് വന്നു.
"മാളവികയുടെ കുഞ്ഞിനെ കാണാന്‍ വന്നതാ"
തൊട്ടിലില്‍ നിന്നും കുഞ്ഞിനെ എടുത്ത് ചേര്‍ത്തു പിടിച്ചു അവര്‍.
പിന്നെ മാളുവിന്റെ അമ്മയോടായി പറഞ്ഞു

" മാളു കുഞ്ഞിലെ ഇരുന്ന പോലെ തന്നെ .അല്ലേ ചേച്ചി ".

Wednesday

പ്രണയലേഖനവും പൊല്ലാപ്പും - 1

കോളേജു പഠനം കഴിഞ്ഞു വീടെത്തിയതോടെ , അലമാരയുടെ സൈഡില് നിന്നും മേശ വിരിപ്പിനടിയില് നിന്നും മാത്രുഭൂമി ഞായര്‍ സപ്പ്ലിമെന്റ് തല നീട്ടാന്‍ തുടങ്ങി . അന്നു ഇന്ത്യയെ മൊത്തം കെട്ടിച്ചോളാം എന്നു വാഗ്ദാനം ചെയ്യുന്ന മാട്രിമോണിക്കാരെ പറ്റി കേട്ടു കേള്വി പോലുമില്ല. ഡയറിയും കക്ഷത്തില് വെച്ചു വരുന്ന മൂന്നാമനോട് എന്റെ നയം വ്യക്തമാക്കാന് ഒരു ചാന്സ് കൊടുക്കണ്ട എന്നു കരുതിയാവണം അച്ഛന് മാതൃഭൂമി സപ്ലിമെന്റിനെ സൂക്ഷിച്ചത്.

ഇപ്പോ കല്യാണം വേണ്ട . ഇനിം എനിക്കു പഠിക്കണം എന്നൊക്കെ പറഞ്ഞപ്പോള് ഒക്കെം തലകുലുക്കി സമ്മതിച്ചവര് , " എന്നാലും വെര്തെ, നിനക്കല്ല നിന്റെ കസിനു വേണ്ടി നോക്കാമല്ലൊ" എന്നൊക്കെ പറഞ്ഞു , അവരുടെ തിരച്ചില് നിര്ബാധം തുടര്ന്നു .

ഞാനാണെങ്കില്‍ വീടിനടുത്ത് ഒരു കൊച്ചു ജോലിയുമൊക്കെ ആയി അങ്ങനെ സന്തോഷമായി കഴിയുന്ന കാലം . രാവിലെ അമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണവും കഴിച്ചു ഹോസ്റ്റലില് ഇത്രയും നാള് കഴിച്ചതിന്റെ ക്ഷീണം തീര്ത്ത്, സസുഖം ജോലിം ജോളിം ആയി പോകുന്നു .


ഒരു ദിവസം ജോലിക്കു ശേഷം വീടെത്തിയപ്പൊള് , അമ്മക്ക് പതിവിലധികം സ്നേഹം. "ഇന്നെന്താ മണീയമ്മെ പതിവിലധികം സ്നേഹം ", എന്നൊന്നുന്നും ചോദിച്ചില്ല . അങ്ങനെ ചോദിച്ചു ഇങ്ങോട്ടു പ്രതിസന്ധി വിവരിക്കാനുള്ള ഒരു പാലം നമ്മാളായി എന്തിനാ ഇട്ടു കൊടുക്കുന്നെ. വരാനുള്ളതു ഒരു തൊണ്ട അടപ്പിലും നിക്കില്ലല്ലൊ . ഇത്തിരി കഴിഞ്ഞപ്പോള് അമ്മ അടുത്തു കൂടി .

"മോളെ , അമ്മ നിന്റെ അലമാരി ഒക്കെം അടുക്കി പെറുക്കി . അന്നെരം വെറുതേ നിന്റെ പഴയ ഡയറി കണ്ടു. (ഡയറി എഴുതുന്ന ഒരു ശീലം അച്ഛനായിട്ടു ഞങ്ങള്ക്കു ഉണ്ടാക്കി എടുത്തിരുന്നു.) ഞാന് ആ ഡയറി വെറുതെ ഒന്നു മറിച്ചു നോക്കി . അതില് ചിലതൊക്കെ വെറുതേ വായിച്ചു ."

" ഈ വെറുതെ അല്പം കൂടുതലല്ലേ " എന്നു ഞാന് കണ്ണിറുക്കി.

"മോളെ അതിലെ ഒരു എഴുത്തു എന്തൊ എഴുതി നോക്കിയിരിക്കുന്നല്ലോ ? ഞാന് അച്ഛനോടു പറഞ്ഞു നിനക്കങ്ങനെ എന്തേലും ഉണ്ടെങ്കില്‍ അതു പറഞ്ഞെനെം എന്നു . എന്നാലും അച്ഛനു ഒരു സം ശയം . കല്യാണക്കാര്യം പറയുമ്പൊ നിനക്കുള്ള അനിഷ്ടം ഇനി അതു കൊണ്ടെങ്ങാനും ആണോ ? എനിക്കങ്ങനെ സം ശയം ഒന്നുമില്ല കേട്ടൊ . എന്നാലും ഒന്നു ചോദിച്ചെന്നെ ഉള്ളു."

"അമ്പടി കള്ളിപെണ്ണെ .എന്റെ അമ്മക്കുട്ടീ , മക്കളുടെ മനസ്സിലെ രഹസ്യം പിടിച്ചെടുക്കാനുള്ള കഴിവു ദൈവം ഹോള്സെയിലായി അമ്മമ്മാര്ക്കു കൊടുത്തേക്കുവാണല്ലോ " എന്നു മനസ്സിലും "എതു ഡയറി അമ്മേ ഞാന് ഒന്നു നോക്കട്ടെ . ഒന്നു കാണിച്ചെ "എന്നു ഉറക്കെയും പറഞ്ഞു.

എഞ്ചിനീയറിങ്ങ് കോളേജിലെ ഡയറി അമ്മ എനിക്കു മുന്നില് തുറന്നു വെച്ചു . ശെരിയാണല്ലോ ഈശ്വരാ ദേ ഒരു പ്ര്.. പ്ര.. പ്രണയ ലേഖനം . അതും എന്റെ കൈപ്പടയില് ! ഞാന് ഒന്നു ഞെട്ടി . ഉണരും മുതല് ഉറങ്ങും വരെ ഉള്ള സകല കാര്യവും വള്ളി പുള്ളിവിടാതെ അമ്മയോടു പറയാറുണ്ടു എന്ന വിശ്വാസം ആണ് ഇപ്പൊള് നൂല്‍പ്പാലത്തില്‍. ഞാന് ഒന്നു കൂടി സൂക്ഷിച്ചു നോക്കി . ചിരിയും ആശ്വാസവും എന്നെ എഞ്ജിനീയറിങ്ങിന്റെ മൂന്നാം കൊല്ലത്തിലേക്കു കൊണ്ടു പോയി.


ഞങ്ങളുടെ സീനിയര് ആയി പടിച്ച ഒരു മഹാന് ഉണ്ടായിരുന്നു . മെക്കാനിക്കല് ഡിപ്പാര്ട്ടു മെന്റില് . ദോഷം പറയരുതല്ലോ . സ്വഭാവ ഗുണം കൊണ്ടു ആളു പെണ്കുട്ടികളുടെ ഇടയില് ഭയങ്കര ഫെയിമസ്സായിരുന്നു . നാലാളു കൂടുന്ന കോളെജിലെ എതു പരിപാടിക്കും ഇയാളുടെ ഫിങ്ങര് പ്രിന്റ് ഏതേലും പെങ്കൊച്ചിന്റെ ദേഹത്തുന്നു കണ്ടു കിട്ടാറുണ്ടായിരുന്നു. പൂച്ചകളായ പെണ് പിള്ളെര് കരഞ്ഞും , പുലികള് ചീറിയും പ്രതിഷേധിച്ചെങ്കിലും അയാളുടെ സ്വഭാവം മെച്ചപ്പെട്ടില്ല.

അങ്ങനെ ഒരു ദിവസം ഹോസ്റ്റല് മുറിയില് വെറുതെ ഇരിക്കുമ്പോള് ആണു വാലെന്റയിന് ഡെ വരാന് പോകുന്നു എന്നും എന്തെങ്കിലും ക്രിയെറ്റീവായി ചെയ്യണമെന്നും എനിക്കും , സുഹ്രുത്തിനും അരുളപ്പാടുണ്ടാവുന്നതു. ആര്ക്കിട്ടു പണി കൊടുക്കാം എന്നു ആലോചിച്ചതെ നറുക്കു വീണതു , ഈ പറഞ്ഞ കക്ഷിക്ക് തന്നെ.

പ്രണയലേഖനം കുത്തി കുറിക്കാന് കയ്യില് കിട്ടിയത് എന്റെ ഡയറി ആയിരുന്നു . മൂന്നു തവണ ഡ്രാഫ്ട് എഴുതി മായ്ചും വരച്ചും വന്നപ്പോള് പുരനിറഞ്ഞു നില്ക്കുന്ന കൊതിപ്പിക്കുന്ന ഒരു പ്രണയലേഖനം.

'അസ്തിക്കു പിടിച്ച പ്രണയം ആണെന്നും , ഉപേക്ഷിക്കല്ലേ എന്നും സ്ഥിരം പല്ലവികളും , പിന്നെ ചേട്ടനു വേറെ ആരെയെങ്കിലും ഇഷ്ടമാണെങ്കിലൊ എന്നറിയാത്തിടത്തോളം എന്റെ ഐഡന്റിറ്റി വെളിപ്പെടുത്താന് നിര്‍വാഹമില്ല എന്നും , അതല്ല ചേട്ടന് എനിക്കായി അവതാരമെടുത്തതാണെങ്കില് , ആ നീല പാന്റും നീല ഷര്ട്ടും ഇട്ടു വലന്റയിന് ഡേ യുടെ അന്നു സെക്കണ്ട് ഇയര് ക്ളാസ്സിനു മുന്നിലൂടെ വന്നാല് മതി' എന്നും എഴുതി . ( പൂവാലന്റെയിന്സ് ഡേയില് പൊതുവെ ഇവരെല്ലാം ചുള്ളന്മാരായി വരുമ്പോള് മെക്കാനിക്കല് കാരുടെ വര്ക്ക് ഷോപ്പ് ഡ്രെസ്സ് ആയ, വെള്ളം കാണാത്ത, നീല പാന്റും നീല ഷര്ട്ടും ചേട്ടനെ കാണാനുള്ള ഞങ്ങടെ ആഗ്രഹത്തെ പഴിക്കരുതല്ലോ )

നൂറ്റിയൊന്നു തവണ I Love you എഴുതിയ സ്നേഹം തുളുമ്പുന്ന ഒരു കാര്ഡിന്റെ അകമ്പടിയോടെ , പുര നിറഞ്ഞു നിന്ന ഞങ്ങടെ പ്രണയ ലേഖനത്തെ, ഞങ്ങള് കണ്ണീരോടെ യാത്രയാക്കി . ചെന്ന് കേറുന്ന ഗൃഹത്തിലെ പീഡനത്തിനു അല്പം അയവുവരുത്താനും കൂടെ ഉള്ള സന്തത സഹാചാരികള്‍ക്ക് പിന്തിരിപ്പന്‍ മൂരാച്ചി ബുദ്ധി തോന്നിക്കാ തിരിക്കാനും മനസ്സാ പ്രാര്‍ഥിച്ചു,

വാലന്റയിന്സ് ഡെ വരാന് ഇനിയും ഒരാഴ്ച കാത്തിരിക്കണം .പ്രണയ ലേഖനം ബൂമേ റാങ്ങ് ആയി രൂപാന്തരപ്പെടുമോ, അതോ നീല ഷര്‍ട്ട് നു വെള്ളം കാണാന്‍ യോഗം ഉണ്ടാവോ എന്ന് കാത്തു ഞങ്ങള്‍ ഇരുന്നു...

( തുടരും )

Thursday

കാഴ്ച

സന്തോഷിന്റെ ചങ്ങാതി കൂട്ടത്തിലാണ് ഞാന്‍ അവളെ ആദ്യമായി കാണുന്നത്.
ആരേയും ആകര്‍ഷിക്കുന്ന സുന്ദരമായ ചിരി. എല്ലവരെയും പോലെ ഞാനും അതാണ് അവളില്‍ ശ്രദ്ധിച്ചതും.


ഒരേ താല്പര്യങ്ങള്‍ അങ്ങനെ അവളെ എന്റെയും സുഹൃത്താക്കി.
ഇടയ്ക്ക് ഒരുനാള്‍ ഫോണില്‍ വിളിച്ചപ്പോള്‍ ഭയങ്കര സന്തോഷത്തില്‍ ഒരു മൂളിപ്പാട്ടിന്റെ ഈണത്തില്‍ അവള്‍.

"എന്താ കാര്യം ?" എന്ന എന്റെ ചോദ്യം എത്തുന്നതിനു മുന്‍പ് മറുപടി വന്നു.

"ഞാന്‍ നാട്ടില്‍ പോണു . താന്‍ പോരുന്നോ?."

" നിന്നെ പോലുള്ള കാട്ടുജാതിയുടെ നാട്ടിലേക്കോ ? ഇല്ല "

"വേണ്ട. താനൊക്കെ കാശു മുടക്കി തേക്കടിയിലും മൂന്നാറിലും പോയി താമസിച്ചാല്‍ മതി . എന്തു രസമാണെന്നൊ എന്റെ നാട്. മഞ്ഞു കാലത്തു നല്ല തണുപ്പ്. ഒരു പാടു മരങ്ങള്‍ക്കിടയില്‍ പറമ്പിനു നടുവില്‍ എന്റെ വീട്. ഒരു തവണ താനും വാ. "

ഇത്തവണ ഒന്നും പറഞ്ഞില്ല . ഇപ്പോള്‍ പരിചയപ്പെട്ടവരോട് പോലും ഇങ്ങനെ സംസാരിക്കുന്ന ഒരു പെണ്ണ്.


ഇടക്കു , ഓഫീസിലെ തിരക്കിനിടയില്‍ നിന്നും ഒരു രക്ഷപ്പെടലിനായി അവളൊടുള്ള സംസാരങ്ങള്‍ . നഗരത്തിലെ കാഴ്ചകള്‍ ആള്‍ക്കാരെ എങ്ങനെ ഭ്രമിപ്പിക്കുന്നു എന്നവള്‍ അദ്ഭുതം കൊണ്ടു . എന്നും അവളുടെ നാടു കഴിഞ്ഞേ ലോകത്ത് മറ്റ് കാഴചകള്‍ ഉള്ളൂ എന്ന് ഓരോ നാട്ടില്‍ പോക്കിനും അവള്‍ എന്നെ ഓര്‍മിപ്പിച്ചു.


ഒരു തവണ നാട്ടിലെത്തി എന്നു പറയനാണു രാത്രിയില്‍ അവളെന്നെ വിളിച്ചത്. ഫോണില്‍ അവളുടെ ശബ്ദത്തിനും മുന്‍പേ ആദ്യം എത്തിയതു രാത്രിയുടെ നിശബ്ദത. രാത്രി ജീവികളുടെ ശബ്ദവും

"ഇവിടെ കറന്റില്ല " അവളുടെ സംസാരങ്ങള്‍ അങ്ങനെ ആണ് . പാതി പറഞ്ഞു വെച്ചതിന്റെ ബാക്കി പോലെ .
"ഞാന്‍ മുറ്റത്ത്‌ ഇറങ്ങി നിന്ന് ആകാശം കാണുന്നു . ആകാശം നിറഞ്ഞു കവിയും പോലെ നക്ഷത്രങ്ങള്‍ .ഇവിടെ വാ ഒരു തവണ തനിക്കും കാണാം "

എന്റെ ജനാലയിലൂടെ നിയോണ്‍ ബള്‍ബ്കളുടെ പ്രകാശം മാത്രം.


സന്തോഷിന്റെ പുതിയ നമ്പര്‍ കളഞ്ഞു പോയി എന്നും പറഞ്ഞാണ് അന്നവള്‍ വിളിച്ചത്
പക്ഷെ അവളുടെ ശബ്ദതിനെയും തോല്പിച്ചു , പുറകില്‍ വാദ്യഘോഷവും ബഹളങ്ങളും.

"ഇവിടെ ഉത്സവത്തിനു എന്താ രസം എന്ന് അറിയുമോ ? നാട് മുഴുവന്‍ ഉണ്ട് ഇവിടെ മേള പറമ്പില്‍.
ഞാന്‍ കുറെ കുപ്പിവളകള്‍ വാങ്ങി . അടുത്ത ഉത്സവത്തിനു താനും വാ "
ഉത്സവലഹരിയില്‍ ഒരു നിമിഷം കുഞ്ഞു കുട്ടിയായി അവള്‍ .

ഇവിടെ നഗര പാതയില്‍ വാഹനങ്ങളുടെ ഇരമ്പല്‍.


ജനുവരിയിലെ തണുപ്പില്‍ ഡല്‍ഹിക്ക് പോകുന്ന സന്തോഷിനെ യാത്ര അയക്കാന്‍ അതി രാവിലെ റെയില്‍ വെ പ്ലാട്ഫോമില്‍ നില്‍ക്കുമ്പോളാണ് ഫോണില്‍ അവള്‍ .

"കാപ്പി പൂവുകള്‍ ക്ക് മേഘങ്ങള്‍ ആകാന്‍ കഴിയും . അറിയുമോ? എന്റെ വീടിനു പുറകില്‍ താഴ്വാരത്ത് കാപ്പി മുഴുവന്‍ പൂത്തു മേഘങ്ങളേ പോലെ . ഇവിടെ മുഴുവന്‍ കാപ്പി പൂവിന്റെ മണവും . ഒരു തവണ താനും വാ " അവളുടെ നാട്ടില്‍ കാഴ്ചകള്‍ അവസാനിക്കുന്നില്ല

കറുത്ത പുക കൊണ്ടുള്ള മേഘത്തുണ്ടുകള്‍ വരച്ചു എന്റെ മുമ്പിലൂടെ ഒരു ട്രെയിന്‍ കടന്നു പോയി .


അവളുടെ വാക്കില്‍ കൂടെ കാഴ്ചകള്‍ കാണുന്നതാണ് കൂടുതല്‍ ഭംഗി എന്ന് ചിലപ്പോഴൊക്കെ തോന്നി. എങ്കിലും ഒരിക്കല്‍ അവളുടെ പ്രിയപ്പെട്ട കാഴച്ചകളിലെക്ക് പോകണം.


കയ്യിലിരുന്ന ഫോണ്‍ പിന്നെയും ശബ്ടിച്ചു . സന്തോഷാണ് .
"എത്ര തവണയായ് വിളിക്കുന്നു. വേഗം ഇറങ്ങു . അവളുടെ വീട്ടിലേക്കു കുറെ ദൂരം ഉണ്ട്. ബോഡി എടുക്കും മുന്‍പ് അങ്ങ് എത്തണം. ദൂരെ നിന്ന് ഇനി ആരും വരാനില്ല എന്നാണു അറിഞ്ഞത് "

അവള്‍ക്കു വേണ്ടി ,ഒരിക്കലും കാണേണ്ടാത്ത ഒരു കാഴ്ചയിലേക്ക് ,നിരസിക്കാന്‍ വയ്യാതെ ഒരു യാത്ര.

.

Saturday

മഷിപ്പേന.

"അമ്മേ എനിക്കൊരു മഷിപ്പേന വാങ്ങിത്തരണം." സ്കൂളില്‍ നിന്ന് തിരികെ എത്തിയ ആദ്യ ദിവസം അഞ്ചാംക്ലാസ്സുകാരന്‍ ആവശ്യം നിരത്തി.


"ഞങ്ങളെ ഇനി മഷിപ്പേന വെച്ചേ എഴുതാന്‍ റ്റീച്ചര്‍ സമ്മതിക്കൂ". അല്പം ഗമയില്‍ പെന്‍സിലില്‍ നിന്നും പേനയിലേക്കുള്ള പ്രൊമോഷന്‍ ഉറക്കെ പ്രഖ്യാപിച്ചു അവന്‍ അകത്തേക്കു പോയി.


"അമ്മേ നിച്ചും വേണം ചേട്ട പറഞ്ഞ പേന". വീട്ടിലെ ഭിത്തി മുഴുവന്‍ എഴുതി തീര്‍ത്തിട്ടല്ലെ അമ്മേ ഞാന്‍ ചോദിക്കണെ എന്ന ഭാവത്തില്‍ മകള്‍.


ക്ലാസു കയറ്റം കിട്ടുന്നതിലും ഗമയായിരുന്നു പണ്ടു കാലത്തും പെന്‍സിലില്‍ നിന്നും പേനയിലേക്കുള്ള മാറ്റം.


അ‌ച്ഛ്ന്‍ വാങ്ങിത്തന്നു എനിക്ക് ആദ്യത്തെ പേന. സാധാരണയിലും നീളം കുറഞ്ഞ വാലറ്റം കൂര്‍ത്ത തൊപ്പി വെച്ച കുഞ്ഞി പേന. അതിനു നിറം നീല ആയിരുന്നു. പിന്നെ എപ്പോഴൊ മനസ്സിലെ പരീക്ഷണ പനി ഉണര്‍ന്നപ്പോള്‍, പേന മഞ്ഞളില്‍ മുങ്ങി പച്ച കളര്‍ ആയി.

"നീല മഷി വെച്ച് എഴുതിയാ മതി എല്ലാവരും". അവിടേം വന്നു ടീച്ചറിന്റെ വക ന്യായം. കറുപ്പ് മഷി വെച്ചെഴുതിയാല്‍ കുറച്ചുനാള്‍ കഴിയുമ്പോ അതു ബ്രൗണ്‍ കളര്‍ ആകും അത്രേ. ബ്രൗണ്‍ എന്താ മോശം കളറാ. ചോദിക്കാന്‍ തോന്നിയതാ. പിന്നെ റ്റീച്ചറിന്റെ കയ്യിലിരിക്കുന്ന ചൂരല്‍ അതിനു സമ്മതിച്ചില്ല


എല്ലാവരും സാദാ പേന വെച്ചെഴുതുമ്പോ അടുത്തിരുന്നു സൂര്യ, ഹീറോ പേനയും പിടിച്ചു ഹീറോയിന്റെ ഭാവത്തില്‍ എഴുതുന്നു . അവളുടെ ആരോ ഫോറിനില്‍ നിന്നു വന്നിട്ടുണ്ട്. അല്ലെങ്കിലും സ്വര്‍ണ്ണതലപ്പാവുള്ള ആ പേനക്കു ഒരു ചന്തം ഒക്കെ ഉണ്ട്.


ഇടക്കു പേന പണിമുടക്കും. 'തെളിയാത്ത പേന കുടയുമ്പോ തെളിയും' എന്ന തത്വം പരീക്ഷിച്ചാലോ? മഷി തുള്ളി ഒട്ടും ഉന്നം തെറ്റാതെ അടുത്തിരിക്കുന്നവന്റെ തിരുമുഖത്താകും വീഴുക. അതുമല്ലെങ്കില്‍ പേനതന്നെ മൂക്കും കുത്തി താഴേക്കും വീഴും. അതോടെ മഷിയില്ലാ പേന നിബ്ബ് ഒടിഞ്ഞു പൂര്‍ണ്ണ യോഗ്യനായി ബ്ലോക്സില്‍ കയറും. അറിയാതെ കയ്യില്‍ നിന്നും താഴെ വീണാലോ, മഷി ചോര്‍ന്ന് നടുവിരലില്‍ പരക്കാന്‍ പാകത്തില്‍ കൃത്യമായി പൊട്ടാന്‍ പേനക്കറിയാം.


ഒരു സൗഹൃദം തുടങ്ങാനും ഒരു തുള്ളി മഷി മതി. അടുത്തിരിക്കുന്നവന്റെ മോന്തക്ക് ചാര്‍ത്തീട്ടല്ല. മറിച്ച് "പേനയിലെ മഷി തീര്‍ന്നു. അല്‍‌പം മഷി തരുമോ?" എന്ന കുഞ്ഞു ആവശ്യം നിഷേധിക്കാന്‍ ആരെക്കൊണ്ടാകും.സൗഹൃദം തുടങ്ങാനും, പുതുക്കാനും പേന തന്നെ ബെസ്റ്റ്. കൊടുക്കുന്നവന്റെ പോക്കറ്റ് കീറുകയും ഇല്ല കിട്ടുന്നവന്റെ പോക്കറ്റിനു ഭംഗിയുമേറും.


എഴുതാന്‍ പേന കടം വാങ്ങി തിരികെ തരാന്‍ മറക്കുന്ന മറവിക്കാരിക്ക് ,ക്യാപ്പ് ഊരി പേന മാത്രം കയ്യില്‍ വെച്ചു കൊടുത്തു. ഉപയോഗം കഴിഞ്ഞപ്പോ പേന ക്യാപ് അന്വേഷിച്ചു താനേ ഇങ്ങ് എത്തി. എന്നിരുന്നാലും ഒരാള്‍ സ്ഥിരമായി ഉപയോഗിക്കുന്ന മഷിപ്പേന വേറെ ഒരാള്‍ക്കും ഇണങ്ങില്ല. ദീര്‍ഘനാളത്തെ ഉപയോഗം കൊണ്ടു എഴുത്തിന്റെ രീതി അനുസരിച്ചു, പേനക്കും വരും ഒരു മാറ്റം.


പേനയില്‍ ഇറുക്കി പിടിച്ചു എഴുതിയാല്‍ നടുവിരലിനും കിട്ടും ഒരു അടയാളം. കാലങ്ങളോളം നില്‍ക്കുന്ന ഒരു തഴമ്പ്.

പേനയില്‍ ചില വേന്ദ്രന്മാരും ഉണ്ടു. മേശപ്പുറത്തു കുടഞ്ഞ് മഷി മുഴുവനായി അകത്തേക്കു വലിക്കാനറിയുന്നവര്‍. എല്ലാ പേനക്കും ആ കഴിവുണ്ടോ ആവൊ?


ബിസ്മി പേനകളായിരുന്നു അന്ന് സാധാരണക്കാരന്റെ താരം.(ഇപ്പോളും ആ ബ്രാന്റ് നിലവിലുണ്ടോ ?)വാലറ്റം തരിച്ചാല്‍ മഷി ഉള്ളിലേക്കു കയറുന്ന പേനകളായിരുന്നു സ്കൂളില്‍, ഹീറോ പേനയുടെ വില്ലന്‍. ഇപ്പോള്‍ ഹിന്ദയിലെ പ്രമുഖ താരം ബ്രാന്റ് അംബാസഡറായി പ്രത്യക്ഷപ്പെടുന്ന കയ്യൊപ്പുള്ള പേനകള്‍ വരെ എവിടെയും സുലഭം.

എന്നിരുന്നാലും എനിക്കു എന്നും പ്രിയപ്പട്ടത് , തൊപ്പി വെച്ച എന്റെ ആദ്യത്തെ പേന തന്നെ.