Wednesday

ചില ചൂളമടികള്‍

നന്നായി ചൂളമടിക്കാന്‍ ഒരു പ്രത്യേക കഴിവ് തന്നെ വേണം

ഓര്‍മ്മയില്‍ ഏറ്റവും നന്നായി ചൂളം കുത്തിയിരുന്നത് വീട്ടിലെ റബ്ബറ് വെട്ടുകാരന്‍  മോഹനന്‍ ആയിരുന്നു . പറമ്പിന്റെ ഏതോ ഒരു കോണില്‍ നിന്ന് കാറ്റിലൂടെ ഒഴുകി വരുന്ന ചൂളം വിളി. ചൂളം അടിച്ചു പാടുന്നത് അന്നത്തെ ഹിറ്റ് മലയാളം പാട്ടുകള്‍ ആയിരുന്നു . ഇടക്കെപ്പോഴോ എനിക്കറിയാത്ത ഈണവും കേട്ടിരുന്നു ഹിന്ദിയോ തമിഴോ ആകണം അത്. അടുക്കളയുടെ  ചവിട്ടു പടിയില്‍ കാപ്പി കുടിച്ച്ചിരിക്കുംപോ വെറുതെ കാതോര്‍ക്കും . ചൂളം കുത്ത് അടുത്തടുത്ത് വരുമ്പോ അമ്മ പറയും "മോഹനന്‍ എത്താറായി . ഒരു ചായ കൊടുക്കാം ".

ചൂളമടിയെ വെറുത്ത ഒരു കാലം കൌമാരത്തിന്റെ ആയിരുന്നു . കൂട്ട് കൂടിയോ അല്ലാതെയോ നടന്നു പോവുമ്പോ പൂവാലന്റെ ചൂളം കുത്തല്‍ ഒട്ടും രസം തോന്നിയിട്ടേ ഇല്ല . തണ്ടും തടിയും ഉള്ള ആങ്ങളമാര്‍ കൂടെ കാണുമ്പോ ഇവന്മാരുടെ ചൂളം മൃതിയടഞ്ഞിട്ടുണ്ടാവും.

കോളേജു  കാലത്താണ് ചൂളമടിയെ പറ്റി ഏറ്റവും രസിപ്പിക്കും ഓര്‍മ്മകള്‍ ഉള്ളത് . കൂട്ടുകാരുടെ ഇടയില്‍
ഒരാള്‍  അബദ്ധത്തില്‍ ചാടിയാല്‍ ഇരട്ട ചൂളം,
പൊട്ടത്തരം വിളമ്പിയാല്‍, ചമ്മിയാല്‍  അവരോഹണത്തില്‍ ഒന്ന് ,
ഒരാള്‍ക്കിട്ടു പണി കൊടുത്താല്‍ ആരോഹണത്തില്‍ ചൂളം,
അത്  പാളിയാല്‍ ഇതൊന്നുമല്ലാത്ത താളത്തില്‍
ചൂളമടിയിലൂടെ  അത് പ്രകടമാക്കുന്ന   രസികന്മാര്‍ ഉണ്ടായിരുന്നു അക്കാലത്ത്.

ചില വിരുതന്മാര്‍ സാറന്മാരെയും വെറുതെ വിടില്ലായിരുന്നു
ചോദ്യം ചോദിച്ചു ഉത്തരം അറിയാതെ എഴുന്നേറ്റു നിക്കുമ്പോ ഒരു ബാക്ക്ഗ്രൌണ്ടായി മെല്ലെ ഒരു ചൂളം . ഉത്തരം പറഞ്ഞു ഇരുന്നാല്‍ അതിനും ഒരു താളം.

അടുത്ത ക്ലാസിലെ അമിതാഭ് മിശ്രക്ക്‌ ക്ലാസിലെ ദേവിയ കാണുമ്പോ നാല് കൊല്ലവും ഒരേ ചൂളം .

ലേഡീസ് ഹോസ്റ്റലില്‍ സംഗീത അഗര്‍വാള്‍, അവളായിരുന്നു ഉറക്കെ ചൂളം കുത്തിയിരുനത്.
എപ്പോഴും ഉറകെ സംസാരിക്കുന്ന അവള്‍ ചൂളം കുത്താന്‍ പഠിച്ചത് നന്നായി എന്ന് ഞങ്ങള്‍ക്കും തോന്നിയിരുന്നു.

ചൂളമടി അബദ്ധത്തില്‍ കൊണ്ട് ചാടിച്ച അവസരവും ഓര്‍മ്മയിലുണ്ട് . ഇടനാഴിയിലൂടെ കവിതയെ ചൂളമടിച്ച കൂട്ടുകാരനെ , കണക്കു ഡിപ്പാര്‍ട്ട് മെന്റിലെ ശ്രീധരന്‍ മാഷ്‌ ഒരു ദിവസം മുഴുവന്‍ ഡിപ്പാര്‍ട്ട് മെന്റിന് കാവല്‍ നിര്‍ത്തി "എന്നാ നീ  ഇവിടെ നിന്ന് ചൂളമടി" എന്നും പറഞ്ഞ്.

രാത്രിയില്‍ ചൂളമടിക്കാന്‍ വീട്ടില്‍ സമ്മതിച്ചിരുന്നില്ല
എത്ര ശ്രമിച്ചിട്ടും എനിക്ക് അതൊന്നു പഠിചെടുക്കാനും പറ്റിയില്ല
നന്നായി ചൂളം അടിക്കുക ആണുങ്ങളുടെ കുത്തക  തന്നെ.

അല്ല ആരാ അവിടെ ചൂളമടി പ്രാക്ടീസ് ചെയ്യുന്നേ ?
എന്റെ മോനല്ലേ !